ADVERTISEMENT

രാജ്യത്ത് ബാങ്കിങ് ഇടപാടുകളുടെ പരമ്പരാഗത മുഖം മാറ്റിമറിച്ച ഫിനോ പേമെന്റ്സ് ബാങ്ക് പ്രവർത്തനം വിപുലമാക്കുന്നു. ഇതിന്റെ ഭാഗമായി 2023 മാർച്ചോടു കൂടി സംസ്ഥാനത്ത് 3000 പുതിയ മർച്ചന്റുമാരെ ഏർപ്പടുത്തുമെന്ന് ഫിനോ പേമെന്റ്സ് ബാങ്കിന്റെ സീനിയർ ഡിവിഷണൽ മേധാവി ഹിമാന്‍ഷു മിശ്ര പറഞ്ഞു. നിലവിലിപ്പോൾ 5000 ബാങ്കിങ് സേവന പോയിന്റുകളുള്ളതിനൊപ്പം പ്രതിമാസം 300 എണ്ണം വീതം കൂട്ടിച്ചേർക്കാനാണുദ്ദേശിക്കുന്നത്. 'എല്ലാ തെരുവുകളിലും ഫിനോ' എന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ 1670 വില്ലേജുകളിലും സേവനം വ്യാപിപ്പിക്കും. ശാഖയില്ലാത്ത ബാങ്കിങ് സേവനമാണിതിന്റെ മുഖമുദ്ര. 

ശാഖയില്ലാത്ത ബാങ്കിങ്

സംസ്ഥാനതല ബാങ്കിങ് കമ്മിറ്റിയുടെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെയുള്ളത് 7622 ശാഖകളാണ്. ഇതിൽ ഗ്രാമങ്ങളിൽ 925 ശാഖകൾ മാത്രമാണുള്ളത്. ഈ പരിമിതി മറികടക്കാനും ഉൾപ്രദേശങ്ങളിൽ പോലും ബാങ്കിങ് സേവനമെത്തിക്കാനും ഇത്തരം ശാഖാരഹിത ബാങ്കിങ് സേവനങ്ങളിലൂടെ കഴിയുമെന്ന് ഹിമാന്‍ഷു മിശ്ര കൂട്ടിച്ചേർത്തു. എറണാകുളം,മലപ്പുറം, ഇടുക്കി, തൃശൂർ, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിലൊക്കെ ഫിനോ ബാങ്കിന് സജീവ സാന്നിധ്യമാണുള്ളത്.

എന്തൊക്കെ ഇടപാടുകൾ?

ഇടപാടുകാർക്ക് ഇത്തരം ചെറുഷോപ്പുകളിലുള്ള ബാങ്കിങ് പോയിന്റിലെത്തി പണം പിൻവലിക്കുന്നതും പാസ്ബുക്ക് പതിപ്പിക്കുന്നതുമുൾപ്പടെയുള്ള സേവനങ്ങൾ തേടാം.  മൈക്രോ എടിഎം സൗകര്യവും ആധാർ അധിഷ്ഠിത പേമെന്റ് രീതിയുമാണ് ബാങ്കിംങ് പോയിന്റാകാൻ സഹായിക്കുന്നത്.

∙തൽക്ഷണം ഡെബിറ്റ് കാർഡ് ലഭിക്കും. 

∙ഫിനോ അക്കൗണ്ട് തുറക്കാം.

∙പണം നിക്ഷേപിക്കാം, പിൻവലിക്കാം, കൈമാറ്റം ചെയ്യാം, ബിൽപേമെന്റ് നടത്താം.

∙ലൈഫ് ഇൻഷുറൻസ് ഉൾപ്പടെ പലതരം ഇന്‍ഷുറൻസ് ഉൽപ്പന്നങ്ങൾ ലഭ്യമാകും

ആർക്കൊക്കെ ബാങ്കിങ് പോയിന്റാകാം?

തൊട്ടടുത്തുള്ള പലചരക്ക് കടകളും, മൊബൈൽ ഷോപ്പുകളും ഫോട്ടോ കോപ്പി, സ്റ്റേഷനറി ഷോപ്പുകളുമൊക്കെയാണ് ഫിനോയുടെ ബാങ്കിങ് പോയിന്റുകളായി പ്രവർത്തിക്കുന്നത്. ഇവരുടെ മുന്‍നിര പങ്കാളിയായ ഭാരത് പെട്രോളിയത്തിന്റെ 330ലേറെ ഔട്ട് ലെറ്റുകൾ ഇത്തരത്തിൽ ബാങ്കിങ് പോയിന്റായി പ്രവർത്തിക്കുന്നുവെന്ന് സൗത്ത് സോണൽ മേധാവി മുഹമ്മദ് ഇനായത്തുള്ള അറിയിച്ചു.

ബാങ്കിങ് പോയിന്റുകൾക്ക് ബാങ്കിന്റെ കമിഷൻ ഇനത്തിൽ അധിക വരുമാനത്തിനും അവസരമുണ്ട്. ഇത്തരത്തിൽ ചെറു ഷോപ്പുകൾ ഉള്ളവർക്ക് ഫിനോപേമെന്റ്സ് ബാങ്കിന്റെ മർച്ചന്റാകാം.

English Summary : Fino Payments Bank Expanding Operations in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com