രൂപ എന്തുകൊണ്ട് സമ്മർദത്തിലാകുന്നു? ഈ പിരിമുറുക്കങ്ങൾ രൂപയെ തളർത്തുമോ?

HIGHLIGHTS
  • ഒൻപതു മാസത്തെ ഇറക്കുമതിക്കാവശ്യമായ വിദേശനാണയ കരുതലുണ്ടെന്നത് ആശ്വാസകരമാണ്
rupee (8)
SHARE

സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും ഒരുപോലെ ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് രൂപയുടെ മൂല്യശോഷണം. അമേരിക്കൻ ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയനിരക്ക് നിരന്തരം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. അതിന്റെ കാരണങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് എന്താണു വിനിമയനിരക്കെന്നും ഇന്ത്യയിൽ എങ്ങനെയാണ് വിനിമയനിരക്കു നിശ്ചയിക്കുന്നതെന്നും നോക്കാം. 

എന്താണു വിനിമയനിരക്ക്?

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ നാണയവുമായി ഏതു നിരക്കിലാണു വിനിമയം ചെയ്യപ്പെടുന്നത് ആ നിരക്കിനെയാണു വിനിമയനിരക്കെന്നു പറയുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു നാണയത്തിന്റെ വില മറ്റൊരു നാണയത്തിൽ പ്രകടിപ്പിക്കുന്നതാണു വിനിമയനിരക്ക്. വിദേശനാണയത്തിന്റെ ഒരു യൂണിറ്റ് ലഭിക്കാൻ ആഭ്യന്തരനാണയത്തിന്റെ എത്ര യൂണിറ്റ് നൽകണമെന്നതാണ് വിനിമയനിരക്കുകൊണ്ട് സാധാരണ അർത്ഥമാക്കുന്നത്. 

ഇന്ത്യയിൽ വിനിമയനിരക്ക് തീരുമാനിക്കുന്നതെങ്ങനെ? 

വിദേശനാണയ വിനിമയ കമ്പോളത്തില്‍ വിവിധ കറൻസികളുടെ മൂല്യം നിശ്ചയിക്കുന്നത് അവയുടെ ആവശ്യകതയും ലഭ്യതയുമാണ്. ഇന്ത്യയിൽ ഡോളറിന്റെ ആവശ്യം ഉയരുകയും ലഭ്യത മാറ്റമില്ലാതെ നിൽക്കുകയോ കുറയുകയോ ചെയ്യുമ്പോൾ ഡോളറിന്റെ വിനിമയനിരക്ക് രൂപയ്ക്കെതിരെ ഉയരുകയും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നു. നേരെ മറിച്ച് ഡോളറിന്റെ ലഭ്യത കൂടുകയും അതിന്റെ ഡിമാൻഡ് മാറ്റമില്ലാതെ നിൽക്കുകയോ കുറയുകയോ െചയ്യുമ്പോൾ ഡോളറിന്റെ വിനിമയനിരക്കു താഴുകയും മൂല്യം ഇടിയുകയും ചെയ്യുന്നു. അതേസമയം ഇന്ത്യൻ രൂപയുടെ വിനിമയനിരക്കും മൂല്യവും കൂടുന്നു.  ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപം ഗണ്യമായി കൂടുമ്പോൾ രൂപയുടെ മൂല്യവും ഉയരുന്നു. 

എന്നാൽ, വിനിമയനിരക്കിൽ വലിയ ചാഞ്ചാട്ടമുണ്ടാകുമ്പോൾ ആർബിഐ കമ്പോളത്തിൽ ഇടപെട്ട് ചാഞ്ചാട്ടത്തിൽ കുറവു വരുത്താൻ ശ്രമിക്കുന്നു. സമീപകാലത്ത് ആർബിഐ നിരന്തരം ഇടപെട്ട് രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ ശ്രമിക്കുന്നത് പലതവണ നമ്മൾ കണ്ടതാണ്. 

indian-rupee-down

രൂപയെ സമ്മർദത്തിലാക്കുന്ന ഘടകങ്ങൾ

വലിയ പഠനങ്ങളൊന്നും നടത്താതെതന്നെ പറയാൻ കഴിയും ഇന്ത്യൻരൂപ സമ്മർദത്തിലാണെന്ന്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻരൂപയുടെ മൂല്യം ഡോളറിനെതിരെ പതിനൊന്നു ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. ഡോളറിനെതിരെ രൂപ 82 പിന്നിട്ടിരിക്കുന്നു. ഒരു വർഷത്തിനുള്ളിൽ ഇന്ത്യയുടെ വിദേശവിനിമയ ശേഖരത്തിൽ 109.793 ബില്യൺ ഡോളറിന്റെ കുറവു വന്നിട്ടുണ്ട്. 

മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക്, കൂടിക്കൊണ്ടിരിക്കുന്ന വ്യാപാരക്കമ്മി, ഉയർന്ന ഇറക്കുമതിച്ചെലവ്, വർധിച്ചുകൊണ്ടിരിക്കുന്ന കറന്റ് അക്കൗണ്ടിലെ കമ്മി (സിഎഡി), കുറയുന്ന കയറ്റുമതി തുടങ്ങിയവയെല്ലാം രൂപയെ സമ്മർദത്തിലാക്കുന്ന ഘടകങ്ങളാണ്. അവ എങ്ങനെയെന്നു നോക്കാം.

മൂലധനത്തിന്റെ തിരിച്ചൊഴുക്ക്

അമേരിക്കൻ ഫെഡറൽ റിസർവ് പണപ്പെരുപ്പത്തെ വരുതിയിൽ കൊണ്ടുവരാനായി പലിശനിരക്കുകൾ ഉയർത്തിക്കൊണ്ടിരിക്കുന്നതും മറ്റു വികസിതരാജ്യങ്ങൾ കർശനമായ പണനയം പിന്തുടരുന്നതും കാരണം വിദേശ പോർട്ഫോളിയോ നിക്ഷേപകർ അപകടം മണക്കുന്ന ഇന്ത്യയടക്കമുള്ള  വളർന്നുവരുന്ന സമ്പദ്ഘടനകളിൽനിന്നു വൻതോതിൽ നിക്ഷേപം പിൻവലിച്ച് സുരക്ഷിത രാജ്യങ്ങളിലേക്കു കൊണ്ടുപോകുകയാണ്. 2022 സെപ്റ്റംബർ അവസാനത്തോടെ വിദേശ പോർട്ഫോളിയോ നിക്ഷേപകർ 1.68 ലക്ഷം കോടിരൂപയാണ് ഇന്ത്യൻ കമ്പോളത്തിൽനിന്നു പിൻവലിച്ചത്. ഇത് ഇന്ത്യയിൽ ഡോളറിന്റെ ആവശ്യം ഗണ്യമായി കൂട്ടുകയും രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കുകയും ചെയ്യുന്നു. 

കൂടുന്ന വ്യാപാരക്കമ്മി

യുക്രെയ്ൻ യുദ്ധം ആരംഭിച്ചതുമുതലുള്ള രൂപയുടെ മൂല്യശോഷണവും അസംസ്കൃത എണ്ണ, കൽക്കരി, രാസപദാർഥങ്ങൾ എന്നിവയുടെ വിലകൾ രാജ്യാന്തര വിപണിയിൽ ഉയരുന്നതും ഇറക്കുമതി കൂടുതൽ‍ ചെലവേറിയതാക്കിയിട്ടുണ്ട്. ഇതു വ്യാപാരക്കമ്മി കൂട്ടി. ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച് നടപ്പു സാമ്പത്തികവർഷം ഏപ്രി‍ൽ–സെപ്റ്റംബർ കാലത്ത് കയറ്റുമതി 15.54 % ഉയർന്ന് 229.05 ബില്യൺ ഡോളറിലെത്തിയപ്പോൾ ഇറക്കുമതി 37.89 % ഉയർന്ന് 378.53 ബില്യൺ ഡോളറായിരിക്കുന്നു. ഇക്കാലത്തെ വ്യാപാരക്കമ്മി 149.47 ബില്യൺ ഡോളറാണ്. 2021 ഇതേ കാലത്ത് വ്യാപാരക്കമ്മി 76.25 ബില്യൺ ഡോളർ മാത്രമായിരുന്നു. 96 % അധികം കമ്മിയാണ് ഇപ്പോൾ കാണിക്കുന്നത്. ഉയരുന്ന വ്യാപാരക്കമ്മി ഡോളറിന്റെ ആവശ്യം കൂട്ടുകയും രൂപയുടെ മൂല്യം കുറയ്ക്കുകയും ചെയ്യുന്നു. 

കറന്റ് അക്കൗണ്ടിലെ കമ്മി (CAD)യും ഉയരുന്നു

വർധിച്ചു വരുന്ന വ്യാപാരക്കമ്മി കാരണം സിഎഡിയും ഉയർന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ അടവുശിഷ്ടനിലയുടെ ഒരു പ്രധാന സൂചകമായ സിഎഡി നടപ്പു സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ ജിഡിപിയുടെ 2.8 ശതമാനമാണ്. ഇത് 23.9 ബില്യൺ ഡോളർ വരും. 2022 ജനുവരി–മാർച്ച് കാലത്ത് സിഎഡി, ജിഡിപിയുടെ 1.5 ശതമാനമായിരുന്നു. നടപ്പു സാമ്പത്തികവർഷം അവസാനിക്കുമ്പോൾ സിഎഡി, ജിഡിപിയുടെ 3.8 ശതമാനംവരെ എത്താമെന്നാണു വിദഗ്ധർ പറയുന്നത്. സിഎഡി വർധിക്കുമ്പോൾ രാജ്യത്തിന് അതിന്റെ വിദേശ ഇടപാടുകൾ തീർക്കുന്നതിനു കൂടുതൽ ഡോളർ ആവശ്യമായി വരുന്നു. ഡോളറിന്റെ ആവശ്യം കൂടുമ്പോൾ അതിന്റെ ചെലവും കൂടുന്നു. അത് രൂപയെ ദുർബലപ്പെടുത്തുന്നു.

കുറയുന്ന കയറ്റുമതി

രൂപ ക്ഷയിക്കുമ്പോൾ‌ യഥാർഥത്തിൽ കയറ്റുമതി കൂടേണ്ടതാണ്. എന്നാൽ, ഇപ്പോൾ മൂല്യശോഷണം കയറ്റുമതിക്ക് ഊർജം നൽകുന്നില്ല. ഇതിന്റെ മുഖ്യകാരണം ലോകത്തെ ഒട്ടുമിക്ക കറൻസികളും ഡോളറിനെതിരെ രൂപയെക്കാൾ വേഗത്തിൽ മൂല്യശോഷണം നേരിടുന്നുവെന്നതാണ്. കയറ്റുമതി ആഗോള ചോദനത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആഗോളചോദനത്തിൽ ഇന്നു വലിയ ഇടിവുണ്ടായിരിക്കുന്നു. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ജപ്പാൻ തുടങ്ങിയ സാമ്പത്തിക ശക്തികൾ മാന്ദ്യത്തിലേക്കു നീങ്ങുന്നുവെന്നാണു പറയപ്പെടുന്നത്. 2022 സെപ്റ്റംബർ മാസത്തിൽ ഇന്ത്യയുടെ കയറ്റുമതി 32.62 ബില്യൺ ഡോളറിന്റേതായിരുന്നു. ഇതു തലേ വർഷത്തെക്കാൾ 3.52% കുറവാണ്. ഇതും രൂപയെ ബലപ്പെടുത്തുന്നതിനാണു സഹായിക്കുക. 

ചെലവേറുന്ന ഇറക്കുമതി

രൂപയുടെ മൂല്യശോഷണം നമ്മുടെ ഇറക്കുമതിയെ കൂടുതൽ ചെലവേറിയതാക്കുന്നു. ഇന്ത്യയുടെ മൊത്തം ഇറക്കുമതി ബില്ലിന്റെ 50  ശതമാനവും അസംസ്കൃത എണ്ണ, കൽക്കരി, രാസവസ്തുക്കൾ, സ്വർണം എന്നിവയിലൂടെ ഇറക്കുമതിക്കാണു വിനിയോഗിക്കുന്നത്. ഇവയുടെ വില ഉയരുമ്പോഴും ചോദനത്തിൽ വലിയ മാറ്റമൊന്നും ഉണ്ടാവില്ല. അതിനാൽ ഇറക്കുമതിച്ചെലവ് ഉയരും. അതു ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്കു കൂട്ടുകയും രൂപയെ വീണ്ടും ദുർബലപ്പെടുത്തുകയും ചെയ്യുന്നു. 

ആർബിഐയുടെ ഇടപെടൽ

രൂപയുടെ മൂല്യശോഷണം തടയാൻ ആർബിഐ വിനിമയ കമ്പോളത്തിൽ ഇടപെടാറുണ്ട്. പലപ്പോഴും കരുതൽ ശേഖരത്തിൽനിന്നു ഡോളർ ഇറക്കി രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ ശ്രമിക്കാറുണ്ട്. 2021 സെപ്റ്റംബർ 8 ന് അവസാനിച്ച ആഴ്ചയില്‌ ഇന്ത്യയുടെ വിദേശ വിനിമയ കരുതൽശേഖരം 642.453 ബില്യൺ ഡോളറെന്ന സർവകാല റെക്കോർഡിലായിരുന്നു. എന്നാൽ, 2022 സെപ്റ്റംബർ 30 അവസാനിച്ച ആഴ്ചയിൽ അത് 532.66 ബില്യൺ ഡോളറായി കുറഞ്ഞിരിക്കുന്നു. 17 ശതമാനത്തോളം വരുന്ന 109.793 ബില്യൺ ഡോളറിന്റ ഇടിവ്. 2020 ജൂലൈയ്ക്കു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. വിദേശ വിനിമയ ശേഖരത്തിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ അതിന്റെ ശേഖരത്തിലെ ഒരു ഭാഗം ഉപയോഗപ്പെടുത്തി രൂപയെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു പരിധിക്കപ്പുറം ഇടപെടാൻ ആർബിഐയ്ക്കു കഴിഞ്ഞെന്നു വരില്ല. ഇപ്പോഴും നമ്മുടെ കൈവശം ഒൻപതു മാസത്തെ ഇറക്കുമതിക്കാവശ്യമായ വിദേശനാണയ കരുതൽശേഖരമുണ്ടെന്നത് ആശ്വാസകരമാണ്. 

ഇതുകൂടാതെ രാജ്യത്തേക്കുള്ള വിദേശനാണയ ഒഴുക്ക് സുഗമമാക്കാൻ ചട്ടങ്ങളിൽ ഇളവുമായി ജൂലൈ ആദ്യവാരം ആർബിഐ രംഗത്തുവന്നു. വിദേശ വാണിജ്യ കടമെടുപ്പു പരിധി ഇരട്ടിയാക്കിയും കടപ്പത്ര വിപണിയിൽ വിദേശനിക്ഷേപം എളുപ്പമാക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് ആർബിഐ സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചു തീരുമാനങ്ങൾ കേന്ദ്രബാങ്ക് കൈക്കൊണ്ടു. എന്നാൽ, അതൊന്നും പ്രതീക്ഷിച്ച ഫലം ചെയ്തില്ലെന്നു വേണം കരുതാൻ.  

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും അമേരിക്കയടക്കമുള്ള സാമ്പത്തികശക്തികൾ പലിശനിരക്ക് ഉയർത്തുന്നതും പോർട്ഫോളിയോ നിക്ഷേപം പിൻവലിക്കപ്പെടുന്നതും ആഗോളമാന്ദ്യത്തിന്റെ സാധ്യതകളുമെല്ലാം ഇന്ത്യൻരൂപയെ സമ്മർദത്തിലാക്കുക തന്നെയാണു ചെയ്യുന്നത്. 

ലേഖകൻ സാമ്പത്തിക വിദഗ്ധനാണ്

English Summary : Reasons for Indian Rupees Devaluation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS