ADVERTISEMENT

വലിയ മാറ്റങ്ങളാണ് ഓൺലൈൻ ബാങ്കിങ്ങിൽ അടുത്തകാലത്ത് വന്നത്. ലളിതം, സൗകര്യപ്രദം, വേഗത എന്നിവയൊക്കെ അവയിൽ ചിലതു മാത്രം. ഒരു വശത്തു ഇടപാടുകാർക്ക് ബാങ്കിങ് സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമായി. മറുവശത്തു ബാങ്കുകൾ നൂതന സാങ്കേതിക വിദ്യയുടെ സാധ്യതകൾ ആവോളം ഉപയോഗപ്പെടുത്തുന്നു.  ഇടപാടുകാർക്ക്  സമയവും ചെലവും ലാഭിക്കാം. ജീവനക്കാരുടെ സഹായമില്ലാതെ സ്വയം ഇടപാട് നടത്താം. മാറുന്ന കാലത്തിനും ശീലത്തിനും അഭിലാഷങ്ങൾക്കും അനുസരിച്ചു  സേവനങ്ങൾ രൂപപ്പെടുത്തുന്നതിൽ ഡിജിറ്റൽ മുന്നേറ്റങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. 

ഡിജിറ്റലിന്റെ ലാഭം ഇടപാടുകാർക്കും നൽകണം   

cash-in-hand1

ഡിജിറ്റൽ ബാങ്കിങ്ങിൽ  ഇടപാടുകൾ കസ്റ്റമർ സ്വയമാണ് ചെയ്യുന്നത്. ഇത് ബാങ്കുകളുടെ പ്രവർത്തന ചെലവ് ഗണ്യമായി കുറക്കുന്നു. എന്നാൽ ഇതിന്റെ ആനുകൂല്യം ഇടപാടുകാര്‍ക്ക് പകുത്തു നൽകുന്നില്ല. അതിനു ബാങ്കുകൾ തയ്യാറാകുന്നില്ല. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ മാത്രം  ഇടപാടു നടത്തുന്നവർക്ക്  നിക്ഷേപത്തിന് കൂടുതൽ പലിശ നൽകാം, വായ്പയ്ക്ക്  കുറഞ്ഞ പലിശ നിശ്ചയിക്കാം, സേവനങ്ങളുടെ ഫീസിൽ ഇളവ് നൽകാം. ഇതുവഴി ഡിജിറ്റൽ ബാങ്കിങ് മാത്രം ചെയ്യുന്നവരെ കൂടുതൽ തൃപ്‌തരാക്കാം. കൂടുതൽ പേരെ ഡിജിറ്റൽ   പ്ലാറ്റുഫോമിലേക്കു ആകർഷിക്കാം. 

financial-fraud-2-

ഡിജിറ്റൽ ബാങ്കിങ്ങിൽ  മുന്നിൽ നിൽക്കുന്ന ചില ബാങ്കുകൾ, പ്രധാനമായും സ്വകാര്യ ബാങ്കുകൾ, ഫിൻടെക്കുകളുമായി സഹകരിച്ചും നിയോ ബാങ്കിങ് (Neo Banking) സേവനങ്ങൾ നൽകുന്നുണ്ട്. ലക്‌ഷ്യം  പൂർണമായ ഡിജിറ്റൽ ബാങ്കിങ് തന്നെ. ബാങ്കിനുള്ളിലെ  ബാങ്കാണ്  നിയോ ബാങ്കിങ് എന്നു പറയാം. ഇവിടെ  ഇടപാടുകാർ, മിക്കതും യുവാക്കളാണ്. ഇവർ  ബാങ്കിൽ വരുന്നേയില്ല. അത് അവർ ഉദ്ദേശിക്കുന്നുമില്ല. എങ്കിലും പ്രത്യക്ഷമായ ഒരു ബാങ്കിങ് സ്ഥാപനം ഉണ്ട് എന്നത് നിയോ ബാങ്കിങ് ഇടപാടുകാർക്ക് അധിക വിശ്വാസവും ഉറപ്പും നൽകുന്നു.

ഡിജിറ്റൽ ബാങ്കിങ് ഇടപാടുകൾ ഏറെ സുഗമവും വേഗതയുള്ളതുമാക്കുന്നുവെങ്കിലും അതിന്റെ മറുവശം കൂടി  നാം കാണണം.  

അപ്രത്യക്ഷമാകുന്ന വ്യക്തിബന്ധം

ഏറ്റവും പ്രധാനപ്പെട്ടത് സേവനത്തിന്റെ കാതലായ വ്യക്തിബന്ധവും ഊഷ്മളതയും ഇല്ലാതാവുകയോ കുറഞ്ഞുപോകുകയോ ചെയ്യുന്നു.  ഓരോ സേവന അനുഭവവും വ്യത്യസ്തമാണെന്നും അത് വ്യക്തി ബന്ധത്തിന്റെ അനർഘ നിമിഷങ്ങളാണെന്നുമൊക്കെ  അപ്രസക്തമാകുന്നു. ഒരേ സമയം ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും അത് ഊഷ്മളമായ അനുഭവമാക്കി നൽകുവാൻ ഓൺലൈൻ സംവിധാനങ്ങൾക്ക് പരിമിതിയുണ്ട്. എന്തുണ്ട് വിശേഷം? എന്ന ലളിതമായ ചോദ്യം കൊണ്ടും സന്തോഷം പകരുന്ന ഒരു പുഞ്ചിരി കൊണ്ടും അരക്കിട്ടുറപ്പിക്കുന്ന ബന്ധം പതിയെ അപ്രത്യക്ഷമാകുന്നു.

fraud

എനിക്ക് മുഖമുണ്ട്, അത് എന്റെ ബാങ്ക് കാണണം

ഓരോ ഇടപാടുകാരനും വ്യത്യസ്തനാണ്. പേര് കൊണ്ടും മാത്രമല്ല അറിവുകൊണ്ടും ജോലികൊണ്ടും സാമ്പത്തിക ചുറ്റുപാടുകൾ കൊണ്ടും ആവശ്യങ്ങൾ കൊണ്ടും മറ്റനേകം വിധത്തിലും. എന്നാൽ ഡിജിറ്റൽ സേവനങ്ങളിൽ എല്ലാവരും  മുഖമില്ലാത്തവരാണ്. മുഖവും തനതായ സവിശേഷതകളുമുള്ള വ്യക്തിയായി തന്നെ അംഗീകരിക്കുമ്പോഴാണ് ഇടപാടുകാരൻ സ്ഥാപനത്തിന്റെ അംബാസിഡറാകുക. 

പ്രായമായവർ

bankaccount

പ്രായമായവർക്കും വിദ്യാഭ്യാസം കുറഞ്ഞവർക്കും ഡിജിറ്റൽ ബാങ്കിങ് പ്രയാസമാണ്. ഇവർ പലപ്പോഴും ശാഖകളിൽ പോയി ഇടപാടുകൾ നടത്താൻ ഇഷ്ടപ്പെടുന്നവരാണ്.  

ഇടപാടുകാരന്റെ ശബ്ദം (voice of the customer) ഏതു ബിസിനസിന്റേയും ഊർജമാണ്. അത് താല്പര്യപൂർവം കേൾക്കുകയും കാതലായ  സംവാദത്തിൽ  ഏർപ്പെടുകയും ചെയ്യുമ്പോൾ ഉത്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താൻ സ്ഥാപനത്തിന് കഴിയും. 

ഓൺലൈൻ തട്ടിപ്പുകൾ

financial-fraud2

ഡിജിറ്റൽ ഇടപാടുകളിലെ വലിയ വെല്ലുവിളിയാണ് തട്ടിപ്പുകൾ അല്ലെങ്കിൽ സൈബർ ഫ്രോഡുകൾ. ഇവ തടയാൻ ബാങ്കുകൾ നിരന്തരമായി പ്രയത്‌നിക്കുന്നുണ്ട്. നൂതനമായ സംവിധാനങ്ങൾ കൊണ്ട് ശക്തമായ സുരക്ഷാവലയങ്ങളാണ് തട്ടിപ്പു തടയാൻ ബാങ്കുകൾ സജ്ജമാക്കുന്നത്.

എങ്കിലും ഇവയെല്ലാം മറികടന്ന്  ഡിജിറ്റൽ ഇടപാടുകളിൽ  തട്ടിപ്പുകൾ നടക്കുന്നുണ്ട്. അതും ഫിഷിങ്, സോഷ്യൽ എഞ്ചിനീയറിങ് എന്നു തുടങ്ങി പല രീതികളിൽ. വിദഗ്ദ്ധ തന്ത്രങ്ങളിലൂടെ ഇടപാടുകാരിലെത്തി അവരുടെ ബാങ്കിങ് പാസ് വേർഡുകളും മറ്റും കൈക്കലാക്കിയും ഇടപാടുകാരെക്കൊണ്ട് തന്നെ  തട്ടിപ്പ് ആപ്പും വെബ് സൈറ്റുമെല്ലാം ഉപയോഗിപ്പിച്ചും തട്ടിപ്പുകൾ നടത്തുന്നു.  ഇടപാടുകാർ ഇവയെ കുറിച്ച് നല്ലവണ്ണം മനസ്സിലാക്കുകയും  തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുകയും വേണം.

തടസ്സമില്ലാത്ത ഇന്റർനെറ്റ് വേണം   

ഡിജിറ്റൽ ബാങ്കിങ് വഴി ഇടപാടു നടത്തുവാൻ നല്ല ഇന്റർനെറ്റ് സംവിധാനങ്ങൾ വേണം. പല സ്ഥലങ്ങളിലും പ്രത്യേകിച്ച് ഗ്രാമങ്ങളിൽ ഇപ്പോഴും  ഇതു  ലഭ്യമല്ല. പൊതുയിടങ്ങളിലെ ഇന്റർനെറ്റ് സംവിധാനങ്ങൾ  സുരക്ഷിതമല്ലാത്തതിനാൽ  അവ ബാങ്കിടപാടിനായി  ഉപയോഗിക്കരുത്.

കംപ്യൂട്ടറും ഫോണും

digi-transaction

കംപ്യൂട്ടർ, സ്മാർട്ട് ഫോണുകൾ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലേ ഡിജിറ്റൽ  ഇടപാടുകൾ നടത്തുവാൻ കഴിയൂ. എല്ലാവർക്കും  ഇവ  ഇപ്പോഴും ഇല്ല എന്നത് വസ്തുതയാണ്. അതുപോലെ ഈ ഇടപാടുകൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ  കമ്പ്യൂട്ടർ ശൃംഖലകളുടെ തടസ്സമില്ലാത്ത പ്രവർത്തനം വേണം. ഏതെങ്കിലും ഒരു സെർവർ ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ  ഇടപാട് പൂർണമാകില്ല. എടിഎം പണം നൽകില്ല. പണം മറ്റൊരാൾക്ക് അയക്കാൻ കഴിയില്ല.  മറ്റു ഇടപാടുകളും നടക്കില്ല.  അത്യാവശ്യ ഘട്ടങ്ങളിൽ ഇത് ഇടപാടുകാരെ ബുദ്ധിമുട്ടിലാക്കും.  

തെറ്റുകൾക്കു സാധ്യത

ബാങ്ക്  ജീവനക്കാർ  വിദ്യാഭ്യാസമുള്ളവരും പരിചയസമ്പന്നരും ആണ്. ഇടപാടുകൾ തെറ്റുകൂടാതെ ചെയ്യുവാനും  കഴിയും. എന്നാൽ ഇടപാടുകാർ തനിയെ ചെയ്യുമ്പോൾ തുകയും അക്കൗണ്ട് നമ്പറുമെല്ലാം തെറ്റിപ്പോകാം. അപ്പോൾ  തുക അർഹതയില്ലാത്ത അക്കൗണ്ടിലേക്കു പോകും. ഈ തുക തിരിച്ചു കിട്ടുക പ്രയാസമാണ്.

ഇടപാടുകാർ സ്ഥാപനത്തിന്റെ മുതൽക്കൂട്ട്

ഇടപാടുകാർ ഏതൊരു സ്ഥാപനത്തിന്റെയും മുതൽക്കൂട്ടാണ്. മുഖാമുഖമുള്ള ഇടപെടലുകൾ  ജീവനക്കാരും ഇടപാടുകാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും. പുതിയ സേവനങ്ങൾ  ഇടപാടുകാരിലേക്ക് എത്തിക്കുവാൻ ഇതിലും മെച്ചപ്പെട്ട മാർഗം വേറെയില്ല.  സന്തോഷവാനായ ഒരു ഇടപാടുകാരൻ ബാങ്കിന്റെ പ്രചാരകനായി മാറും. ഡിജിറ്റൽ ബാങ്കിങ്ങിൽ  ഇത്തരം സാധ്യതകൾ കുറയും.

ഡിജിറ്റൽ ചില സേവനങ്ങൾക്കു മാത്രം

digi-bank

ഡിജിറ്റൽ  ബാങ്കിങ്  ഏറെ മുന്നോട്ടു പോയെങ്കിലും ആ മുന്നേറ്റങ്ങൾ പ്രധാനമായും അക്കൗണ്ട് തുടങ്ങുക, പണം നിക്ഷേപിക്കുക, പിൻവലിക്കുക, മറ്റൊരു അക്കൗണ്ടിലേക്ക് പണം  അയക്കുക, ഓൺലൈൻ ഷോപ്പിങിന് പണം നൽകുക, ഫോൺ, വൈദ്യുതി ബില്ലുകളുടെ പേയ്മെന്റ് നടത്തുക, ടിക്കറ്റ് ബുക്കിങ്ങുകൾ നടത്തുക എന്നിവയിലാണ്. വായ്പകൾ, ചുരുക്കം ചില പേഴ്സണൽ ലോണുകൾ ഒഴിച്ചാൽ  ഇപ്പോഴും പൂർണമായി ഡിജിറ്റലായിട്ടില്ല. ഈടു നൽകുന്ന രീതികളിലെല്ലാം ഇപ്പോഴും പഴയ രീതികൾ തുടരുന്നു

ലേഖകൻ ബാങ്കിങ് - ധനകാര്യ വിദഗ്ദ്ധനാണ്

English Summary : Digital Banking is Facing these Challenges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com