ADVERTISEMENT

എത്ര മുന്നറിയിപ്പ് നൽകിയാലും ആപ്പിലൂടെ വായ്പയെടുത്ത് കുടുങ്ങുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുന്നു. കടുത്ത നിബന്ധനകള്‍, കൂടിയ പലിശ നിരക്ക് എന്നിവയൊന്നും തിരക്കിട്ട് വായ്പ തേടുന്നവര്‍ ശ്രദ്ധിക്കാറില്ല. ഇത്തരക്കാരെ ലക്ഷ്യം വെച്ചാണ് ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന ആപ്പുകളും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുമൊക്കെ മുളച്ചു പൊന്തുന്നത്. ഇനി അങ്ങോട്ടു ചെന്നില്ലെങ്കിലും വായ്പ വേണോയെന്ന് ചോദിച്ച് ഉപയോക്താക്കളെ ഫോണിലൂടെയോ ഓണ്‍ലൈനിലൂടെയോ സമീപിച്ചേക്കാം. 

ചൈനീസ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള അനധികൃത ലോണ്‍ ആപ്പുകള്‍ റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നിരീക്ഷണത്തിലാണ്. ഈ വര്‍ഷം ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ ഹോസ്റ്റ് ചെയ്ത 1,100 ആപ്പുകളില്‍ 600 ഓളം നിയമ വിരുദ്ധ ആപ്പുകളാണെന്ന് ആര്‍ബിഐ വര്‍ക്കിങ് ഗ്രൂപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ ഭീഷണിയെ തിരിച്ചറിയാനായി നിയമപരമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കാന്‍ ആര്‍ബിഐ തീരുമാനിച്ചിട്ടുണ്ട്. ശരിയായ ആപ്പുകള്‍ മാത്രമേ ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാകുകയുള്ളൂവെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഉറപ്പാക്കുകയും ചെയ്യും.

പതിയിരിക്കുന്ന അപകടം

ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന വായ്പയുടെ തിരിച്ചടവ് മുടങ്ങിയാല്‍ വലിയ പിഴയാണ് കൊടുക്കേണ്ടി വരിക. മുടങ്ങാതെ അടയ്ക്കാമെന്നു തീരുമാനിച്ചാലും ഉയര്‍ന്ന പലിശ നല്‍കണം. മാത്രമല്ല, തിരിച്ചടവ്് മുടങ്ങിയാല്‍ വലിയ തോതിലുള്ള ഉപദ്രവവും നേരിടേണ്ടി വരും. വായ്പ നല്‍കുന്ന ആപ്പുകളില്‍ പലതും കടം വാങ്ങുന്നവരുടെ ഫോണുകളില്‍ നിന്ന് കോണ്‍ടാക്റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങി പ്രധാനപ്പെട്ട വിവരങ്ങളെല്ലാം കവര്‍ന്നെടുക്കുന്നു. ഇവ ഉപയോഗിച്ചാണ് വായ്പയെടുത്തവരെ ബ്ലാക്ക് മെയില്‍ ചെയ്യുന്നത്. 

എളുപ്പമാണ്, കെണിയുമാണ്

കെണിയിലാക്കുന്ന വായ്പാ ആപ്പുകള്‍ പൊതുവില്‍ വളരെ കുറച്ച് ഡോക്യുമെന്റുകള്‍ മാത്രം ചോദിക്കുകയുള്ളൂ. മാത്രമല്ല, വായ്പയെടുക്കാനായി പരമാവധി പ്രലോഭിപ്പിക്കും. സാധാരണ വായ്പാ തിരിച്ചട/dക്കാനുള്ള ശേഷി നിര്‍ണ്ണയിക്കുന്നതിനും പലിശ നിരക്ക് തീരുമാനിക്കുന്നതിനും ഉപയോക്താവിന്റെ പേമെന്റ് ചരിത്രവും ക്രെഡിറ്റ് സ്‌കോറും പരിശോധിക്കാറുണ്ട്. ഇക്കാര്യങ്ങളൊന്നും പരിശോധിക്കുന്നില്ലെങ്കില്‍ ആപ്പിലൂടെ നടത്തുന്ന വായ്പാ തട്ടിപ്പ് എളുപ്പത്തില്‍ തിരിച്ചറിയാം. മുന്‍കൂറായി പേയ്‌മെന്റുകള്‍ ആവശ്യപ്പെടുന്ന ആപ്പുകളില്‍ നിന്നും ഒരു കാരണവശാലും വായ്പ എടുക്കരുത്. നിയമപരമായി പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ഒരിക്കലും അത്തരത്തില്‍ ചെയ്യുകയുമില്ല.

ഡിജിറ്റല്‍ വായ്പ എടുക്കുന്നതിന് മുമ്പേ ലോണ്‍ ആപ്പ് റിസര്‍വ് ബാങ്കില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് നിര്‍ബന്ധമായും പരിശോധിക്കണം. റജിസ്റ്റര്‍ ചെയ്തതും സുരക്ഷിതവുമായ വെബ്‌സൈറ്റും ഫിസിക്കല്‍ അഡ്രസും ഉണ്ടോയെന്ന് പരിശോധിക്കണം. ഇവയില്ലെങ്കില്‍ വഞ്ചിക്കപ്പെടും. 

മുന്‍കരുതല്‍ നടപടികള്‍

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുമുമ്പ് അതിന്റെ വിവരങ്ങള്‍ പരിശോധിക്കണം. ധനകാര്യ സ്ഥാപനവും വായ്പാ ആപ്പും തമ്മിലുള്ള പങ്കാളിത്തം പരിശോധിച്ച് ഉറപ്പിച്ച ശേഷമേ വായ്പയ്ക്ക് അപേക്ഷിക്കാവൂ. ആപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന കടം കൊടുക്കുന്നയാളുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇത് ചെയ്യാവുന്നതാണ്. വായ്പ വാങ്ങുന്നവര്‍ അവരുടെ ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ ആപ്പിനെ ഒരിക്കലും അനുവദിക്കരുത്. ഉപയോക്താക്കളില്‍ നിന്ന് ഡാറ്റ എക്‌സ്ട്രാക്റ്റുചെയ്യുന്നതിനാണ് തട്ടിപ്പുകാര്‍ ഈ അധിക അനുമതികള്‍ ഉപയോഗിക്കുന്നത്. മിക്കവാറും ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ വായ്പയെടുത്ത് കുടുങ്ങിയവരും റിക്കവറി ഏജന്റുമാരാല്‍ പീഡിപ്പിക്കപ്പെടുന്നവരും നിര്‍ബന്ധമായും പരാതി നല്‍കുക തന്നെ വേണം. അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ സെല്ലിലോ ആണ് പരാതി നല്‍കേണ്ടത്. ഒരു ലോണ്‍ ആപ്പിലേക്ക് അടച്ച പണം വീണ്ടെടുക്കുന്നതിന് സിവില്‍ അല്ലെങ്കില്‍ ഉപഭോക്തൃ കോടതികളിലൂടെ ദീര്‍ഘവും കഠിനവുമായ നടപടി ക്രമങ്ങള്‍ ആവശ്യമാണ്. ക്രിമിനല്‍ നടപടികളാണെങ്കിലും ദീര്‍ഘകാലം വേണ്ടി വന്നേക്കാം.

അടിയന്തര വായ്പ എവിടെ കിട്ടും

അക്കൗണ്ടുള്ള ബാങ്കില്‍ നിന്ന് വ്യക്തിഗത വായ്പ നേടാനോ സ്വർണ വായ്പ പോലുള്ള പലിശ നിരക്ക് കുറവുള്ള സുരക്ഷിതമായ വായ്പ നേടാനോ ശ്രമിക്കുകയാണ് ബുദ്ധി. വ്യക്തിഗത വായ്പകള്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കും. എച്ച് എഡി എഫ് സി പോലെയുള്ള ന്യൂ ജെന്‍ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് ക്യാഷ് ഓണ്‍ കോള്‍ എന്ന സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഈ വായ്പ ലഭിക്കാനായി ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ നിശ്ചിത തുക 24 മണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ എത്തുകയും ചെയ്യും. ഓരോ ക്രെഡിറ്റ് കാര്‍ഡിന്റയും ക്രെഡിറ്റ് പരിധി അനുസരിച്ച് ക്യാഷ് ഓണ്‍ കോളിലൂടെ ലഭിക്കുന്ന വായ്പയില്‍ വ്യത്യാസമുണ്ടാകും.

English Summary : Beware about Instant Loan App

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com