ഡിജിറ്റൽ കറൻസി - എളുപ്പമോ ഏടാകൂടമോ? കടലാസ് കറൻസിക്ക് പകരക്കാരനാകുമോ?

erupee1
SHARE

കടലാസ് കറൻസിയുടെ പ്രാധാന്യം ക്രമേണ കുറഞ്ഞു വരികയാണ്. പണം കൈമാറ്റത്തിന് ECS, RTGS, NEF, IMPS, CTS, NACH, UPI എന്നിവയെല്ലാം വന്നു. ഇനി ഡിജിറ്റൽ കറൻസിയിലേക്കു കടക്കുന്നു. നിലവിലുള്ള സാമ്പത്തിക സംവിധാനത്തിന് തടസമില്ലാതെയാണ് ഡിജിറ്റൽ കറൻസി കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. എങ്കിലും ഡിജിറ്റൽ കറൻസിയുടെ വരവ് നിലവിലുള്ള പണമിടപാട് രീതികളിൽ വലിയ മാറ്റം കൊണ്ടുവരും എന്ന കാര്യത്തിൽ തർക്കമില്ല. 

എന്താണ് ഡിജിറ്റൽ കറൻസി?

പണം കൈമാറ്റരംഗത്തു അഭിമാനാർഹമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇന്ത്യക്കു  കഴിഞ്ഞിട്ടുണ്ട്. നിലവിലുള്ള ഡിജിറ്റൽ ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ തീർച്ചയായും മികച്ചതാണ്. വലിയ ചെലവില്ലാതെ, ഏവർക്കും ചെയ്യാവുന്ന തരത്തിലാണ് അത് രൂപകൽപന ചെയ്തിട്ടുള്ളത്. ഈ രംഗത്തേക്ക് ഏറ്റവും പുതിയതായി റിസർവ് ബാങ്ക് കൊണ്ടുവരുന്ന ഇലക്ട്രോണിക് രൂപത്തിലുള്ള അല്ലെങ്കിൽ, ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC - ഡിജിറ്റൽ റുപ്പീ  e₹). 

ഇത് സാധാരണ കടലാസ് കറൻസി പോലെ വിനിമയം ചെയ്യാം. പണമിടപാടുകൾ നടത്താം. സൂക്ഷിച്ചുവെക്കാം. ഡിജിറ്റൽ കറൻസി വരുമ്പോൾ നിലവിലുള്ള ഒരു കാര്യത്തിനും മാറ്റമുണ്ടാവില്ല.  പണമിടപാടുകൾക്കു മറ്റു സംവിധാനങ്ങൾക്കൊപ്പം ഡിജിറ്റൽ കറൻസിയും ഉപയോഗിക്കാം എന്ന് മാത്രം.

ഏതു രൂപത്തിലായാലും ശരി പണത്തിനു പ്രധാനമായും മൂന്ന് കർത്തവ്യങ്ങളാണ് നിർവഹിക്കാനുള്ളത്. അത് ഒരു വിനിമയോപാധിയാണ്.  മൂല്യമെത്രയെന്നു അളക്കാനുള്ള ഏകാങ്കമാണ്.  ഭാവിയിലേക്ക് സൂക്ഷിച്ചു വെക്കാനുള്ള സ്വത്താണ്.  ഈ ഗുണങ്ങളെല്ലാം ഡിജിറ്റൽ കറൻസിക്കും ഉണ്ട്.  

erupee2

പ്രധാനമായും രണ്ടു വിധത്തിലുള്ള ഡിജിറ്റൽ കറൻസികളാണ് ഇപ്പോൾ ആലോചിക്കുന്നത്.  ഒന്ന്, സാധാരണ ജനങ്ങളുടെ പൊതുവായ ആവശ്യത്തിനുള്ളത്. ഡിജിറ്റൽ കറൻസി റീറ്റെയ്ൽ (CBDC-R).  മറ്റൊന്ന് തെരഞ്ഞെടുക്കപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളുടെ ആവശ്യത്തിനുള്ളത്.  ഡിജിറ്റൽ കറൻസി ഹോൾസെയിൽ (CBDC-W). ഡിജിറ്റൽ കറൻസി ഇറക്കുന്നതും അതിന്റെ നടത്തിപ്പും രണ്ടു രീതിയിലാണ് ഉദ്ദേശിക്കുന്നത്. റിസർവ് ബാങ്ക് നേരിട്ട് എല്ലാ കാര്യങ്ങളും ചെയ്യുന്നതും നോക്കുന്നതുമാണ് ഒരു രീതി ( Single Tier Model).  രണ്ടാമത്തേതിൽ റിസർവ് ബാങ്കിനോടൊപ്പം  മറ്റു ബാങ്കുകളും സേവന ദാതാക്കളും ചേരും (Two Tier Model).  ഇത്  ഏകദേശം ഇപ്പോൾ കടലാസ് കറൻസി കൈകാര്യം ചെയ്യുന്നതിന് സമമായിരിക്കും. 

സ്വീകാര്യതയും വിശ്വാസവും വരും  

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി ടോക്കൺ രൂപത്തിലോ അക്കൗണ്ട് രൂപത്തിലോ ആവും.  ടോക്കൺ രൂപത്തിലുള്ളത് ഇപ്പോൾ ഉപയോഗത്തിലിരിക്കുന്ന കറൻസികൾ പോലെ തന്നെ ആണ്.  ആരുടെ കൈയ്യിലാണോ ഇരിക്കുന്നത് അയാളായിരിക്കും അതിന്റെ ഉടമസ്ഥൻ. അത് ഒരാളുടെ കയ്യിൽ വരുമ്പോൾ തനിക്കു അവകാശപെട്ടതാണോ എന്നെല്ലാമുള്ള കാര്യങ്ങൾ ഇപ്പോൾ കടലാസ് കറൻസിയുടെ കാര്യത്തിലെന്നവണ്ണം അയാൾ തന്നെ നോക്കി ബോധ്യപ്പെട്ടാൽ മതി. 

അക്കൗണ്ട് രൂപത്തിലാണെങ്കിൽ അത് അക്കൗണ്ടിന്റെ ഉടമസ്ഥനല്ലാത്ത മറ്റൊരു സംവിധാനത്തിലൂടെ പരിശോധിച്ചു ബോധ്യപ്പെടണം.  അതിനാൽ ടോക്കൺ രൂപത്തിലുള്ളത് സാധാരണ ഉപയോഗത്തിനും (CBDC-R), അക്കൗണ്ട് രൂപത്തിലുള്ളത് ഹോൾസൈൽ (CBDC-W) ഉപയോഗത്തിനുമാവും  യോജിക്കുക. ഡിജിറ്റൽ കറൻസിയും കടലാസ് കറൻസിയെ പോലെ നിശ്ചിത തുകകളിൽ Rs 500, Rs 100, Rs 50 എന്നിങ്ങനെ തന്നെ ഇറക്കാനാണ് ധാരണ.  ഇത് ഡിജിറ്റൽ കറൻസിക്ക് പൊതുജനത്തിനിടയിൽ എളുപ്പം സ്വീകാര്യതയും വിശ്വാസവും ഉണ്ടാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

erupee5

ഡിജിറ്റൽ കറൻസി കൊണ്ട് എന്ത് ഗുണം?

കറൻസി പ്രിന്റ് ചെയ്തു വിതരണം ചെയ്യുന്നതിന്റെ ചെലവും ബദ്ധപ്പാടും കുറയ്ക്കാം എന്നതാണ് ഡിജിറ്റൽ കറൻസിയുടെ ഒരു ഗുണം. കാര്യക്ഷമത ഉറപ്പുവരുത്താനും രാജ്യാന്തര വ്യാപാരത്തിലടക്കം പണം കൈമാറ്റരീതികളിൽ പുതുമ കൊണ്ടുവരാനും ഡിജിറ്റൽ കറൻസിക്ക് കഴിയും. ക്രിപ്റ്റോ കറൻസികൾ നൽകുന്ന സൗകര്യങ്ങൾ, അവ കൊണ്ടുവരുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളും  അവയ്ക്കുള്ള അപകടസാധ്യതകളും  ഒഴിവാക്കി നൽകുവാൻ ഡിജിറ്റൽ കറൻസിക്ക് സാധിക്കും.  ഓൺലൈനിൽ മാത്രമല്ല ഓഫ്‌ലൈനിലും  ഉപയോഗിക്കാം എന്നതുകൊണ്ട്  മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്ത പ്രദേശങ്ങളിലെ ആളുകൾക്കും ഡിജിറ്റൽ കറൻസി സുഗമമായി കൈകാര്യം ചെയ്യാം.  ഇന്ത്യൻ സാഹചര്യത്തിൽ ഇത് ഏറെ പ്രസക്തമാണ്.

കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകളിൽ 55% വർദ്ധനവ് ഉണ്ടായിട്ടുണ്ട്.  ഡിജിറ്റൽ കറൻസി ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥക്ക് വലിയ കുതിപ്പു നൽകുമെന്ന് കരുതുന്നു.

പ്രധാന വെല്ലുവിളികൾ

erupee7

കടലാസ് കറൻസി ആരിൽ നിന്ന് ആരിലേക്കു കൈമാറി എന്ന് അറിയില്ല (anonymity). എന്നാൽ എല്ലാ ഡിജിറ്റൽ ഇടപാടുകളും ഒരു അടയാളം, രേഖ, ബാക്കിവെക്കും.  ആര്,  എപ്പോൾ,  എവിടെ വെച്ച്  എന്നെല്ലാം ഉള്ള വിവരങ്ങൾ ഓരോ ഡിജിറ്റൽ ഇടപാടുകളെക്കുറിച്ചും അറിയാം.  അതുകൊണ്ടു ഡിജിറ്റൽ കറൻസി ഉപയോഗിക്കുവാൻ ആളുകൾ മടിച്ചേക്കാം. കടലാസ് കറൻസിക്ക് ബദലായി ഡിജിറ്റൽ കറൻസി വരുമ്പോൾ അത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതായിരിക്കും. ഈ സാധ്യത മുന്നിൽ കണ്ട് ചെറിയ തുകക്കുള്ള ഇടപാടുകൾ കടലാസ്സു കറൻസിയുടേതുപോലെ വിവരങ്ങളൊന്നും ബാക്കിവെക്കാതെ നടത്തുവാനാണ് ആലോചിക്കുന്നത്.  ഈ ഇളവ് സാധാരണ ആളുകളുടെ ഇടപാടുകളിലാവും (CBDC-R) നൽകുക. 

ഡിജിറ്റൽ കറൻസി നിലവിലുള്ള ചില പ്രധാനപ്പെട്ട നയരേഖകളിലും സാമ്പത്തിക ക്രമത്തിലും മോണിറ്ററി പോളിസിയിലും വിപണികളിലും വായ്പയുടെ ലഭ്യതയിലും പലിശ നിരക്കിലും മറ്റും മാറ്റങ്ങൾ ഉണ്ടാക്കാം. ഇതും കേന്ദ്ര സർക്കാരും കേന്ദ്ര ബാങ്കും ഭാവനാപൂർണമായും അവധാനതയോടെയും കൈകാര്യം ചെയ്യേണ്ടതുണ്ട്.  ഡിജിറ്റൽ ഓൺലൈൻ പണമിടപാടുകൾ ഇപ്പോൾ നേരിടുന്ന സൈബർ തട്ടിപ്പുകൾ ഡിജിറ്റൽ കറൻസിയുടെ കാര്യത്തിലും ബാധകമാണ്.  അതിനാൽ ഇക്കാര്യത്തിലും ആവശ്യമായ ശ്രദ്ധയോടും സാങ്കേതികമികവോടും സുരക്ഷാസംവിധാനങ്ങളോടും കൂടിയായിരിക്കും ഡിജിറ്റൽ കറൻസി ഇറക്കുക.

ക്രിപ്റ്റോ കറൻസിക്ക് ബദലാണോ ഡിജിറ്റൽ കറൻസി?

കേന്ദ്ര ബാങ്കിന്റെ ഉത്തരവാദിത്തത്തിലും മേൽനോട്ടത്തിലും അച്ചടിച്ച് വിതരണം ചെയ്യുന്ന കറൻസിക്ക് പരമാധികാര രാജ്യത്തിന്റെ ഗാരന്റിയുണ്ട്.  അത് ഏതു രൂപത്തിലായാലും. അങ്ങനെയുള്ള കറൻസിക്ക് അന്തർലീനമായ ഒരു മൂല്യമുണ്ട്.  ആ മൂല്യം  രാജ്യത്തെ ഉൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു.  രാജ്യത്തിന്റെ സാമ്പത്തികാടിത്തറ മെച്ചപ്പെടുത്തി കൊണ്ട് മാത്രമേ കേന്ദ്ര ബാങ്കും കേന്ദ്ര സർക്കാരും കറൻസിയുടെ അച്ചടിയും വിതരണവും നടത്തൂ. കൂടാതെ, കറൻസി സംബന്ധിച്ച മുഴുവൻ കാര്യങ്ങളുടെയും അധികാരം റിസർവ് ബാങ്കിനാണ്. ക്രിപ്റ്റോ കറൻസി അങ്ങനെയല്ല. അതിനു അന്തർലീനമായ മൂല്യമില്ല.  അത് കേന്ദ്ര ബാങ്കിന്റെ നിയമങ്ങൾക്കോ നിയന്ത്രണങ്ങൾക്കോ വിധേയമല്ല. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ നിയതമായ സാമ്പത്തിക ആസൂത്രണവുമായി അതിനു ബന്ധമില്ല. 

ബാങ്കിങ് – ധനകാര്യ വിദഗ്ദ്ധനാണ് ലേഖകൻ

English Summary : Using Digital Currency is a Boon or Bane

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS