റിപ്പോ നിരക്ക് വർധന: റിസർവ് ബാങ്കിന്റെ മുന്നിലെ സാധ്യതകളിവയാണ്

HIGHLIGHTS
  • 50 ബേസിസ് പോയിന്റാണ് സെപ്റ്റംബറിൽ വർദ്ധിപ്പിച്ചത്
1248-reserve-bank-of-india
SHARE

രാജ്യാന്തര സാമ്പത്തിക രംഗം ഇപ്പോഴും അനിശ്ചിതത്തിൽ തന്നെയാണ്. വിലക്കയറ്റം ഉയർന്നു തന്നെ നില്കുന്നു. ആകെയുള്ള ഒരു ആശ്വാസം അവിടങ്ങളിൽ വിലക്കയറ്റത്തിന്റെ കുതിപ്പ് അല്പം കുറഞ്ഞുവെന്നതാണ്. അമേരിക്കൻ ഫെഡറൽ റിസർവ് നവംബറിൽ 75 ബേസിസ് പോയിന്റ് നിരക്ക് ഉയർത്തി വിലക്കയറ്റത്തെ മൂക്കുകയറിട്ട് പിടിച്ചുനിറുത്താനുള്ള ശ്രമത്തിലാണ്.  

ഇന്ത്യൻ സാഹചര്യം താരതമ്യേന മെച്ചപ്പെട്ടതാണ്  

സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ടു പുറത്തു വരുന്ന റിപ്പോർട്ടുകൾ ആശാവഹമാണ്. ആളുകൾ പൊതുവെ പ്രതീക്ഷയിലാണ്.  പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സാമ്പത്തിക ക്രയവിക്രയങ്ങളിൽ ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും ഉണർവ് വന്നിട്ടുണ്ട്. സേവന രംഗത്തെ വളർച്ച നിരക്ക് 9.30 ശതമാനത്തിൽ ഉയർന്നു തന്നെ നില്കുന്നു.  കാർഷിക വളർച്ച ഇപ്പോൾ 4.6 ശതമാനത്തിലായി. നിർമാണ മേഖലയും വളർച്ചയുടെ പാതയിലാണ്.  ഉൽപാദന മേഖല താഴെയാണ്. എന്നാലും സെപ്റ്റംബർ 30 വരെയുള്ള കണക്കനുസരിച്ചു മൊത്തം ആഭ്യന്തര ഉൽപാദനം 6.3 ശതമാനമായി ഉയർന്നു.  ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ഇത് 7 ശതമാനമായിരിക്കുമെന്നാണ് കരുതുന്നത്.  

വിലക്കയറ്റവും നിയന്ത്രണത്തിലാണ്

വിലക്കയറ്റവും നിയന്ത്രണത്തിലാണ്.  സെപ്റ്റംബർ മാസത്തിൽ അത് 7.41 ശതമായിരുന്നത്  ഒക്ടോബർ ആയപ്പോൾ 6.77 ശതമാനമായി കുറഞ്ഞു.  ഏഴു ശതമാനത്തിനു താഴെ എത്തിക്കണമെന്നായിരുന്നു പ്ലാൻ. അത് സാധിച്ചത് സാമ്പത്തിക രംഗത്ത് സ്ഥിരതയും അഭിവൃദ്ധിയും കൊണ്ടുവരാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് കേന്ദ്ര ബാങ്കിന് നൽകുന്നത്. അതുകൊണ്ടുതന്നെ വിലക്കയറ്റത്തോത് ഈ സാമ്പത്തിക വർഷം  അവസാനത്തിൽ ആറു ശതമാനത്തിൽ ഒതുക്കാൻ കഴിഞ്ഞില്ലെങ്കിലും 6.7 ശതമാനത്തിലെങ്കിലും പിടിച്ചുനിർത്താനാകുമെന്നാണ് പ്രതീക്ഷ. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ ഇത് 5.8 ശതമാനത്തിലും അടുത്ത ആദ്യപാദത്തിൽ 5 ശതമാനത്തിലും നിലനിർത്താൻ കഴിയുമെന്നും കരുതുന്നു.

മോണിറ്ററി പോളിസി കമ്മിറ്റിയുടെ ശക്തി

പ്രതീക്ഷക്ക് വക നൽകുന്ന ഈ കണക്കുകൾ ഈ മാസം 5 - 7 തീയതികളിൽ കൂടുന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ ശക്തിയായിരിക്കും.  അതിനാൽ കഴിഞ്ഞ തവണത്തെ പോലെ അത്രയും വലിയ വെല്ലുവിളികൾ കമ്മിറ്റിയുടെ മുമ്പിലില്ല.  50 ബേസിസ് പോയിന്റാണ് സെപ്റ്റംബറിൽ റീപോ വർദ്ധിപ്പിച്ചത്.  പണത്തിന്റെ ലഭ്യതയിൽ കുറവ് വരുത്തി പണപ്പെരുപ്പത്തിനു കടിഞ്ഞാണിടുക എന്നത് കഴിഞ്ഞ തവണത്തെ ആവശ്യമായിരുന്നു.  എന്നാൽ വിലക്കയറ്റ നിരക്ക് താഴേക്ക് വന്നതും സാമ്പത്തിക രംഗത്തു വന്നിരിക്കുന്ന ചെറിയ ഉണർവും ഫെഡറൽ റിസർവ് വരുത്തിയിരിക്കുന്ന 75 ബേസിസ് പോയിന്റ് വർദ്ധനയുടെ പശ്ചാത്തലത്തിലും മറിച്ചൊരു തീരുമാനമെടുക്കാൻ റിസർവ് ബാങ്കിന് കാരണമാകും.  അപ്പോഴും വിദേശ രാജ്യങ്ങളിൽ കെട്ടടങ്ങാത്ത യുദ്ധ സാഹചര്യങ്ങളും, രാജ്യാന്തര വാണിജ്യത്തിൽ തുടരുന്ന മാന്ദ്യവും, അമേരിക്കൻ ഡോളറിന്റെ മൂല്യവർദ്ധനവും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചുകൊണ്ടേയിരിക്കും എന്ന വസ്തുത കാണാതെ പോകാൻ കഴിയില്ല.

ഈ സാഹചര്യത്തിൽ റിപ്പോ നിരക്കിൽ കുറഞ്ഞത് 25 ബേസിസ് പോയിന്റ് വർദ്ധനവെങ്കിലും തീർച്ചയായും പ്രതീക്ഷിക്കാം.

English Summary : Why RBI Monetary Policy Meeting Become Important this Time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS