ADVERTISEMENT

ഫോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയ യുപിഐ ആപ്പുകളിലൂടെ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) പണം കൈമാറുമ്പോള്‍ പരാജയപ്പെട്ടാല്‍ എന്തു ചെയ്യും? പണം സ്വീകരിക്കുന്നയാളിന് കിട്ടാതെ വരികയും അയച്ചവരുടെ അക്കൗണ്ടില്‍ നിന്നും ആ തുക ഡെബിറ്റാവുകയും ചെയ്താല്‍ ആ പണം പിന്നീട് തിരിച്ചു കിട്ടുമോ? പണം നഷ്ടപ്പെട്ടെന്ന് കരുതി ടെന്‍ഷനടിക്കേണ്ട കാര്യമൊന്നുമില്ല. മിക്കവരും അതത് ആപ്പുകളിലൂടെ പരാതി നല്‍കി ആശങ്കയോടെ കാത്തിരിക്കുകയാണ് പതിവ്.

ഉത്തരവാദിത്തം ബാങ്കുകൾക്ക്

എന്നാല്‍ ഇത്തരത്തിലുള്ള സംഭവങ്ങളില്‍ ബാങ്കുകള്‍ക്കാണ് പൂര്‍ണ്ണ ഉത്തരവാദിത്വമെന്ന് അറിയാമോ? മാത്രമല്ല, നാലു ദിവസത്തിനകം കസ്റ്റമറുടെ അക്കൗണ്ടില്‍ ബാങ്ക് പണം  തിരികെ നിക്ഷേപിച്ചില്ലെങ്കില്‍ ഓരോ ദിവസവും 100 രൂപ വീതം നഷ്ടപരിഹാരവും ബാങ്ക് നല്‍കേണ്ടി വരും. സാധാരണയായി അക്കൗണ്ടിലേക്ക് പണം തിരികെ നിക്ഷേപിക്കാന്‍ മൂന്നു ദിവസമാണ് ബാങ്കുകള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. ഈ സമയപരിധി ഉള്‍പ്പെടെ 4 ദിവസം പിന്നിട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ട്.

റിസര്‍വ് ബാങ്ക് പറയുന്നത്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍ ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്. 2019 സെപ്റ്റംബര്‍ 20ന് പുറത്തിറക്കിയ ആര്‍.ബി.ഐ /2019-20/67 എന്ന സര്‍ക്കുലറിലാണ് നിശ്ചിത സമയത്തിനകം പണം തിരിച്ചു നല്‍കിയില്ലെങ്കില്‍ ഓരോ ദിവസവും 100 രൂപ നിരക്കില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യക്തമായി പറയുന്നത്. യുപിഐ ഇടപാടുകള്‍ക്ക് മാത്രമല്ല, എടിഎമ്മുകളില്‍ നിന്ന് പണം ലഭിക്കാതെ അക്കൗണ്ടില്‍ പണം ഡെബിറ്റാവുകയും ചെയ്താലും ഇതു തന്നൊണ് ചട്ടം. കാര്‍ഡുകളിലൂടെയുള്ള പണം കൈമാറ്റം, പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്), കാര്‍ഡ് ഉപയോഗിക്കാതെയുള്ള ഇ കൊമേഴ്‌സ് വില്‍പ്പന, ഇമ്മീഡിയറ്റ് പേയ്‌മെന്റ് സിസ്റ്റം (ഐഎംപിഎസ്)  തുടങ്ങി എട്ട് വിധത്തിലുള്ള പണം കൈമാറ്റത്തിന് റിസര്‍വ് ബാങ്കിന്റെ ഈ ചട്ടം ബാധകമാണ്.

erupee6

ടേണ്‍ ഏറൗണ്ട് ടൈം

വ്യക്തികള്‍ തമ്മില്‍ കൈമാറുമ്പോഴും കച്ചവട സ്ഥാപനങ്ങളില്‍ പണം നല്‍കുമ്പോഴുമൊക്കെ പണം കിട്ടാതെ വരികയും അയച്ചയാളിന്റെ  അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ സാധാരണമാണ്. 

വഴിയോരക്കടകളില്‍ പോലും യുപിഐ ക്യൂ ആര്‍ കോഡ് വഴി പണം  സ്വീകരിക്കുന്ന ഇക്കാലത്ത് ഇടപാടുകളും പരാതികളും സ്വാഭാവികമായും കൂടുതലുമാണ്. ഡിജിറ്റല്‍ പേയ്‌മെന്റിനെ പ്രോത്സാഹിപ്പിക്കുന്ന നയം പൊതുവേ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തുടരുന്നതിനാല്‍ ഇക്കാര്യത്തില്‍ യാതൊരു ആശങ്കയ്ക്കും സ്ഥാനമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പണം തിരിക നിക്ഷേപിക്കുന്നതിനായി ബാങ്കുകള്‍ക്ക് നിശ്ചിത സമയം ( ടേണ്‍ എറൗണ്ട് ടൈം) നല്‍കിയിട്ടുണ്ട്. ഈ സമയം പിന്നിട്ട് ഒരു ദിവസം കൂടി കഴിഞ്ഞിട്ടും ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം തിരിച്ചെത്തിയില്ലെങ്കില്‍ പിറ്റേന്ന് മുതല്‍ പണം തിരികെ നല്‍കുന്നത് വരെ ദിവസവും 100 രൂപ വീതം ഉപഭോക്താവിന് ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ചട്ടം.

നിശ്ചിത സമയത്തിനു ശേഷം നഷ്ടപരിഹാരം

കമ്മ്യൂണിക്കേഷന്‍ ലിങ്കുകളുടെ തടസ്സം, എടിഎമ്മുകളില്‍ പണം ലഭ്യമല്ലാത്ത സാഹചര്യം, പണമിടപാടിന്റെ സമയപരിധി, വിവിധ കാരണങ്ങളാല്‍ ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാത്തത് തുടങ്ങി ഉപഭോക്താവിന് നേരിട്ട് ഉത്തരവാദിത്വമില്ലാതിരിക്കുന്ന സാഹചര്യങ്ങളിലെല്ലാം നിശ്ചിത സമയത്തിനു ശേഷം നഷ്ടപരിഹാരം നല്‍കേണ്ട ബാദ്ധ്യത ബാങ്കുകള്‍ക്ക് തന്നെയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമയമാണ് ടേണ്‍ എറൗണ്ട് ടൈമായി നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല, 

ഉപഭോക്താവിന്റെ പരാതിക്കോ ക്ലെയിമിനോ കാത്തുനില്‍ക്കാതെ തന്നെ, ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നഷ്ടപ്പെട്ട പണം സ്വമേധയാ നിക്ഷേപിക്കണമെന്നാണ് ചട്ടം. ഇതില്‍ വീഴ്ച വരുത്തുന്ന ബാങ്കുകള്‍ക്കെതിരേ റിസര്‍വ് ബാങ്ക് - ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ സ്‌കീം പ്രകാരം പരാതിപ്പെടാനും അവസരമുണ്ട്. പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട്, 2007 പ്രകാരം 2019 ഒക്ടോബര്‍ 15 മുതല്‍ നിയമം പ്രാബല്യത്തിലുണ്ട്. രാജ്യത്തിനകത്ത് നടത്തുന്ന ഇടപാടുകള്‍ക്കാണ് ഈ നിയമം ബാധകമാവുക.

English SUmmary : Bank will Refund Money for Your Failed UPI Transaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com