ADVERTISEMENT

ഡിജിറ്റൽ രൂപ അഥവാ ഇ റുപ്പീ പ്രാബല്യത്തിൽ വന്നതോടെ പൊതുജനങ്ങൾക്ക് ഇതിനെ സംബന്ധിച്ചുള്ള  സംശയങ്ങളും കൂടുകയാണ്. ഇതിന്റെ ആദ്യ ഘട്ടത്തിൽ പങ്കെടുക്കുന്ന ബാങ്കുകൾക്ക് റിസർവ് ബാങ്കിൽ ഒരു സി ബി ഡി സി അക്കൗണ്ട് തുറക്കേണ്ടതുണ്ട്. ഇതിലൂടെയാണ് ബാങ്കുകളും, റിസർവ് ബാങ്കും തമ്മിലുള്ള ഇടപാടുകൾ നടത്തുക. 

എങ്ങനെ ഉപഭോക്താവിലേക്കെത്തും? 

റിസർവ് ബാങ്ക് ഇപ്പോഴത്തെ ആദ്യഘട്ടത്തിൽ  ഡിജിറ്റൽ രൂപ ഇടപാടുകൾക്ക് അനുവാദം കൊടുത്തിരിക്കുന്ന 4  ബാങ്കുകളായ യെസ്ബാങ്ക്, എസ് ബി ഐ, ഐ സി ഐ സി ഐ, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് എന്നിവയുടെ ആപ്പുകളിലൂടെ നിലവിൽ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ രൂപ  വാങ്ങുകയും, കൈമാറ്റം നടത്തുകയും ചെയ്യാം. ഉടൻ തന്നെ റിസർവ് ബാങ്ക് മറ്റ് 4 ബാങ്കുകളെ കൂടി ഇതിൽ ചേർക്കും. എന്നാൽ ഈ  ആദ്യ ഘട്ടം കഴിയുന്നതോടെ ബാങ്കുകളില്ലാതെ തന്നെ റിസർവ് ബാങ്ക് ഉപഭോക്താക്കളിലേക്ക് നേരിട്ട് ആപ് വഴി ഡിജിറ്റൽ രൂപ എത്തിക്കും. ബാങ്കുകൾ എന്ന ഇടനിലക്കാരെ ഭാവിയിൽ ഇ രൂപ  ഇടപാടിൽ നിന്നും ഒഴിവാക്കും. അതായത് ഉപഭോക്താവും റിസർവ് ബാങ്കും നേരിട്ടാണ് ബന്ധം വരിക. മുംബൈ, ന്യൂ ഡെൽഹി, ബംഗളൂരു , ഭുവനേശ്വർ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടം നടപ്പിലാക്കുക. രണ്ടാം ഘട്ടത്തിൽ ഇത് മറ്റു നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. 

ഡിജിറ്റൽ രൂപ കടലാസ് കറൻസിയുമായി കൈമാറ്റം ചെയ്യാമോ?

∙ഡിജിറ്റൽ  രൂപ കടലാസ് കറൻസിയുമായി കൈമാറ്റം ചെയ്യാൻ സാധിക്കും. ആദ്യഘട്ടത്തിലെ തിരഞ്ഞെടുത്ത ഉപഭോക്താക്കളുമായുള്ള പരീക്ഷണത്തിന് ശേഷം എങ്ങിനെ എല്ലാവര്‍ക്കും  ഉപയോഗിക്കാം എന്നുള്ള കാര്യം വ്യക്തമായി റിസർവ് ബാങ്ക് നിർദേശങ്ങൾ നൽകും.

ഡിജിറ്റൽ രൂപക്ക്  ബാങ്ക് അക്കൗണ്ട് ആവശ്യമില്ലേ?

∙ഇതിന്റെ  ഉടമകൾക്ക് ബാങ്ക് അക്കൗണ്ട് ആവശ്യമില്ല. ആർബിഐയുടെ ബാലൻസ് ഷീറ്റിൽ സിബിഡിസി 'ബാധ്യത' (പ്രചാരത്തിലുള്ള കറൻസി) ആയി പ്രത്യക്ഷപ്പെടും. എന്നാൽ ഇപ്പോൾ പങ്കെടുക്കുന്ന ബാങ്കുകളുടെ ആപ്പുകൾ വഴിയാണ് ഇ റുപ്പി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അധികം വൈകാതെ സർക്കാർ ഭീം പോലുള്ള ഒരു ആപ് ഇ റുപ്പിക്കായി പുറത്തിറക്കും. അപ്പോൾ പിന്നെ ബാങ്കുകളെ ആശ്രയിക്കേണ്ട ആവശ്യമില്ല.

ഡിജിറ്റൽ രൂപ ആരുടെ ഉത്തരവാദിത്തമാണ്?

erupee5

∙ഡിജിറ്റൽ രൂപ റിസർവ് ബാങ്കിന്റെ പൂർണ ഉത്തരവാദിത്തമാണ്. നിലവിൽ ചില ബാങ്കുകളുടെ ആപ്പിലൂടെയാണ് ഇ റുപ്പി ഇടപാടുകൾ നടക്കുക. എങ്കിലും, ഭാവിയിൽ നേരിട്ട് റിസർവ് ബാങ്ക് ആപ്പ് വരുമെന്നാണ് നിഗമനം 

ഡിജിറ്റൽ രൂപ പേപ്പർ കറൻസിയെ പുനഃസ്ഥാപിക്കുമോ?

∙നാളുകൾകൊണ്ട് ഡിജിറ്റൽ രൂപ പേപ്പർ കറൻസിയെ പുനസ്ഥാപിക്കുവാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള ഒരു ചുവടു വെയ്പ്പിന്റെ ഭാഗമായാണ് ഡിജിറ്റൽ രൂപ അവതരിപ്പിച്ചത്.

ഡിജിറ്റൽ രൂപയുടെ പരിധി എത്രയാണ്?

∙ഡിജിറ്റൽ രൂപ വാലറ്റിൽ സൂക്ഷിക്കുന്നതിന് ആർബിഐ പരിധി നിശ്ചയിച്ചിട്ടില്ല. 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ രൂപ ഇടപാടുകൾ നികുതി കാര്യങ്ങൾക്കായി റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്.

ഡിജിറ്റൽ രൂപക്ക് പലിശ ലഭിക്കുമോ?

∙ഡിജിറ്റൽ രൂപക്ക് പലിശ ലഭിക്കില്ല. കാരണം ഇത് ബാങ്കുകളെന്ന ഇടനിലക്കാരെ ഒഴിവാക്കിയാണ് നേരിട്ട് ഉപഭോക്താവുമായി ഇടപാടുകൾ നടത്തുന്നത് . 

ബാങ്കുകൾ വേണ്ടെങ്കിൽ എന്തിനാണ് തിരഞ്ഞെടുത്ത  ബാങ്കുകളിലൂടെ ഇടപാടുകൾ നടത്തുന്നത്? 

∙ഇത് ഇപ്പോഴും പൂർണ രൂപത്തിൽ വികസിച്ചിട്ടില്ല. ഇപ്പോൾ നടക്കുന്നത് ഡിജിറ്റൽ രൂപയുടെ പരീക്ഷണമാണ്. അതുകൊണ്ടാണ് തെരെഞ്ഞെടുത്ത ബാങ്കുകളെ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിന്നീട് ബാങ്കുകളെ പൂർണമായും രൊഴിവാക്കി റിസർവ് ബാങ്ക് കാര്യങ്ങൾ നേരിട്ട് ആപ് വഴി  നടത്തും.

സാധാരണക്കാർക്ക് ഡിജിറ്റൽ രൂപ ഉപയോഗപ്രദമാകുമോ?

∙ഭാവിയിൽ കിസാൻ ക്രെഡിറ്റ് കാർഡുകൾക്ക് പകരക്കാരനായി വരെ ഡിജിറ്റൽ രൂപ  ഉപയോഗത്തിൽ വരുത്താൻ സാധിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ പറയുന്നു. വിവിധ മേഖലയിലെ കൂടുതൽ ആളുകളെ ഇതിലേക്ക് കൊണ്ടുവരാൻ റിസർവ് ബാങ്ക് ലക്ഷ്യമിടുന്നു എന്നതാണ് ഇതിന്റെ അർഥം. 

വ്യക്തികൾക്കാണോ, കോർപറേറ്റുകൾക്കാണോ കൂടുതൽ മെച്ചം?

∙സെറ്റില്‍മെന്റിന്  അധിക സമയം എടുക്കാത്തതിനാൽ ഡിജിറ്റൽ രൂപ  വ്യക്തികളേക്കാൾ കോർപ്പറേറ്റ് വ്യവസായികൾക്കാണ് കൂടുതൽ ഉപകാരപ്പെടുക. 

എന്ന് റിസർവ് ബാങ്ക് ഡിജിറ്റൽ രൂപ ആപ്പ് പുറത്തിറക്കും?

∙സർക്കാർ ഇ റുപ്പിക്കായിആപ്പ് പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.എന്നാൽ എന്നാണ് എന്നതിൽ വ്യക്തത വന്നിട്ടില്ല. പൈലറ്റിന് ശേഷം ആവശ്യമായ മാറ്റങ്ങൾ കൂടി ഉൾകൊള്ളിച്ചു റിസർവ് ബാങ്ക് ആപ്പ് പുറത്തിറക്കുമെന്നാണ് സൂചന.

യു പി ഐയും ഡിജിറ്റൽ രൂപയും തമ്മിൽ എന്താണ് വ്യത്യാസം?

erupee7

∙യുപിഐയും ഇ റുപ്പി വാലറ്റും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് ഇറുപ്പി വാലറ്റിനെ ഏതെങ്കിലും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതില്ല എന്നതാണ്. എന്നാൽ യുപിഐ വഴി ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾ വാലറ്റിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.  

ഡിജിറ്റൽ രൂപ ആഗോളതലത്തിൽ വന്നിട്ടുണ്ടോ?

∙ഇപ്പോൾ രാജ്യത്തിനുള്ളിലാണ് നടപ്പിലാക്കുന്നതെങ്കിലും, ഭാവിയിൽ ആഗോളതലത്തിൽ തന്നെ ഇതിനു സ്വീകാര്യത വരുമെന്ന കണക്കുകൂട്ടലാണ് റിസർവ് ബാങ്കിനുള്ളത്. 

ഡിജിറ്റൽ രൂപയുടെ ശരിക്കും ആവശ്യം എന്താണ് ?

∙ ബാങ്ക് അക്കൗണ്ടും, ഡെബിറ്റ് കാർഡും വേണമെന്നുള്ള നിബന്ധന ഗ്രാമീണ  ജനത നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.  ജൻ-ധൻ അക്കൗണ്ടുള്ള ആളുകൾക്ക് പോലും സാധുവായ ഡെബിറ്റ് കാർഡ് ഇല്ലെന്നുള്ളത് ഒരു വലിയ പ്രശ്നമായി പല സർവ്വേകളും സൂചിപ്പിച്ചിട്ടുണ്ട്.യു പി ഐ  ഉപയോഗിക്കാൻ പോലും ബാങ്ക് അക്കൗണ്ടുകൾ കൂടിയേ തീരു. ഇ റുപ്പി ഉപയോഗിക്കുമ്പോൾ  ബാങ്ക് അക്കൗണ്ട് വേണ്ടെന്നുള്ള കാര്യം ഗ്രാമീണ ജനതക്ക് വലിയ ഉപകാരപ്രദമാകും. 

ഡിജിറ്റൽ രൂപയ്ക്ക് സ്മാർട്ട്  ഫോൺ വേണോ?

∙സ്മാർട്ട് ഫോൺ അല്ലാത്ത സാധാരണ ഫോൺ ഉപയോഗിക്കുന്ന ആളുകൾക്ക് പോലും ഇ റുപ്പി വോലറ്റ് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് രൂപകൽപന.

ഇതിനായി കെവൈ സി വേണോ?

∙ഇ റുപ്പി  വാലറ്റിനായി പ്രത്യേക കെവൈസി പ്രക്രിയ നടത്തും. അതിനാൽ, ബാങ്ക് അക്കൗണ്ടുകളില്ലാത്ത ആളുകൾക്ക് പോലും വാലറ്റിനായുള്ള KYC പ്രക്രിയ പൂർത്തിയാക്കിയാൽ ഇ റുപ്പി വാലറ്റ് സ്വന്തമാക്കാം.

ഡിജിറ്റൽ രൂപ  വാലറ്റിൽ സൈബർ അക്രമണമുണ്ടാകുമോ?

നിലവിലുള്ള പേയ്‌മെന്റ് സംവിധാനങ്ങൾക്ക് സമാനമായ സൈബർ ആക്രമണത്തിന് ഡിജിറ്റൽ രൂപയിലും സാധ്യതയുണ്ടെന്ന് ആർബിഐ കൺസെപ്റ്റ് പേപ്പർ പറയുന്നു. 

ഇ റുപ്പീ ഇപ്പോൾ ഇന്റർനെറ്റ് ബാങ്കിങ് പോലെ മാത്രമായാണ് ജനങ്ങൾക്ക് തോന്നുന്നതെന്ന് ഇപ്പോൾ പലരും വിചാരിക്കുന്നുണ്ട്. വ്യാപകമായ ഉപയോഗം വന്നെങ്കിലെ ഇതിന്റെ കൂടുതൽ ഗുണങ്ങളും, പോരായ്മകളും വ്യക്തികൾക്കും, റിസർവ് ബാങ്കിനും മനസിലാക്കാൻ സാധിക്കുകയുള്ളൂ. റിസർവ് ബാങ്കിന് പൂർണമായും രാജ്യത്തെ കറൻസി സിസ്റ്റം നിയന്ത്രിക്കാൻ ഇതിലൂടെ കഴിയുമെന്ന ഗുണമുണ്ട്.   ഇ റുപ്പീ വന്നതോടെ ബാങ്കുകളുടെ സേവനങ്ങൾ വരും കാലത്ത് പരിഷ്‌ക്കരിച്ച പുതിയ രീതിയിലേക്ക് വരുമെന്നതിൽ സംശയമില്ല. ബാങ്കുകൾ എന്ന ഇടനിലക്കാര്‍ ഭാവിയിൽ ഒഴിവാക്കപ്പെടും എന്നതാണ് ഇ റുപ്പി കൊണ്ടുവരുന്ന മറ്റൊരു  പ്രധാന മാറ്റം. യു പി ഐ പോലെ ജനപ്രിയമായ ആപ്പുകളുള്ളപ്പോൾ ഇ റുപ്പീ വിജയില്ലെന്നും പൊതുജനാഭിപ്രായമുണ്ട്. ഇ റുപ്പിക്ക് പരിപൂർണ സ്വീകാര്യത ലഭിക്കില്ലെന്ന കാര്യം റിസർവ് ബാങ്കും അംഗീകരിക്കുന്നുണ്ട്. 

English Summary : Know More About Digital Currency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com