നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് അപ്പ്രൂവ് ആയിട്ടുണ്ട്, എന്നാലും പണി ചോദിച്ചു വാങ്ങണോ?

Mail This Article
നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് അപ്പ്രൂവ് ആയിട്ടുണ്ട്, എടുക്കാൻ താൽപര്യം ഉണ്ടോ എന്നു ചോദിച്ചുകൊണ്ട് അക്കൗണ്ട് ഉള്ള ബാങ്കിൽനിന്നു കോൾ വരാത്തവരുണ്ടാകില്ല. പ്രമുഖ ബാങ്കുകളെല്ലാം അക്കൗണ്ട് ഉടമ ആവശ്യപ്പെടാതെതന്നെ ക്രെഡിറ്റ് കാർഡുകൾ നൽകാറുണ്ട്. ഉപയോക്താവ് ആവശ്യപ്പെടാതെ ബാങ്ക് ക്രെഡിറ്റ് കാർഡ് നൽകുമ്പോൾ വരുന്ന ചതിക്കുഴികൾ അറിഞ്ഞിരിക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് ചോരുമെന്നു മാത്രമല്ല, നിങ്ങളുടെ ക്രെഡിറ്റ് സ്കോറും മോശമാകും. പിന്നീട് വായ്പ പോലും കിട്ടില്ല എന്നും വന്നേക്കാം. ഇങ്ങനെ കോൾ വന്നു പണി കിട്ടിയ പ്രകാശിന്റെ അനുഭവം വായിക്കാം.
പണി വന്നതിങ്ങനെ
‘ക്രെഡിറ്റ് കാർഡ് റെഡിയാണെന്നു പറഞ്ഞു ബാങ്കിൽനിന്നു ഫോൺകോൾ വന്നു. മുൻപ് ശ്രമിച്ചപ്പോൾ ക്രെഡിറ്റ് കാർഡ് കിട്ടാൻ മാത്രം ശമ്പളം എനിക്കില്ല എന്ന് മറുപടി വന്നത് കൊണ്ട് ഞാൻ ഉപേക്ഷിച്ച കാര്യം ആയിരുന്നത് കൊണ്ട്, ഇങ്ങോട്ട് കോൾ വന്നപ്പോൾ താൽപര്യം ഉണ്ടെന്ന് പറഞ്ഞു. വെരിഫിക്കേഷൻ കോൾ ഉണ്ടാകും അപ്പോൾ കൃത്യമായ വിവരങ്ങൾ കൊടുത്താൽ മതി കാർഡ് അഡ്രസ്സിൽ എത്തിക്കോളുമെന്നു ബ്രാഞ്ചിലെ ലേഡി പറഞ്ഞു.
അതിനുശേഷം 3 വെരിഫിക്കേഷൻ കോൾ വന്നു. അതിൽ രണ്ടാമത് വിളിച്ച ആൾ, തമിഴും ഇംഗ്ലീഷും കലര്‍ത്തിയാണ് സംസാരിച്ചത്. രണ്ടുതരം കാർഡ് ഉണ്ട്. വർഷം 500 രൂപയും ടാക്സും ഉള്ള കാർഡും വർഷം 3000രൂപയും ടാക്സും ഉള്ള കാർഡും ലഭിക്കും. രണ്ടാമത്തെ കാർഡിന് വിമാനയാത്രയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും വലിയ ഓഫറുകളുണ്ടെന്ന് പറഞ്ഞു. പെട്രോൾ പമ്പുകളിൽ ക്യാഷ് ബാക്കും ലഭിക്കും. ആദ്യത്തേത്, അതായത് വർഷം 500 രൂപ + ടാക്സ് വരുന്ന കാർഡ് മതി എന്നു വ്യക്തമായി പറഞ്ഞു. എനിക്ക് വിമാനയാത്രകൾ വരാറില്ല. അത് കഴിഞ്ഞു ഒരു കോൾ കൂടെ വന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കാർഡും വന്നു. പെട്രോൾ അടിക്കാൻ ആ കാർഡ് ഉപയോഗിക്കുകയും ചെയ്തു.
ട്വിസ്റ്റോട് ട്വിസ്റ്റ്
അടുത്ത മാസം ആദ്യം എന്റെ അക്കൗണ്ടിൽനിന്നു പെട്രോൾ ചാർജിനു പുറമെ 3500 രൂപയും ടാക്സും നഷ്ടപ്പെട്ടിരിക്കുന്നു. അത് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ക്രെഡിറ്റ് കാർഡിന്റെ വാർഷിക ഫീസ് കട്ട് ചെയ്തതാണെന്ന്.
ഈ ക്രെഡിറ്റ് കാർഡ് അല്ല ആവശ്യപ്പെട്ടത് എന്നറിയിച്ചപ്പോൾ പണം റീഫണ്ട് ചെയ്യാമെന്നറിയിച്ചു. 3000 രൂപ ഓൺലൈൻ ഷോപ്പിങ് വൗച്ചർ ആയും 500 രൂപ അക്കൗണ്ടിലേക്ക് റീഫണ്ട് ആയും നൽകി. ഇനിയാണ് ട്വിസ്റ്റ്..
ഷർട്ട്, വാച്ച് തുടങ്ങിയ വൻകിട ബ്രാൻഡഡ് സാധനങ്ങൾ മാത്രം വിൽക്കുന്ന ഓൺലൈൻ ഷോപ്പിങ് സൈറ്റ് വൗച്ചറാണ് ബാങ്ക് നൽകിയത്. അവരുടെ ഏറ്റവും കുറഞ്ഞ സാധനങ്ങൾക്കുപോലും 5000–6000 രൂപ വിലയുണ്ട്. അതായത് 3000 രൂപയുടെ വൗച്ചർ ഉപയോഗിക്കാൻ 6000 ചെലവഴിക്കേണ്ട ഗതികേടായി. ഒരാവശ്യവുമില്ലാത്ത സാധനങ്ങൾക്കായി 3000 രൂപ വെറുതെ ചെലവഴിക്കേണ്ടിവന്നു. അതുമാത്രമല്ല തുക തിരികെ കിട്ടാൻ മൂന്നോ നാലോ മാസങ്ങളെടുത്തു. അവസാനം ആ ക്രെഡിറ്റ് കാർഡ് തന്നെ വേണ്ടെന്നുവച്ചു.’
തെറ്റിദ്ധരിപ്പിച്ചു കാർഡ് നൽകുക
ഇതൊരാളുടെ അനുഭവമല്ല. പലപ്പോഴും തെറ്റിദ്ധരിപ്പിച്ചാണ് ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ഉപയോക്താക്കളെക്കൊണ്ട് എടുപ്പിക്കുന്നത്. ബാങ്കിന്റെ സൗകര്യത്തിനുള്ള കാർഡാകും അക്കൗണ്ട് ഉടമയ്ക്കു കിട്ടുക. പിന്നീട് അക്കൗണ്ടിൽനിന്നു തുക നഷ്ടപ്പെടുമ്പോഴാകും പണികിട്ടിയത് മനസ്സിലാകുക. അന്യഭാഷകൾ സംസാരിക്കുന്ന ബാങ്കിന്റെ ടെലി–കോളർമാരാണ് ഉപയോക്താക്കളുമായി സംസാരിക്കുക. നമ്മൾ പറയുന്നത് അവർക്കും അവർ പറയുന്നത് നമുക്കും വ്യക്തമായി മനസിലാകില്ല. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുമ്പോഴാണ് ബ്രാഞ്ചുകാർക്കിതുമായി ഒരു ബന്ധവുമില്ലെന്നറിയുക.
ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോൾ
∙ഫോണിൽ വിളിച്ച് അനുവദിച്ച ക്രെഡിറ്റ് കാർഡ് വാങ്ങുന്നതിനു പകരം ബാങ്കിൽ നേരിട്ട് ചെന്ന് ജീവനക്കാരുമായി സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ട ശേഷം അനുയോജ്യമായത് തിരഞ്ഞെടുക്കുന്നതാണ് നല്ലത്
∙ ഉപയോക്താവിന്റെ മാസവരുമാനം ക്രെഡിറ്റ് സ്കോർ എന്നിവ അടിസ്ഥാനമാക്കിയാണ് കാർഡ് അനുവദിക്കുക.
∙ ഏകദേശം പതിനഞ്ചോളം ക്രെഡിറ്റ് കാർഡുകൾ ലഭ്യമാണ്. ഇതിൽ ഏതു തരം കാർഡാണ് വേണ്ടതെന്ന് ആദ്യം തീരുമാനിക്കുക.
∙ ക്രെഡിറ്റ് കാർഡിന്റെ വാർഷിക ഫീസ് എത്രയാണെന്നു കൃത്യമായും അറിഞ്ഞിരിക്കുക.
∙ നിങ്ങളുടെ ചെലവഴിക്കുന്ന സ്വഭാവവുമായി ബന്ധപ്പെട്ടാണ് കാർഡ് തിരഞ്ഞെടുക്കേണ്ടത്. സ്ഥിരമായി ഓൺലൈൻ ഷോപ്പിങ് ചെയ്യുന്നയാളാണെങ്കിൽ ക്രെഡിറ്റ് കാർഡ് വളരെയധികം പ്രയോജനം ചെയ്യും.
∙ എത്ര രൂപ വരെയാണ് ക്രെഡിറ്റ് ലിമിറ്റ് വേണ്ടതെന്നു നിശ്ചയിക്കുക. നിങ്ങളുടെ നെറ്റ് സാലറിയുടെ മൂന്നിരട്ടിവരെ ക്രെഡിറ്റ് ലിമിറ്റ് ലഭിക്കും.
∙ ക്രെഡിറ്റ് കാർഡിനു ലഭിക്കുന്ന റിവാർഡ് പോയിന്റ്, ഷോപ്പിങ് ഓഫറുകൾ, ക്യാഷ്ബാക്ക്, ഇഎംഐ സൗകര്യം തുടങ്ങിയവ അറിഞ്ഞുവയ്ക്കുക. സ്ഥിരമായി വിമാനയാത്ര ചെയ്യുന്നവരാണെങ്കിൽ ട്രാവൽ ഇൻഷുറൻസ്, എയർപോർട്ട് ലോഞ്ച്, ഹോട്ടൽ ബുക്കിങ് ഓഫറുകൾ ഉള്ള കാർഡ് നോക്കി തിരഞ്ഞെടുക്കാം.
∙ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചശേഷം വേണ്ടെന്നുവച്ചാൽ പിന്നീടത് കിട്ടണമെന്നില്ല.
English Summary : Keep These Things in Mind Before Taking Credit card