രണ്ടുകോടി രൂപ വരെ ബിസിനസ്സ് വായ്പകൾക്ക് ഈട് വേണ്ട, ബജറ്റ് 2023 ലെ ‘ബാങ്കിങ്ങ്’ ഇങ്ങനെ

budget
SHARE

രാജ്യമാകമാനം ഉറ്റുനോക്കിയ ബജറ്റ് ഈ കേന്ദ്ര ഗവൺമെന്റിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് – 2023 ധനമന്ത്രി കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. ഈ ബജറ്റിലെ ‘ബാങ്കിങ്ങ്’ നയങ്ങളും ഒരു സാധാരണ ഭാരതീയനെ അത് എത്രമാത്രം സ്വാധീനിക്കുന്നു എന്നും നോക്കാം. 

1. വ്യവസായ മേഖലയ്ക്ക് ഒരു ‘ബൂസ്റ്റ്’

ചെറുകിട– ഇടത്തരം സംരംഭങ്ങൾ (MSME) രാജ്യത്തിന്റെ സമ്പദ് ഘടനയുടെ ഒരു നട്ടെല്ലാണ്. നമ്മുടെ രാജ്യത്തിലെ ഭൂരിഭാഗം വരുന്ന മധ്യവർഗക്കാരും അഭ്യസ്തവിദ്യരായ യുവാക്കളും സ്വന്തമായി ഒരു തൊഴിൽ സംരംഭം തുടങ്ങുമ്പോൾ മൂലധനം വളരെ അത്യാവശ്യമാണ്. ബാങ്കുകളെ സമീപിച്ചാൽ ഒരു നിശ്ചിത പരിധിക്കു മുകളിൽ വരുന്ന വായ്പകൾക്ക് ഭൂമി, െകട്ടിടം അല്ലെങ്കിൽ മറ്റ് അംഗീകൃത സെക്യൂരിറ്റികൾ ഈടായി ചോദിക്കാം. ഒരു ബിസിനസ്സ് ആദ്യമായി തുടങ്ങുന്ന ആൾക്ക് ഇതൊരു ബാലികേറാമലയാണ്. ഇവിടെയാണ് രണ്ടു ലക്ഷം കോടിയുടെ അധിക തുക നൽകി ഗവൺമെന്റ് ഈ ബജറ്റിൽ ക്രെ‍ഡിറ്റ് ഗ്യാരന്റി സ്കീമിന് ഉണർവു നൽകിയിരിക്കുന്നത്. ഇപ്പോൾ രണ്ടുകോടി രൂപ വരെ ബിസിനസ്സ് വായ്പകൾക്ക് ഈടിന്റെ ആവശ്യമില്ല. കൂടുതൽ കോർപസ് ഫണ്ട് ഈടില്ലാതെ നൽകുന്ന വ്യവസായ വായ്പകൾക്കായി മാറ്റി വയ്ക്കുന്നത് എം.എസ്.എം.ഇ(MSME) രംഗത്തുള്ള വ്യവസായ സംരംഭകർക്ക് ആശ്വാസമാകുന്നു. 

2. സ്ത്രീകൾക്കായി ഒരു സമ്പാദ്യം

ഒരു കുടുംബത്തിന്റെ ഭദ്രത നമ്മുടെ രാജ്യത്ത് കാലാകാലങ്ങളായി കാത്തു സൂക്ഷിക്കുന്നത് കുടുംബത്തിലെ സ്ത്രീയുടെ കൈകളിലാണ്. ഭർത്താക്കന്മാർ ജോലിക്കു പോയി ലഭിക്കുന്ന വരുമാനം വീട്ടിലെ സ്ത്രീയുടെ കൈകളിൽ ഏൽപിക്കുമ്പോൾ അവൾ അത് ഭദ്രമായി കാര്യപ്രാപ്തിയോടെ ചെലവഴിച്ച് ഒരു കുടുംബത്തെ മുഴുവൻ മുന്നോട്ട് നയിക്കുന്നത് പല മധ്യവർത്തി കുടുംബങ്ങളിലും നമുക്ക് ഈ രാജ്യത്ത് കാണാം.

കുടുംബങ്ങളിലെ കാര്യസ്ഥരായ സ്ത്രീകൾക്കും ജീവിതത്തിലെ മറ്റെല്ലാ തുറകളിലുമുള്ള സ്ത്രീകൾക്കും ഒരു സമ്പാദ്യം എന്ന നിലയ്ക്കാണ് 2 ലക്ഷം വരെ പരിധി നിശ്ചയിച്ച ‘മഹിള സമ്മാൻ ബചത് പത്ര’ എന്ന സേവിംഗ്സ് സ്കീമിന്റെ അവതരണം 7.5 % എന്ന സ്ഥിരമായ പലിശനിരക്കാണ് ഈ സ്കീമിന് ഏർപ്പെടുത്തിയിട്ടുള്ളത്. 

3. വയോധികർക്ക് ആശ്വസിക്കാം

രാജ്യത്തെ മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക നിക്ഷേപ പദ്ധതി (senior citizens savings scheme)നിലവിൽ 15 ലക്ഷം രൂപ വരെ പരിധി നിശ്ചയിച്ചിട്ടുള്ള ഒന്നാണ്. ഇത്തവണത്തെ ബജറ്റില്‍ ഈ നിക്ഷേപത്തിന്റെ കൂടിയ പരിധി 30 ലക്ഷം രൂപയാക്കിയത് മുതിർന്ന പൗരന്മാർക്ക് ആശ്വാസത്തിനുള്ള വക നൽകുന്നുണ്ട്. പോസ്റ്റ് ഓഫിസുകളിലും ദേശസാൽകൃത ബാങ്കുകളുടെ നിശ്ചിത ശാഖകളിലും ഈ നിക്ഷേപ പദ്ധതിയിൽ അംഗമാകുവാനുള്ള സൗകര്യം ലഭ്യമാണ്. 

4. ഡിജിറ്റൽ യുഗത്തിലേക്ക് ഒരു ചുവട് കൂടി

ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഒരു ചുവട് കൂടി ‘ഡിജി ലോക്കർ’ സൗകര്യത്തിന്റെ പരിധി വർധിപ്പിക്കുന്നതോടെ മുന്നോട്ട് പോകാനാകുന്നു. എല്ലാം ഡോക്യുമെന്റ്സും ഒരു ലോക്കറിലെന്ന പോലെ ഇവിടെ ഡിജിറ്റലായി സൂക്ഷിക്കുന്നു. 

5. തിരിച്ചറിയൽ ഇനി അല്‍പം കൂടി എളുപ്പമാണ്

ബാങ്കിങ് രംഗത്തെ വലിയ ഇടപാടുകൾക്ക് പാൻ കാർഡ് അത്യാവശ്യമാണ് എന്ന വസ്തുത ഏവർക്കും അറിയാമല്ലോ. ഉയർന്ന നിക്ഷേപങ്ങളും വായ്പകളും എടുത്തിട്ടുള്ള (HNI – അതിസമ്പന്ന വിഭാഗം) വ്യക്തികൾക്കും മറ്റുള്ളവർക്കും ഒരു നിശ്ചിത ഇടവേളകളിൽ ബാങ്കിലെത്തി തിരിച്ചറിയിൽ രേഖകൾ സമർപ്പിക്കേണ്ട രീതിയാണ് നിലവിലുള്ളത്. 

ഇങ്ങനെ കസ്റ്റമറെ തിരിച്ചറിയാനുള്ള (know your customer- KYC)പ്രക്രിയ കുറച്ചു കൂടി എളുപ്പമാക്കുവാൻ ഇക്കുറി ബജറ്റിൽ വിഭാവനം ചെയ്യുന്നു. ഒപ്പം പാൻകാർഡ് പൊതുവായ ഒരു തിരിച്ചറിയൽ രേഖയായും മാറുന്നു.

English Summary: Union Budget 2023 and Banking Sector

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS