ADVERTISEMENT

റിസർവ് ബാങ്ക് ധനനിർണയ സമിതിയുടെ (എംപിസി) നടപ്പു സാമ്പത്തിക വർഷത്തെ അവസാന യോഗം ഇന്നലെ ആരംഭിച്ചു. റിപ്പോ നിരക്ക് ഉയർത്തുമോ അതോ നിലവിലെ നിരക്ക് തുടരുമോ? തീരുമാനം ബുധനാഴ്ച അറിയാം.

 

നിലവിലെ നിരക്ക് 6.25 ശതമാനം

 

2022 ൽ നടന്ന അഞ്ചു പണനയ അവലോകന സമിതി യോഗങ്ങളിലും റിപ്പോ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. മൊത്തം 2.25 ശതമാനത്തിന്റെ വർദ്ധനവ്. 2022 മെയിൽ 0.4 ശതമാനവും ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ 0.50 ശതമാനവും ഡിസംബറിൽ 0.35 ശതമാനവുമാണ് കൂട്ടിയത്. നിലവിലെ റിപ്പോ നിരക്ക് 6.25 ശതമാനമാണ്. തുടർച്ചയായ പലിശ വർദ്ധനയെക്കുറിച്ചുള്ള പരിഭവം വ്യാപകമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ അതിനു കടിഞ്ഞാണിടാൻ ആർ ബി ഐ തയാറാകുമോ എന്നാണ് സാമ്പത്തിക മേഖലയിലുള്ളവരും സാധാരണക്കാരും ഉറ്റുനോക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പലിശ നിരക്കുകളുടെ തുടർച്ചയായ വർദ്ധനവിന് താല്ക്കാലികമായെങ്കിലും ശമനമുണ്ടാകുമെന്ന് ചിലർ കരുതുന്നു. നാണ്യപ്പെരുപ്പം കുറഞ്ഞതിനാൽ കഴിഞ്ഞ വർഷത്തെപ്പോലെ റിസർവ് ബാങ്കിനു മേൽ വലിയ സമ്മർദമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും ചൂണ്ടിക്കാട്ടുന്നു. 

 

പണപ്പെരുപ്പം പരിധിക്കുള്ളിൽ

 

വിപണിയിലെ പണലഭ്യത കുറച്ച് നാണ്യപ്പെരുപ്പം വരുതിയിലാക്കാനാണ് റിപ്പോ നിരക്ക് ഉയർത്തുന്നത്. കഴിഞ്ഞ ഡിസംബറിലെ  പണപ്പെരുപ്പ നിരക്ക് കാര്യമായ ആശ്വാസത്തിനു വക നൽകുന്നുണ്ട്. 5.72 ശതമാനമാണ് ഡിസംബറിലെ ഉപഭോക്‌തൃ സൂചിക (സിപിഐ) അടിസ്ഥാനപ്പെടുത്തിയുള്ള നാണ്യപ്പെരുപ്പ നിരക്ക്. നവംബറിൽ ഇത് 5.88 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഡിസംബറിലേത്. 2022 ജനുവരി മുതൽ നാണ്യപ്പെരുപ്പ നിരക്ക് ആർബിഐയുടെ സഹനപരിധിയായ 6 ശതമാനത്തിനു മുകളിൽ തുടരുകയായിരുന്നു. റീട്ടെയിൽ പണപ്പെരുപ്പനിരക്ക് 4 ശതമാനത്തിൽ എത്തിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം.

 

0.25 ശതമാനം വർദ്ധിച്ചേക്കും

 

നാണ്യപ്പെരുപ്പനിരക്ക് നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ ഇനിയുള്ള എം.പി.സി യോഗങ്ങളിൽ പലിശ നിരക്കു വർദ്ധനയുടെ തീവ്രത കുറയുമെന്നാണ് ഈ രംഗത്തെ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. റിപ്പോ നിരക്കിൽ ഒരു മാറ്റവും വരുത്താതെ നിലവിലെ സ്ഥിതി തുടരുമെന്ന് അഭിപ്രായമുള്ളവരും കുറവല്ല. അതേസമയം 0.25 ശതമാനത്തിന്റെ വർദ്ധനയോടെ നിരക്കു വർദ്ധനവിന് താല്ക്കാലിക വിരാമമാകുമെന്ന് വാദിക്കുന്നവരും ഉണ്ട്. 2023 - 24 ൽ ജി ഡി പി വളർച്ചാ നിരക്ക് 6.8 ശതമാനമായി കുറയുമെന്ന് സാമ്പത്തിക സർവേ വ്യക്‌തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്ന തീരുമാനങ്ങൾക്കായിരിക്കും ആർ ബി ഐ ഊന്നൽ നൽകുന്നത്.

 

വായ്പാ പലിശ ഉയരും

 

റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർദ്ധിപ്പിച്ചാൽ അതിന് ആനുപാതികമായി വായ്പാ നിക്ഷേപ നിരക്കുകൾ വർദ്ധിക്കും. ബാങ്കുകൾ ഭവന വാഹന വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കൂട്ടും. വായ്പകളുടെ പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവ് കാലാവധിയോ വർദ്ധിക്കും. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കൂടും. എങ്കിലും വായ്പാ പലിശ നിരക്കിലുണ്ടാകുന്ന അതേ വർദ്ധന സ്ഥിരനിക്ഷേപ പലിശ നിരക്കിൽ ഉണ്ടാകാറില്ല.

 

English Summary: RBI MPC meet: Will it pause or hike repo rate by 25 bps?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com