ADVERTISEMENT

ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തിയതിനാല്‍ റെക്കറിങ് ഡിപ്പോസിറ്റുകള്‍ ആരംഭിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. സേവിങ്സ് അക്കൗണ്ടുകളില്‍ ലഭിക്കുന്ന നാമമാത്രമായ പലിശയ്ക്ക് കാത്തിരിക്കാതെ ഈ തുക ആര്‍.ഡിയിലേക്ക് മാറ്റി കൂടുതല്‍ വരുമാനം നേടിയെടുക്കുകയും ചെയ്യാം. വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിന് ആർഡിയെ കാര്യക്ഷമമായി ഉപയോഗിക്കാനുമാകും.

സ്റ്റേറ്റ് ബാങ്ക് ഓഫ്് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കും റെക്കറിങ് ഡിപ്പോസിറ്റുകള്‍ക്കുള്ള (ആവര്‍ത്തിച്ചുള്ള നിക്ഷേപം) പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ ബാങ്കുകളില്‍ നിക്ഷേപമുള്ളവര്‍ക്ക് ഓരോരുത്തര്‍ക്കും അനുയോജ്യമായ തുകയുടെ ആര്‍.ഡി. തെരഞ്ഞെടുക്കാം. ഒരു നിശ്ചിത സംഖ്യ നിശ്ചിത കാലയളവിലേക്ക് മാസം തോറും നിക്ഷേപിക്കുന്നതിനെയാണ് റെക്കറിങ് ഡിപ്പോസിറ്റെന്നു പറയുന്നത്. ഇങ്ങനെ നിക്ഷേപിക്കുന്ന പണത്തിന് കാലാവധി പൂര്‍ത്തിയാക്കുന്നതോടെ കൂടുതല്‍ വരുമാനം ലഭിക്കുകയും ചെയ്യും. അതായത് ഉയര്‍ന്ന പലിശ നേടാന്‍ ആര്‍.ഡിയിലേക്ക് മാറണമെന്നര്‍ത്ഥം. സേവിങ്സ് അക്കൗണ്ടിലും സ്ഥിര നിക്ഷേപങ്ങളിലും ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് ആര്‍.ഡി നൽകാറുണ്ട്.

പലിശ കണക്കാക്കുന്നതെങ്ങനെ 

ആര്‍.ഡി പലിശ നിരക്കുകള്‍ കണക്കാക്കാന്‍ ത്രൈമാസ കോമ്പൗണ്ടിങ് ഫോര്‍മുലയാണ് ഉപയോഗിക്കുന്നത്. ബാങ്കിനെയും ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്ന കാലാവധിയെയും ആശ്രയിച്ച് പലിശ നിരക്കുകളില്‍ മാറ്റം വരും. എസ്ബിഐ, പിഎന്‍ബി ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ആര്‍ഡിയുടെ പലിശ നിരക്കുകള്‍ ഇപ്പോള്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എസ്ബിഐ, പിഎന്‍ബി എന്നീ ബാങ്കുകള്‍ക്ക് പുറമേ എച്ച്ഡിഎഫ്‌സി ബാങ്കും ആര്‍.ഡി പലിശ നിരക്ക് കൂട്ടിയിട്ടുണ്ട്. 

സ്‌റ്റേറ്റ് ബാങ്കിലെ പലിശ നിരക്ക്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 12 മുതല്‍ 120 മാസം വരെ കാലാവധിയുള്ള ആര്‍.ഡി നിക്ഷേപങ്ങള്‍ക്ക് 6.80 മുതല്‍ 7 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ആര്‍. ഡിയില്‍ പ്രതിമാസം ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 100 രൂപയാണ്. കഴിഞ്ഞ ഫെബ്രുവരി 15 മുതല്‍ ബാങ്ക് ഈ പലിശ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. ഉപഭോക്താവിന് തുടര്‍ച്ചയായി ആറ് ആര്‍.ഡി തവണകള്‍ നിക്ഷേപിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യും. ഈ സാഹചര്യത്തില്‍ ബാക്കി തുക അക്കൗണ്ട് ഉടമയ്ക്ക് നല്‍കും.

പി.എന്‍.ബിയിലെ പലിശ നിരക്ക്

ആറ് മാസത്തിനും 10 വര്‍ഷത്തിനും ഇടയില്‍ ആര്‍.ഡി.കളില്‍ നിക്ഷേപിക്കുന്ന സാധാരണ പൗരന്മാര്‍ക്ക് 5.5 ശതമാനം മുതല്‍ 7.25 ശതമാനം വരെയാണ് പലിശ നിരക്ക്. ഈ നിരക്കുകള്‍ കഴിഞ്ഞ ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തിലായി. കാലാവധി പൂര്‍ത്തിയാകുമ്പോഴോ അവസാന ഗഡു നിക്ഷേപിച്ച് ഒരു മാസത്തിന് ശേഷമോ പണം തിരികേ ലഭിക്കും.

എച്ച്.ഡി.എഫ്.സി. ബാങ്ക്

എച്ച്.ഡി.എഫ്.സി. ബാങ്ക് സാധാരണ പൗരന്മാര്‍ക്ക് ആറ് മാസം മുതല്‍ 120 മാസം വരെ കാലാവധിയുള്ള ആര്‍ഡികളില്‍ നിക്ഷേപിക്കുന്നതിന് 4.5 ശതമാനം മുതല്‍ 7.10 ശതമാനം വരെയാണ് പലിശ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 15 മാസത്തെ കാലാവധിയുള്ള എഫ്ഡികള്‍ക്ക് 7.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

English Summary : Recurring Deposit is Offering Attractive Interest Rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com