ഇടനിലക്കാർക്ക് പണം കൊടുക്കാൻ വരട്ടെ, ഡിജിറ്റൽ വായ്പ എടുക്കും മുമ്പ് ഇക്കാര്യങ്ങൾ അറിയുക

HIGHLIGHTS
  • ഡിജിറ്റൽ വായ്പകളിൽ കൂടുതൽ സുതാര്യത
  • വായ്പ നൽകുന്നത് മുതൽ തിരിച്ചടവ് വരെയുള്ള എല്ലാ കാര്യങ്ങളും നേരിട്ട് ബാങ്കിന്റെ കണക്കില്‍ തന്നെ
lon3
Representative Image
SHARE

ഡിജിറ്റലായോ അല്ലാതെയോ എങ്ങനെ വായ്പ എടുത്താലും അത് എടുക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് റിസർവ് ബാങ്ക് നിർദേശിക്കുന്നു. ഇതനുസരിച്ച് ഡിജിറ്റൽ വായ്പകൾ എടുക്കുന്ന ഇടപാടുകാർക്കും സാധാരണ വായ്പകൾ എടുക്കുന്നവർക്ക് നൽകുന്ന പ്രധാനപ്പെട്ട വിവരങ്ങൾ അടങ്ങുന്ന രേഖ (Key Fact Statement) നൽകണം. 

ഈ രേഖയിൽ വായ്പ തുക കൂടാതെ ഈടാക്കുന്ന പലിശ ശതമാനം വാർഷികാടിസ്ഥാനത്തിൽ കാണിച്ചിരിക്കണം.  ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും ഇത്തരം വായ്പകളുടെ പലിശ ശതമാനം മാസക്കണക്കിൽ സൂചിപ്പിച്ചിരുന്നത് ഇടപാടുകാർക്ക് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. മാസക്കണക്കിൽ ഒന്നര ശതമാനം പലിശയെന്നാൽ വാർഷികാടിസ്ഥാനത്തിൽ പതിനെട്ട് ശതമാനം എന്നാണർത്ഥം. ഡിജിറ്റൽ വായ്പ രംഗത്ത് കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിന് ഇത് സഹായിക്കും. വായ്പ എത്ര കാലാവധിയിൽ എത്ര തുക വീതം എങ്ങനെ തിരിച്ചടക്കണം എന്നുള്ള വിവരങ്ങളും വിശദമായി ഈ രേഖയിൽ പറയണം.

കൂളിങ് പീരീഡ്

ഡിജിറ്റൽ വായ്പകൾ എടുക്കുമ്പോൾ അതേപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുവാനും ആവശ്യമെങ്കിൽ വായ്പ തുകയും പലിശയും അടച്ച് വായ്പ വേണ്ടെന്ന് വെക്കാനും ഇടപാടുകാർക്ക് അവകാശമുണ്ട്.  വായ്പയുടെ കാലാവധിയനുസരിച്ച് ഒരു ദിവസം മുതൽ മൂന്ന് ദിവസം വരെ ഇങ്ങനെ ചെയ്യാം. വായ്പ നൽകുന്ന ബാങ്കിന്റെ നിബന്ധനയനുസരിച്ചായിരിക്കും ഇത്. ഇത് കൂളിങ് പീരീഡ് അല്ലെങ്കിൽ ലോക്ക് ഇൻ പീരീഡ് എന്നാണ് പറയുന്നത്.  ഈ സമയത്തിനുള്ളിൽ വായ്പ അവസാനിപ്പിക്കുകയാണെങ്കിൽ പിഴ ഈടാക്കാൻ പാടില്ല.  

lon4

ഇടനിലക്കാരുടെ സേവനത്തിന് ഇടപാടുകാർ ഫീസ് നൽകേണ്ടതില്ല

ഡിജിറ്റൽ വായ്പകൾ നൽകുന്ന ധാരാളം ആപ്പുകൾ ഇപ്പോൾ നിലവിലുണ്ട്.  ഇവ ബാങ്കുകൾക്കും ഇടപാടുകാർക്കും മദ്ധ്യേ ഇടനിലക്കാരായി പ്രവർത്തിക്കുന്നു.  ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഫിൻ ടെക്കുകളും ആപ്പുകൾ വഴി ഡിജിറ്റൽ വായ്‌പകൾ നൽകും.  എന്നാൽ ഇത്തരം വായ്പകൾ ഫിൻടെക്കുകൾ നേരിട്ടല്ല നൽകുന്നത്.  അവ ബാങ്കുകളുമായി സഹകരിച്ച് വായ്പകൾ നൽകുകയാണ്.  വായ്പ നൽകുന്നത് ബാങ്കുകൾ ആയിരിക്കും.  വായ്പയുടെ അപേക്ഷ സ്വീകരിക്കുന്നത് മുതൽ വായ്പ പാസ്സാക്കുന്നതുവരെയുള്ള ജോലികൾ ബാങ്കുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണകൾ അനുസരിച്ച് ഫിൻ ടെക്കുകളുടെ  ആപ്പുകൾ ചെയ്യും.  ഈ സേവനത്തിന് ബാങ്കുകൾ ഫിൻ ടെക്കുകൾക്കു ഫീസ് നൽകും.  ഇടത്തരക്കാരുടെ സേവനത്തിന് ഇടപാടുകാർ ഫീസ് നൽകേണ്ടതില്ല.   

ഈ സംവിധാനം വഴി ഫിൻ ടെക്കുകൾ തങ്ങളുടെ ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങൾ നൽകുകയും ബാങ്കുകൾക്ക് കൂടുതൽ ബിസിനസ് ലഭിക്കുകയും ചെയ്യും. ചെറിയ വായ്പകളുടെ പ്രോസസിങ് ഫിൻ ടെക്കുകൾ സാങ്കേതിക മികവോടെ എളുപ്പം ചെയ്യുന്നത് ഇടപാടുകാർക്ക് സൗകര്യപ്രദമാണ്.  അതോടൊപ്പം ബാങ്കുകളുടെ സാങ്കേതിക സംവിധാനങ്ങളും ജോലിക്കാരുടെ സമയവും വലിയ വായ്പകളുടെ പ്രോസസിങ്ങിനും മറ്റും ഉപയോഗിക്കുവാനും കഴിയും.

lon5

കണക്കുകൾ ബാങ്കിൽ തന്നെ

എന്നാൽ ഇത്തരം വായ്പകൾ ഇടനിലക്കാരുടെ ലോൺ ബുക്കിൽ തന്നെ വെച്ച്,  തിരിച്ചടവും മറ്റും അവിടെ തന്നെ കണക്ക് വെക്കുന്ന രീതി ഉണ്ടായിരുന്നു.  അത് പിന്നീട് മുൻ നിശ്ചയിച്ച സമയ ക്രമമനുസരിച്ച് ബാങ്കിന്റെ കണക്കിലേക്ക് മാറ്റും.  റിസർവ് ബാങ്കിന്റെ പുതിയ നിർദേശമനുസരിച്ച് ഇനി മുതൽ വായ്പകൾ ഇടനിലക്കാരുടെ കണക്കിൽ കാണിക്കാൻ പാടില്ല.  വായ്പ നൽകുന്നത് മുതൽ തിരിച്ചടവ് വരെയുള്ള എല്ലാ കാര്യങ്ങളും നേരിട്ട് ബാങ്കിന്റെ കണക്കിൽ തന്നെ ചെയ്യണം.  

ഏജന്റുമാരുടെ വിവരങ്ങൾ മുൻകൂട്ടി നൽകണം

വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട ജോലികൾ ബാങ്കുകളും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളും ഇപ്പോൾ മറ്റു ഏജൻസികളെ ഏല്പിക്കുന്നുണ്ട്.  ഇങ്ങനെ ഏല്പിക്കുന്ന ഏജൻസികളെ കുറിച്ച് ഇടപാടുകാർക്ക് മുൻ‌കൂർ വിവരം നൽകാത്തതിനാൽ ഏജൻസികളിൽ നിന്നും വരുന്ന ഫോണുകളും മറ്റും തിരിച്ചറിയാൻ ഇടപാടുകാർക്ക് കഴിയില്ല. മാത്രമല്ല ഏജൻസികളിൽ നിന്നുള്ള ജോലിക്കാർ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഇടപാടുകാരെ നേരിട്ട് വീട്ടിലോ ജോലിസ്ഥലത്തോ ബിസിനസ് സ്ഥലത്തോ കാണാൻ വരുന്നുണ്ട്. ബാങ്ക് ഏല്പിച്ചിരിക്കുന്ന ഏജന്റുകളാണോ വരുന്നത് എന്ന് മനസ്സിലാക്കാൻ ബാങ്കിൽ നിന്ന് മുൻകൂട്ടി വിവരം ലഭിക്കുന്നില്ലെങ്കിൽ ഇടപാടുകാർക്ക് ബുദ്ധിമുട്ടുണ്ടാകും. പലപ്പോഴും ഇത് അനാവശ്യമായ സംസാരത്തിന് വഴിവെക്കും. ഇതൊഴിവാക്കുവാൻ കുടിശിക വന്ന വായ്പയുടെ തിരിച്ചടവ് ജോലികൾക്ക് ഏല്പിക്കുന്ന ഏജൻസികളുടെ പേരും ഇടപാടുകാരെ ബന്ധപ്പെടുവാൻ ഏല്പിച്ചിരിക്കുന്ന ഏജന്റിന്റെ പേരും മറ്റു വിവരങ്ങളും മുൻകൂട്ടി തന്നെ ഇടപാടുകാരെ അറിയിക്കണമെന്ന് പുതുക്കിയ നിർദേശങ്ങളിൽ പറയുന്നു.  

English Summary: Digital Loan Processing is more Transparent Now

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS