ADVERTISEMENT

ആഗോള മാന്ദ്യം 2023ൽ ഉണ്ടാകും എന്ന ആശങ്കകൾ ശരിവെച്ചുകൊണ്ടു അമേരിക്കയിൽ നിന്നും മറ്റൊരു ബാങ്ക് തകർച്ചയുടെ വാർത്തയാണ് സാമ്പത്തിക ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം.  എഫ് ടി എക്സ് എന്ന ക്രിപ്റ്റോ എക്സ്ചെഞ്ചിന്റ തകർച്ചയാണ് എല്ലാത്തിനും തുടക്കം കുറിച്ചത്. എഫ് ടി എക്സിന്റെ തകർച്ച, ക്രിപ്റ്റോ മേഖലയിലെ അമേരിക്കയിലെ ഒരു പ്രധാന ബാങ്കിങ് ദാതാക്കളായ 'സിൽവർ ഗേറ്റിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമായി. അതിനു ശേഷം ഇപ്പോൾ സിലിക്കൺ വാലി ബാങ്കാണ് പുതിയതായി പ്രശ്നങ്ങളിൽ പെട്ട് തകർന്നിരിക്കുന്നത്. സിലിക്കൺ വാലി ബാങ്കിലും സിൽവർ ഗേറ്റിലും എങ്ങനെയാണ് പെട്ടെന്ന് പ്രശ്നങ്ങളുണ്ടായതെന്ന് വിശദമായി നോക്കാം.

സിലിക്കൺ വാലി ബാങ്ക് എങ്ങനെ തകർന്നു ?

പണപ്പെരുപ്പം കുറയ്ക്കാനായി അമേരിക്കയിൽ പലിശ നിരക്കുകൾ ഉയർത്തിയതോടെ കമ്പനികൾക്കെല്ലാം വായ്പക്ക് കൂടുതൽ തുക ചെലവിടേണ്ട അവസ്ഥ വന്നു. വൻ കമ്പനികൾക്ക് ഫെഡ് പലിശ ഉയർത്തിയത് അത്ര കണ്ടു ബാധിക്കില്ലെങ്കിലും, ചെറുകിടക്കാർക്കും സ്റ്റാർട്ടപ്പുകൾക്കും അതൊരു വലിയ പ്രതിസന്ധി തന്നെയാണ് ഉണ്ടാക്കിയത്. ഈ ഒരു പ്രതിസന്ധി മറികടക്കാൻ  വായ്പയെടുക്കുന്നതിനു പകരം തങ്ങളുടെ നിലവിലുള്ള പണം ബാങ്കുകളിൽ നിന്നും പിൻവലിക്കാൻ പല ചെറുകിട കമ്പനികളും, സ്റ്റാർട്ട് അപ്പുകളും നിര്‍ബന്ധിതരായതോടെ, ബാങ്കുകളുടെ ലിക്വിഡിറ്റിയെ ഇത് ബാധിക്കാൻ തുടങ്ങി. വായ്പക്ക് ഡിമാന്റില്ല, എന്നാൽ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും  പണം വൻതോതിൽ ബിസിനസ് ആവശ്യങ്ങൾക്ക് പിൻവലിക്കുകയും ചെയ്യുന്നതോടെ ഇത് സിലിക്കൺ വാലി ബാങ്ക് പോലുള്ളവയുടെ വയറ്റത്തടിക്കാൻ തുടങ്ങി.

കനത്ത ഇടിവ്

പ്രശ്നങ്ങൾ മണത്തറിഞ്ഞു ചില വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളുടെ ഇടപാടുകാരും പണം പിൻവലിച്ചുതുടങ്ങിയതോടെ സിലിക്കൺ  ബാങ്കിന് നിൽക്കക്കള്ളിയില്ലാതെയായി. ബാങ്കിന്റെ ലിക്വിഡിറ്റി ഉയർത്താനുള്ള മൂലധന സമാഹരണ കാര്യങ്ങളും, ബദൽ ഫണ്ടിങ് മാർഗങ്ങളും പരാജയപ്പെട്ടതോടെ ബാങ്കിന് ഇൻഷുറൻസ് അതോറിറ്റിയെ സമീപിക്കേണ്ട അവസ്ഥയും വന്നു. സിലിക്കൺ വാലി ബാങ്കിന്റെ ഓഹരി വിലയിൽ കഴിഞ്ഞ ഒരാഴ്ചയിൽ 62 ശതമാനം ഇടിവും  ഒരു വർഷം കൊണ്ട് 80 ശതമാനം മൂല്യവും കുറഞ്ഞു.

A trader works on the floor of the New York Stock Exchange (NYSE) at the opening bell on August 5, 2022 at Wall Street in New York City. - Stock markets slid Friday as a much stronger-than-expected US jobs report raised the prospect that the Federal Reserve will maintain its aggressive monetary policy to combat inflation. (Photo by ANGELA WEISS / AFP)
(Photo by ANGELA WEISS / AFP)

സിൽവർ ഗേറ്റ് പ്രതിസന്ധി എങ്ങനെയുണ്ടായി 

ക്രിപ്റ്റോ മേഖലയിലെ അമേരിക്കയിലെ  പ്രധാന ബാങ്കിങ് ദാതാക്കളായ 'സിൽവർ ഗേറ്റിലെ' സാമ്പത്തിക പ്രശ്നങ്ങൾ കൂടി വരുന്നത്  മൂലം  ക്രിപ്റ്റോ കറൻസികളുടെ പതനം പൂർത്തിയാകുമോ  എന്ന ആശങ്കകൾക്കിടയിലാണ് സിലിക്കൺ വാലി ബാങ്ക് തകർന്നത്.

ക്രിപ്‌റ്റോ സ്ഥാപനങ്ങൾക്കിടയിൽ തത്സമയ ഫണ്ട് കൈമാറ്റം സുഗമമാക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്ന പേയ്‌മെന്റ് നെറ്റ്‌വർക്കാണ് സിൽവർ ഗേറ്റ് നൽകുന്നത്. എന്നാൽ പല ഡിജിറ്റൽ അസറ്റ് എക്‌സ്‌ചേഞ്ചുകളും, സ്റ്റേബിൾകോയിൻ ഇഷ്യൂ ചെയ്യുന്നവരും, ട്രേഡിങ് ഡെസ്‌ക്കുകളും സിൽവർ ഗേറ്റ് വഴിയുള്ള പേയ്‌മെൻറ്റുകൾ ഇപ്പോൾ സ്വീകരിക്കുന്നില്ല. ക്രിപ്റ്റോ എക്സ്ചേഞ്ചായ എഫ് ടി എക്സിന്റെ പാപ്പരത്തത്തെ തുടർന്നാണ് സിൽവർ ഗേറ്റിലും പ്രശ്നങ്ങൾ ഉണ്ടായതെന്നാണ് സൂചന. ക്രിപ്‌റ്റോ സൗഹൃദ അമേരിക്കൻ ബാങ്ക് സിൽവർഗേറ്റ് ക്യാപിറ്റലിലെ പ്രശ്‌നങ്ങൾ കാരണം പ്രധാന ക്രിപ്റ്റോ കറൻസികളുടെയെല്ലാം വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ് .

ഡിജിറ്റൽ ആസ്തികളുടെ വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള ബാങ്കുകളിലൊന്നായ സിൽവർ ഗേറ്റിലും കാര്യങ്ങൾ കൈവിട്ട് പോകുന്നതോടെ ക്രിപ്റ്റോ കറൻസികളുടെ നില കൂടുതൽ പരുങ്ങലിലാകുകയാണ്. സിൽവെർഗേറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റൊരു സാമ്പത്തിക സ്ഥാപനവും മുന്നോട്ട് വരാത്തത് ക്രിപ്റ്റോകറൻസി ലോകത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 

സ്ഥിതി രൂക്ഷമാകുമോ?

അമേരിക്കയിലെ അടുത്തകാലത്തുണ്ടായ സിലിക്കൺ വാലി  ബാങ്കിന്റെ തകർച്ച മാന്ദ്യ ഭയത്തിനും ആക്കം കൂട്ടിയിട്ടുണ്ട്. ഓഹരി വിപണികളിലും സാമ്പത്തിക മേഖലകളിലെ വിറ്റൊഴിയലിന് ഇത് കാരണമായി. 2008 ലെ ബാങ്കിങ് തകർച്ചക്ക് ശേഷം പ്രതിവിധിയായി ഉയർന്നു വന്ന ക്രിപ്റ്റോ കറൻസികളും  ആളുകളെ ചരിത്രത്തിലില്ലാത്തതു പോലെ വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. അമേരിക്കയിലെ പലിശ നിരക്ക് ഉയർത്തൽ മൂലം ബാങ്കിങ് മേഖലയിലും, ഓഹരി വിപണികളിലും, ക്രിപ്റ്റോ കറൻസി മേഖലയിലും ഇനിയും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം. സിലിക്കൺ വാലി ബാങ്ക് തകർന്നത് മൂലം  2008 ലെ പോലുള്ള സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 

English Summary : Crisis in Silicon Valley Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com