ADVERTISEMENT

അമേരിക്കയിലെ ബാങ്കുകളായ സിലിക്കൺ വാലി ബാങ്കും, സിഗ്നേചർ ബാങ്കും തകർന്നത് ആഗോളതലത്തിൽ ബാങ്കിങ് ഓഹരികളെ  തളർത്തിയിരുന്നു. ഇപ്പോൾ അമേരിക്കൻ ബാങ്കിങ് തകർച്ച യൂറോപ്പിലേക്ക് വ്യാപിക്കുന്ന ഒരു സൂചനയാണ് ക്രെഡിറ്റ് സ്യൂയിസിന്റെ പ്രശ്നങ്ങൾ ഉയർത്തി കാണിക്കുന്നത്. അമേരിക്കൻ ബാങ്കുകളുടെ തകർച്ച അത്ര കണ്ട് ആഗോളതലത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞിരുന്നെങ്കിലും ക്രെഡിറ്റ് സ്യൂയിസിന്റെ പ്രശ്‍നം പല രാജ്യങ്ങളെയും നേരിട്ട് ബാധിക്കുമെന്നാണ്‌ റിപ്പോർട്ടുകൾ. 

ക്രെഡിറ്റ് സ്യൂയിസിൽ എന്താണ് സംഭവിക്കുന്നത്?

സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്യൂയിസ് പ്രതിസന്ധിയിലാണ് എന്ന വാർത്ത ഇപ്പോൾ സാമ്പത്തിക ലോകത്തെ പിടിച്ചുലയ്ക്കുകയാണ്. എന്നാൽ എന്താണ് ക്രെഡിറ്റ് സ്യൂയിസിൽ സംഭവിച്ചിരിക്കുന്നത് ? ക്രെഡിറ്റ് സ്യൂസിന്റെ ബിസിനസ് മോശമായ രീതിയിലാണ് പോകുന്നതെന്ന് കുറച്ചു കാലമായി സാമ്പത്തിക കേന്ദ്രങ്ങളിൽ അടക്കം പറച്ചിലുകൾ ഉണ്ടായിരുന്നെങ്കിലും, ഇത്ര മോശമാണ് എന്ന കാര്യം ഇപ്പോൾ മാത്രമാണ് ലോകം അറിയുന്നത്.

പലിശ നിരക്ക് ഉയർത്തിയതോടെ ഉണ്ടായിരിക്കുന്ന ലിക്വിഡിറ്റി പ്രശ്നങ്ങൾ തന്നെയാണ് ക്രെഡിറ്റ് സ്യൂയിസിന്റെയും അടിസ്ഥാന പ്രശ്നമെന്നാണ് സൂചന. അമേരിക്കയിൽ രണ്ടു ബാങ്കുകൾ തകർന്നത് യൂറോപ്പിലെ നിക്ഷേപകരെയും പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. ബാങ്കുകളിൽ നിന്നും വൻ തോതിൽ ഉപഭോക്താക്കൾ പണം പിൻവലിക്കുന്നതാണ് പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. ക്രെഡിറ്റ് സ്യൂയിസിന് ഫണ്ട് നൽകി സഹായിക്കാൻ സർക്കാരുകളും തയ്യാറാകുന്നില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തകർന്ന അമേരിക്കൻ ബാങ്കുകളേക്കാൾ ക്രെഡിറ്റ് സ്യൂയിസിന് ആഗോള തലത്തിൽ കൂടുതൽ രാജ്യങ്ങളിൽ ശാഖകളുള്ളത് പ്രതിസന്ധി വ്യാപിക്കുവാൻ ഇടയാക്കിയേക്കും. അതുപോലെ പല വൻകിട ബിസിനസ് മേഖലകളിലും ക്രെഡിറ്റ് സ്യൂയിസിന് ആഗോളതലത്തിൽ തന്നെ സാന്നിധ്യമുണ്ട്.  ഇന്ത്യയിലെ ക്രെഡിറ്റ് സ്യൂയിസ് ബാങ്കിലെ പ്രധാനിയായ നീലാകാന്ത് മിശ്ര അതിൽ നിന്നും രാജി വെച്ച് ആക്സിസ് ബാങ്കിൽ ചേർന്നതും ഇന്നത്തെ ചൂടേറിയ വാർത്തയാണ്. ക്രെഡിറ്റ് സ്യൂസിന്റെ ഓഹരിവില അഞ്ചു ദിവസത്തിൽ 35 ശതമാനവും, ഒരു വർഷത്തിൽ 76 ശതമാനവുമാണ് ഇടിഞ്ഞിരിക്കുന്നത്.

ഇന്ത്യൻ ബാങ്കുകളെ ബാധിക്കുമോ?

ഇന്ത്യൻ ബാങ്കുകളെ നേരിട്ട് പ്രശ്നങ്ങൾ ബാധിക്കില്ല എന്ന് പറയുമ്പോഴും ഇന്ത്യയിലെ പ്രധാന ബാങ്കിങ് ഓഹരികൾ എല്ലാം തന്നെ കഴിഞ്ഞ ദിവസങ്ങളിലായി തളർച്ചയിലാണ്. പല ബാങ്കിങ് ഓഹരികളും 5 ശതമാനം മുതൽ 15 ശതമാനം വരെ താഴ്ന്നിട്ടുണ്ട്. ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയപ്പോൾ ബാങ്കിങ് ഓഹരികളെല്ലാം തന്നെ കുത്തനെ ഇടിയുകയാണ്. പണപെരുപ്പം നിയന്ത്രിക്കാൻ പലിശ നിരക്ക് കുത്തനെ ഉയർത്തിയത് മൂലം ഇന്ത്യയിലും വായ്പാ വളർച്ച കുറഞ്ഞിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 

2008 ലെ ലേമാൻ ബ്രദേഴ്സിന്റെ തകർച്ച മുൻകൂട്ടി പ്രവചിച്ച റോബർട്ട് കിയോസാക്കി അടുത്തതായി ക്രെഡിറ്റ് സ്യൂയിസ് തകരുമെന്ന് പ്രവചിച്ചിരിക്കുന്നതും ബാങ്കിങ് മേഖലയിലെ ആശങ്കകൾ കൂട്ടുകയാണ്. ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ നേരിട്ട് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും, ക്രെഡിറ്റ് സ്യൂയിസ് പ്രതിസന്ധി യൂറോപ്യൻ ബാങ്കുകളെ കടുത്ത പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ഒരുപോലെ പറയുന്നത്. റഷ്യ യുക്രെയ്ൻ യുദ്ധം മൂലം പൊറുതിമുട്ടിയിരിക്കുന്ന യൂറോപ്യൻ സമ്പദ് വ്യവസ്ഥക്ക് കൂനിന്മേൽ കുരുവാകുകയാണ് ക്രെഡിറ്റ് സ്യൂയിസിൽ ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നങ്ങൾ. ക്രെഡിറ്റ് സ്യൂയിസിന്റെ ഡയറക്റ്റർ ബോർഡിലെ ഒരു പ്രധാനിയുടെ പേര് ലേമാൻ എന്നുള്ളത് പ്രശ്നങ്ങൾക്കിടയിലും സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നുണ്ട്.

English Summary : Credit Suisse Bank in Europe also in Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com