അമേരിക്കൻ ബാങ്കിങ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല: ആര്‍ ബി ഐ ഗവര്‍ണര്‍

HIGHLIGHTS
  • ലോകമെമ്പാടും സാമ്പത്തിക മാന്ദ്യം നേരിടുന്നുണ്ടെങ്കിലും അത് രൂക്ഷമാകില്ല
RBI-governer
ശക്തികാന്ത ദാസ് ചിത്രം: ടോണി ഡോമിനിക്
SHARE

അമേരിക്കൻ ബാങ്കുകളുടെ  തകര്‍ച്ച ഇന്ത്യയെ ബാധിക്കുകയില്ലെന്നും ഇന്ത്യന്‍ ബാങ്കുകൾ ശക്തമാണെന്നും റിസര്‍വ്ബാങ്ക്  ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കൊച്ചിയിൽ ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി. ഹോര്‍മിസ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ ബാങ്കുകളിലുണ്ടായ തകര്‍ച്ച അവരുടെ ആഭ്യന്തര കാര്യമാണ്. അത് പരിഹരിക്കാന്‍ അവര്‍ക്കു കഴിയുമെന്നും ദാസ് പറഞ്ഞു. വായ്പ–നിക്ഷേപ രംഗങ്ങളിൽ സംന്തുലിതമായ വളർച്ചയ്ക്ക് പകരം ഏതെങ്കിലും ഒന്നിൽ മാത്രം പ്രകടമായ മുന്നേറ്റമുണ്ടാകുന്നത് ആശങ്കയുണർത്തുന്ന കാര്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യമായ റിസ്ക് മാനേജ്മെന്റ് നടത്തുന്നതിൽ ബാങ്കുകൾ ശ്രദ്ധിക്കണം. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കൻ ബാങ്കുകളിലുണ്ടായിട്ടുള്ള ആശങ്കകൾക്ക്  പ്രധാന കാരണം ഇത്തരത്തിൽ നിക്ഷേപ– വായ്പമേഖലകളിൽ അസംന്തുലിതാവസ്ഥയുണ്ടായതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് ഏൽപ്പിച്ച ആഘാതം എത്രയാണെന്ന് ഇപ്പോഴും വ്യക്തമല്ല. അതിനു ശേഷം റഷ്യ– യുക്രെയ്ൻ യുദ്ധം. ഇതു പോലെയുള്ള അപ്രതീക്ഷിത റിസ്കുകൾ കൈകാര്യം ചെയ്യാൻ ബാങ്കുകൾ സജ്ജമായിരിക്കണം. വിരൽ തുമ്പിൽ ബാങ്കിങ് നടക്കുന്ന ഇക്കാലത്ത് എല്ലാ രാജ്യങ്ങളും ഈ ദിശയിൽ ഒരുമിച്ച് മുന്നേറാനുള്ള തയാറെടുപ്പിലാണ്. 

ബാങ്കിങ് സേവനം താഴേത്തട്ടിലേയ്ക്ക്

ഇക്കാലത്ത് കൂടുതല്‍ നിക്ഷേപം നേടി ഇന്ത്യന്‍ ബാങ്കുകള്‍ അടിത്തറ സുശക്തമാക്കിയത് നേട്ടമാണ്. പല രാജ്യങ്ങളുടെയും  ആഭ്യന്തര വളര്‍ച്ച പിന്നോട്ടുപോയത് രാജ്യാന്തര തലത്തിലുണ്ടായ തിരിച്ചടികള്‍ മൂലമാണ്. പണപ്പെരുപ്പംമൂലം ലോകസമ്പദ്ഘടന വലിയ തിരിച്ചടികള്‍ നേരിടുകയാണ്. നിലവില്‍ ലോകമെമ്പാടും സാമ്പത്തിക മാന്ദ്യം നേരിടുന്നുണ്ടെങ്കിലും അത് രൂക്ഷമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധിയിലും ഇന്ത്യയുടെ വളര്‍ച്ച ഏഴുശതമാനമായിരിക്കുമെന്നും ഇത് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കരുതല്‍ ധനത്തിന്റെ കാര്യത്തില്‍ ഇതര രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണെന്നത് മഹത്തരമായ കാര്യമാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥ അത്ര ശക്തമാണെന്നതിന് മറ്റൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാനില്ലെന്നും ദാസ് പറഞ്ഞു. ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനം കാലത്തിനൊത്ത് മാറിവരികയാണ്. വിരല്‍ത്തുമ്പിലേക്ക് ബാങ്ക് ചുരുങ്ങിക്കഴിഞ്ഞു. ഡിജിറ്റല്‍ ബാങ്കിങും അതിലെ സുരക്ഷയും കൂടുതല്‍ ശക്തിയാര്‍ജിച്ചുകഴിഞ്ഞു.

RBIgov

സാധാരണക്കാരിലേക്കും പാവപ്പെട്ടവരിലേക്കും ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപിപ്പിക്കാന്‍ ബാങ്കുകള്‍ ശ്രദ്ധചെലുത്തിവരുന്ന കാലമാണ്. ക്രിപ്റ്റോ കറൻസികൾ ബാങ്കുകൾക്ക് നേരിട്ടും അല്ലാതെയും ഭീഷണി ആണ്. ബാങ്ക് തട്ടിപ്പുകള്‍ തടയാനും മറ്റുമായി നിയമങ്ങളും മാറ്റേണ്ടതായിട്ടുണ്ട്.  ഇന്ത്യയില്‍ വരാനിരിക്കുന്ന ജി20 ഉച്ചകോടി രാജ്യത്തിന് നേട്ടമാകും. വിവിധ രാജ്യങ്ങളുമായി സാങ്കേതിക സഹകരണം വിപുലപ്പെടുത്താന്‍ ഇത് അവസരമാകും. ബാങ്കിങ് മേഖലയിലൂം സമ്പദ്ഘടനയിലും എപ്പോഴും നല്ലതുമാത്രം പ്രതീക്ഷിക്കാതെ ഭാവിയില്‍ വരാനിടയുള്ള പിഴവുകള്‍ നേരിടാനും സജ്ജമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വെല്ലുവിളിയാണെന്നും അതുനേരിടാന്‍ സജ്ജമാകണമെന്നൂം അദ്ദേഹം ഓര്‍മിപ്പിച്ചു. ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ ബാലഗോപാല്‍, എം.ഡി. ശ്യാം ശ്രീനിവാസന്‍ എന്നിവരും സംബന്ധിച്ചു.

English Summary : RBI Governor Said American Bank Crisis will not Affect India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA