ADVERTISEMENT

വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം അമേരിക്ക നേരിടുന്ന പ്രതിസന്ധികളെ നേരിടാൻ ഫെഡറൽ റിസർവ് കണ്ട ഒറ്റമൂലി തുടർച്ചയായി പലിശ നിരക്ക് ഉയർത്തൽ ആയിരുന്നു. എന്നാൽ ഉദ്ദേശിച്ച ഫലങ്ങൾ കണ്ടില്ല എന്ന് മാത്രമല്ല, അതുണ്ടാക്കിയ പാർശ്വഫലങ്ങൾ  വലുതാണുതാനും. സാമ്പത്തിക ശാസ്ത്രത്തിലും നയങ്ങളിലും അവസാന വാക്ക് എപ്പോഴും ബാലവാന് സ്വന്തമല്ല എന്ന് ഈ സംഭവ വികാസങ്ങൾ അടിവരയിട്ട് പറയുന്നു.

എന്നാൽ പരസ്പര ബന്ധിതമായ ഒരു ലോക വ്യവസ്ഥയിൽ, ഡോളർ ലീഡ് ചെയ്യുന്ന ഒരു രാജ്യാന്തര വിപണിയിൽ, പിടിച്ചുനിൽക്കുവാൻ അമേരിക്കൻ സാമ്പത്തിക നയങ്ങളെ കാണാതെ കഴിയില്ലായെന്ന പരമാർത്ഥം, ഫെഡറൽ റിസർവ് എടുക്കുന്ന തീരുമാനങ്ങളും കൂടി കണക്കിലെടുത്തുകൊണ്ട് മാത്രമേ  സ്വന്തം രാജ്യത്തെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുവാൻ കഴിയൂ എന്ന പ്രായോഗികതയിലേക്ക് ലോക രാജ്യങ്ങളെയെയും കേന്ദ്ര ബാങ്കുകളെയും നയിക്കുകയാണ്. ഇക്കഴിഞ്ഞ ബുധനാഴ്ച അമേരിക്കൻ ഫെഡറൽ റിസർവ് കാൽ ശതമാനം വർധന വരുത്തിയത് ഈ സഹചര്യത്തിൽ പ്രധാനമാണ്.  അതുകൊണ്ടാണ് ഇന്ത്യൻ സാഹചര്യം താരതമ്യേന മെച്ചപ്പെട്ടതാണെങ്കിലും റിസർവ് ബാങ്ക് ഇന്ത്യൻ സാഹചര്യങ്ങൾ കൂടാതെ ഫെഡ് നിരക്കിന്റെ ഉയർച്ചയും കണക്കിലെടുത്ത് കഴിഞ്ഞ പത്തു മാസത്തിനുള്ളിൽ റിപ്പോ  നിരക്ക് 250 ബേസിസ് പോയിന്റുകൾ ഉയർത്തി 6.50 % ൽ കൊണ്ടെത്തിച്ചത്.  

തുടർച്ചയായ ഈ നിരക്ക് വർദ്ധന സാധാരണക്കാരുടെ പ്രത്യേകിച്ചും ബാങ്ക് വായ്പകൾ എടുത്തവരും എടുക്കുന്നവരുമായ ഇടത്തരക്കാരുടെ ജീവിതം  കൂടുതൽ ദുഷ്കരമാക്കിയിട്ടുണ്ട്. പുതിയ ആവശ്യക്കാരുടെ കുറവുമൂലം ഭവനനിർമാണരംഗത്തും മറ്റും പ്രതീക്ഷിക്കുന്ന വളർച്ച ഇല്ല.  ഇന്ത്യയിലെ വ്യവസായികളുടെ സംഘടന (സി ഐ ഐ) നിരക്കുകൾ ഇനിയും വർദ്ധിപ്പിച്ചാൽ അത് വളർച്ചയെ പ്രതികൂലമായി ബാധിക്കും എന്ന് ആശങ്കപ്പെടുന്നു.   

വായ്പകളിൽ കൂട്ടിക്കിട്ടിയ പലിശ മൂലം ബാങ്കുകളുടെ പലിശ മാർജിനുകൾ താൽക്കാലികമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കൂടിയ നിരക്കുകൾ ഡെപ്പോസിറ്റുകൾക്ക് നൽകുന്നതിനാൽ ഇതിൽ തിരുത്തൽ ഉണ്ടാകും.  

ഇത്തവണ ആശ്വാസം ഉണ്ടാകില്ല

നവംബറിൽ വിലക്കയറ്റം 5.88 % ആയതും, ഡിസംബറിൽ ഇത് 5.72 % ൽ നിർത്താൻ കഴിഞ്ഞതും ഫെബ്രുവരിയിലെ മോണിറ്ററി പോളിസി അവലോകനത്തിൽ കമ്മിറ്റിയുടെ ആശ്വാസമായിരുന്നു. അതിനാലാണ് അന്ന് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകൾ മാത്രം ഉയർത്തി, നിരക്ക് വർദ്ധനയിൽ വിരാമമിടാൻ കഴിയും എന്ന തോന്നൽ  വിപണിക്ക് നൽകാൻ കഴിഞ്ഞത്.  മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ചു യുക്തമായ തീരുമാനങ്ങൾ ഇക്കാര്യത്തിൽ തുടർന്നും എടുക്കും എന്ന് അന്ന് റിസർവ് ബാങ്ക് സൂചിപ്പിച്ചിരുന്നുവെങ്കിലും അത് കേന്ദ്ര ബാങ്കിന്റെ മുൻ‌കൂർ ജാമ്യം എന്നാണ് പൊതുവെ മനസ്സിലാക്കിയത്.  എന്നാൽ ജനുവരിയിൽ വിലക്കയറ്റം 6.52 % ലും ഫെബ്രുവരിയിൽ 6.40 %ലും  എത്തിനിൽക്കുമ്പോൾ, കഴിഞ്ഞ പോളിസി അവലോകന സമയത്തു ഉണ്ടായിരുന്ന ആശ്വാസം ഇത്തവണ മോണിറ്ററി കമ്മിറ്റിക്ക് ഉണ്ടാവില്ല എന്ന് ഉറപ്പ്.  

സാമ്പത്തികസ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

കഴിഞ്ഞ ആഴ്ച ഗവർണർ ശക്തികാന്ത ദാസ് കൊച്ചിയിൽ പറഞ്ഞത്, സിലിക്കൺ വാലി ബാങ്കിന്റെയും മറ്റും വീഴ്ചക്ക് ഒരു കാരണം അവർ കൈയ്യിൽ വന്ന മിച്ച നിക്ഷേപം കൂടുതലായി ബോണ്ടുകളിൽ നിക്ഷേപിച്ചതാവാം എന്നാണ്. പലിശ നിരക്കുകളിൽ വർദ്ധനവ് ഉണ്ടാകുമ്പോൾ ബോണ്ടുകളുടെ വിലയിൽ കുറവുണ്ടാകുകയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമ്പദ് ഘടനയിൽ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ പലിശയിൽ വർദ്ധനവ് ഉണ്ടാകില്ല എന്ന് കരുതി ആരും ആശ്വസിക്കേണ്ട എന്നും പലിശ വർദ്ധനവ് ഉണ്ടാകാം എന്ന സാധ്യതയും കൂടെ കണക്കിലെടുത്തുവേണം ബോണ്ടുകളിലും മറ്റും നിക്ഷേപം നടത്തുവാൻ എന്നും  സാമ്പത്തികസ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുവാനും ഗവർണ്ണർ മറന്നില്ല.  ഇന്ത്യൻ ബാങ്കുകളുടെ ബോണ്ടുകളിലെ നിക്ഷേപം താരതമ്യേന കുറവായതിനാൽ പലിശ ഉയർത്തിയാൽ  അമേരിക്കൻ  ബാങ്കുകൾ നേരിടുന്ന രീതിയിലുള്ള ഒരു അപകടാവസ്ഥ ഇന്ത്യൻ ബാങ്കുകൾക്ക് ഉണ്ടാവില്ല എന്നും ഗവർണ്ണർ സൂചിപ്പിച്ചു.  

അമേരിക്കൻ പ്രതിസന്ധി അവിടെ മാത്രം ഒതുങ്ങില്ല എന്നാണ് ക്രെഡിറ്റ് സ്വിസ് ബാങ്ക് കാണിച്ചു തരുന്നത്. എന്നാൽ ഇതിനിടയിലും യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് 50 ബേസിസ് പോയിന്റുകൾ ഉയർത്തി വിലക്കയറ്റം നേരിടാൻ തീരുമാനിച്ചിരിക്കുന്നു.  

ഇതെല്ലാം കൂട്ടിവായിച്ചാൽ ഏപ്രിൽ മാസത്തിലെ മോണിറ്ററി പോളിസിയുടെ ദിശ ഏകദേശം വ്യക്തം. നാല് ശതമാനമെന്ന വിലക്കയറ്റ ലക്ഷ്യത്തിലേക്ക് എത്താൻ ഇനിയും ദൂരമുണ്ട്.  അതിനാൽ അടുത്ത പലിശ വർദ്ധവിനായി കാത്തിരിക്കാം. അത് 25 ബേസിസ് പോയിന്റുകളിൽ ഒതുങ്ങിയാൽ അത്രയും നല്ലത്.

ലേഖകൻ ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനാണ് 

EnglisH Summary : RBI may Hike Interest Rate this Time

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com