ADVERTISEMENT

റിസർവ് ബാങ്ക പലിശ നിരക്കുയർത്താതിരുന്ന ഇന്നത്തെ തീരുമാനം സാധാരണക്കാരെ സംബന്ധിച്ച് സന്തോഷകരമാണ്. തുടർച്ചയായി ഉയർന്നു കൊണ്ടിരുന്ന ബാങ്ക് പലിശയും തിരിച്ചടവുകളുമായി മല്ലിട്ടുകൊണ്ടിരുന്ന ഇക്കൂട്ടർക്ക് ഇടക്കാല ആശ്വാസമാണ് റിസർവ് ബാങ്കിന്റെ ഈ തീരുമാനം.സാമ്പത്തിക രംഗത്ത് പണമൊഴുക്കും വിലക്കയറ്റവും നോക്കി നടത്തുക മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും തങ്ങളുടെ മുൻഗണനയാണ് എന്നാണു ഇന്നത്തെ മോണിറ്ററി പോളിസി അവലോകന തീരുമാനത്തിലൂടെ റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്.  തന്റെ പ്രസംഗത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഗവർണർ ശക്തികാന്ത ദാസ് ആവർത്തിച്ച് പറഞ്ഞത് റിസർവ് ബാങ്ക് സാമ്പത്തിക നയങ്ങൾ തീരുമാനിക്കുന്നത് വിലക്കയറ്റം, സാമ്പത്തിക വളർച്ച, സാമ്പത്തിക സ്ഥിരത ഇവ മൂന്നിലും ഊന്നൽ കൊടുത്തായിരിക്കും എന്നാണ്.

ഈ ഉറച്ച നിലപാടിലാണ് പോളിസി നിരക്ക് മാറ്റമില്ലാതെ നിലനിർത്തിക്കൊണ്ടു തികച്ചും അപ്രതീക്ഷിതമെന്ന് പറയാവുന്ന തീരുമാനം ഇന്ന് റിസർവ് ബാങ്ക് എടുത്തത്. അതിന്റെ പ്രതിഫലനം അപ്പോൾ തന്നെ ഓഹരി വിപണിയുടെ കുതിപ്പിൽ കാണുകയും ചെയ്തു.  

ഉദാരനയമോ?

എണ്ണയുൽപ്പാദനം കുറയ്ക്കുമെന്ന്  എണ്ണക്കമ്പനികൾ (OPEC +) തീരുമാനിച്ചതിന്റെ അലകൾ സജീവമായി നിൽക്കുന്ന സാഹചര്യത്തിലും കൂടിയാണ്  റിസർവ് ബാങ്ക് റിപോ നിരക്ക് 6.50  ശതമാനത്തിൽ തന്നെ തുടരട്ടെയെന്ന് തീരുമാനിച്ചത് എന്നത് പ്രസക്തമാണ്. ഒപെക് തീരുമാനത്തിന്റെ ഫലമായി ക്രൂഡ് ഓയിലിന്റെ വില ബാരലിന് 85 ഡോളർ കടന്ന് 100 ഡോളറിലേക്കും അതിന് മുകളിലേക്കും എത്താം എന്ന് വിലയിരുത്തുന്നു. രാജ്യത്തിന്റെ ഓയിൽ ആവശ്യത്തിൽ 80 ശതമാനത്തോളം ഇപ്പോഴും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.    സ്വഭാവികമായും ഓയിൽ വില ഉയരുന്നത് ഇന്ത്യൻ രൂപയുടെ തളർച്ചക്ക് കാരണമാകും. കൂടാതെ ഫെഡ് റിസർവും യൂറോപ്യൻ കേന്ദ്ര ബാങ്കും മറ്റും നിരക്കുകൾ വർധിപ്പിച്ചത് മറ്റൊരു വർധനയ്ക്ക് റിസർവ് ബാങ്കിനെയും നിർബന്ധിതമാക്കുമെന്ന് പൊതുവെ കരുതിയിരുന്നു.  കൂടാതെ വിലക്കയറ്റം, കഴിഞ്ഞ പോളിസി റിവ്യൂ സമയത്തുണ്ടായിരുന്ന സാഹചര്യത്തിൽ നിന്നും ഉയർന്നതോതിലാണ്.  

നിരക്ക് വർദ്ധനവിലേക്ക് സ്വഭാവികമായും റിസർവ് ബാങ്കിനെ നയിക്കുന്ന ഈ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും, തുടർന്നും നിരക്കുകൾ ഉയർത്തി രാജ്യത്തിന്റെ വളർച്ചയെ മന്ദീഭവിക്കരുതെന്ന് ചേംബർ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് അടക്കം അഭിപ്രായം പറഞ്ഞിരുന്നു. മാത്രമല്ല, നിരക്ക് വർദ്ധനവ് കൊണ്ട് മാത്രം ആഗോള സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ കഴിയില്ലായെന്നത് അമേരിക്കൽ ബാങ്കുകളുടെ വീഴ്ചകളിലൂടെ നാം കണ്ടതുമാണ്. നിരക്കുകൾ മാറ്റമില്ലാതെ നിർത്തുവാൻ തീരുമാനമെടുക്കുമ്പോൾ മോണിറ്ററി പോളിസി കമ്മിറ്റി ഈ വസ്തുതകളും മനസ്സിൽ വെച്ചിരിക്കാം.  

rbi-1

പണമൊഴുക്ക് കൂടുമോ?

അതേ സമയം ഇന്ത്യയുടെ വളർച്ച നിരക്ക് ഇക്കണോമിക് സർവേയിൽ പറഞ്ഞിരുന്ന 6.5 ശതമാനത്തിൽ എത്താനിടയില്ലെന്ന് ലോക ബാങ്കും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കും പ്രധാനപ്പെട്ട റേറ്റിങ് ഏജൻസികളും പറയുന്നു.  ഇത് റിസർവ് ബാങ്ക് കണക്കുകൂട്ടിയിരുന്ന  6.4 ശതമാനത്തിലും താഴെയായിരിക്കുമെന്നാണ് റേറ്റിങ് ഏജൻസികളുടെ നിലപാട്.  എന്നാലിതെല്ലാം തള്ളിക്കൊണ്ടാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച റിസർവ് ബാങ്ക് നേരത്തെ പറഞ്ഞിരുന്ന 6.4 ശതമാനത്തിനും മുകളിൽ 6.5 ശതമാനമാകുമെന്നു ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.  മാത്രമല്ല, കാർഷിക രംഗത്തും സേവനരംഗത്തും ഉത്പാദനരംഗത്തും നല്ല വളർച്ച ഉണ്ടാകുമെന്ന് വിലയിരുത്തുന്നു. സമ്പദ് ഘടനയിൽ പണമൊഴുക്ക് വർധിപ്പിക്കുവാൻ ഇത് കാരണമാകും.  ഈ സാഹചര്യത്തിലും വിലക്കയറ്റം നേരത്തെ പ്രൊജക്റ്റ് ചെയ്തിരുന്ന 5.3 ശതമാനത്തിൽ നിന്ന് താഴ്ന്ന് 5.2 ശതമാനത്തിൽ നിർത്തുവാൻ കഴിയുമെന്നാണ് ഇന്നത്തെ പ്രഖ്യാപനം.  ഇന്ത്യൻ സമ്പദ് ഘടന സുസ്ഥിരവും പ്രതിസന്ധികളെ വേഗത്തിൽ നേരിടാനുള്ള നൈസർഗ്ഗികമായ കഴിവുമുള്ളതാണെന്നു ഗവർണർ പറയുന്നു. 

വിലക്കയറ്റിന് എതിരെയുള്ള യുദ്ധം

ഇതെല്ലാം പറയുമ്പോഴും ഗവർണർ ആവർത്തിച്ച് പറഞ്ഞത് ഈ തീരുമാനം ഇത്തവണത്തേക്ക് മാത്രമാണ് എന്നാണ്. അനിശ്ചിതത്വമാണ് കേന്ദ്ര ബാങ്കുകളുടെ നയരൂപീകരണത്തെ നിർവചിക്കുന്നത്.  മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ചു ഈ തീരുമാനം യുക്തമായ രീതിയിൽ ഏതു സമയത്തും പുനഃ പരിശോധിക്കും.  ഇത് വരെയുള്ള നിരക്ക് വർദ്ധനവിന്റെയും മറ്റും ഫലങ്ങൾ വിലയിരുത്തുവാൻ ഉള്ള ഒരു ബ്രേക്ക് ആയി മാത്രം ഇന്നത്തെ തീരുമാനത്തെ കണ്ടാൽ മതി.  റിസർവ് ബാങ്ക് കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന ഉദാരനയം കഴിഞ്ഞ മൂന്ന് പാദങ്ങളിലായി പിൻവലിക്കുന്നത് തുടരും. ആഗോളതലത്തിൽ പൊതുവെ വിലക്കയറ്റതോത് അല്പം കുറഞ്ഞിരിക്കുന്നുവെങ്കിലും ആശാവഹമായ തലത്തിലേക്ക് അത് ഇപ്പോഴും എത്തിയിട്ടില്ല.  അതിനാൽ തന്നെ റിസർവ് ബാങ്ക് വിലക്കയറ്റിന് എതിരെയുള്ള യുദ്ധം തുടരുക തന്നെ ചെയ്യും.

ഇലസ്ട്രേഷൻ: REUTERS/Dado Ruvic/Illustration/File Photo
ഇലസ്ട്രേഷൻ: REUTERS/Dado Ruvic/Illustration/File Photo

നിരക്ക് വർധനവ് വേണ്ട എന്ന തീരുമാനം സാമ്പത്തിക സാഹചര്യങ്ങളെ മാത്രം വിലയിരുത്തി അല്ലെന്ന് കാണാം. പണമൊഴുക്കും വിലക്കയറ്റവും മാനേജ് ചെയ്യുന്നതിനോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കേന്ദ്ര ബാങ്കിന്റെയും പ്രാഥമിക ഉത്തരവാദിത്തമാണ് എന്ന നിലയിലേക്ക് മോണിറ്ററി പോളിസി കമ്മിറ്റി ചിന്തിക്കുന്നുവെന്ന് വേണം കരുതാൻ.  

ലേഖകൻ ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനാണ് 

English Summary : Why RBI Didn't Hike Repo Rate Today?

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com