ADVERTISEMENT

റീപോ നിരക്കിൽ തൊടാതെയാണ് റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി ഏപ്രിൽ മാസത്തിൽ സാമ്പത്തിക അവലോകനം നടത്തിയത്. അത് അന്നത്തെ സാഹചര്യത്തിൽ അപ്രതീക്ഷിതമായിരുന്നു എന്ന് പറയാം. സാമ്പത്തിക അവലോകന വേളയിൽ മോണിറ്ററി പോളിസി കമ്മിറ്റിയുടെ പരിഗണനയിൽ വരുന്ന പ്രധാനപ്പെട്ട പല കാര്യങ്ങളും നിരക്ക് വർദ്ധനവിലേക്കു വിരൽ ചൂണ്ടുന്നതായിരുന്നു എങ്കിലും നിരക്കുകളിൽ തൽസ്ഥിതി നിലനിർത്തുന്നു എന്ന ഉറച്ച തീരുമാനമാണ് അന്ന് എടുത്തത്. എന്നാൽ ഇത് ഇത്തവണത്തേക്കു മാത്രമുള്ള തീരുമാനമാണെന്നും ഇനി അങ്ങോട്ട് നിരക്ക് വർദ്ധനവ് ഇണ്ടാവില്ല എന്ന് അർത്ഥമാക്കേണ്ടതില്ല എന്നും അന്ന് റിസർവ് ബാങ്ക് അസ്സന്നിഗ്ദ്ധമായി പറഞ്ഞു. 

ഏപ്രിൽ മാസം കഴിഞ്ഞ് മെയ് എത്തിയപ്പോൾ പുറത്തു വന്ന പ്രധാനപ്പെട്ട റിപ്പോർട്ടുകൾ കാണിക്കുന്നത് രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെട്ടിരിക്കുന്നു എന്നാണ്. നാണ്യപ്പെരുപ്പത്തോത് നാല് ശതമാനമാണ് ദീർഘകാല ലക്ഷ്യമെങ്കിലും, ഏപ്രിൽ മാസത്തിൽ അത് 4.7 ശതമാനത്തിൽ നിന്നത് ആശ്വാസമായി.  2021 ഒക്ടോബർ മാസത്തിനുശേഷം ഇതാദ്യമായാണ് നാണ്യപ്പെരുപ്പം ഇത്രയും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ, 2024 സാമ്പത്തികവർഷത്തിലെ നാണ്യപ്പെരുപ്പത്തോത് നേരത്തെ കണക്കാക്കിയിരുന്ന 5.3 ശതമാനത്തിൽ നിന്ന് കുറച്ചു 5.2 ശതമാനമായി കണക്കാക്കിയിരുന്നു.  

മാർച്ച് 2023 ൽ അവസാനിച്ച സാമ്പത്തികവർഷത്തെ ആഭ്യന്തര ഉത്പാദന വളർച്ച നേരത്തെ കണക്കാക്കിയിരുന്ന ഏഴു ശതമാനത്തിൽ നിന്ന് കൂടുമെന്നും അത് 7.2 ശതമാനത്തിൽ എത്തുമെന്നും നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.  ഇത് ആഭ്യന്തര ഡിമാൻഡിൽ വന്നിരിക്കുന്ന തുടർച്ചയായ വളർച്ചയുടെ പ്രതിഫലനമാണ്.  അത്രയൊന്നും ആശാവഹമല്ലാത്ത രാജ്യാന്തര സാഹചര്യങ്ങൾ നിലനിൽക്കെയാണ് ഇന്ത്യയുടെ ആഭ്യന്തര വളർച്ച ഇത്തരത്തിൽ ഉയർന്നു നിൽക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഉൽപാദനമേഖലയിലും നിർമാണ മേഖലയിലും കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലുണ്ടായ വളർച്ചയാണ് മൊത്ത ആഭ്യന്തര ഉത്പാദന നിരക്കിനെ മേലേക്ക് ഉയർത്തിയത്.  

ജി എസ് ടി ഉയർന്നു

ജി എസ് ടി പന്ത്രണ്ടു ശതമാനം വർദ്ധിച്ചു 157 ലക്ഷം കോടിയിൽ എത്തി. ധനക്കമ്മി നേരത്തെ കണക്കാക്കിയിരുന്ന 6.40 ശതമാനത്തിൽ നിന്ന് കുറഞ്ഞ് ജി ഡി പി യുടെ 6.36 ശതമാനത്തിൽ നിൽക്കുമെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് റിപ്പോർട്ടിൽ പറയുന്നു.  ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ 2024 സാമ്പത്തികവർഷത്തെ ആഭ്യന്തര ഉല്പാദനനിരക്കു 6.4 ശതമാനത്തിൽ നിന്ന് 6,5 ശതമാനമായി കണക്കാക്കിയിരിക്കുകയാണ്.  കാലവർഷത്തിൽ വന്നേക്കാവുന്ന ഏറ്റക്കുറച്ചിലുകളും, ആഗോള തലത്തിലെ സാമ്പത്തിക പ്രതിസന്ധികൾ മൂലം കയറ്റുമതിയിൽ വരാവുന്ന വെല്ലുവിളികളും ഈ കണക്കുകളെ പ്രതികൂലമായി ബാധിച്ചേക്കാം.  

പുറത്തു വന്ന റിപ്പോർട്ടുകൾ പൊതുവെ ശുഭ സൂചകമാണ് എന്നിരിക്കലും, വർദ്ധിച്ച ആഭ്യന്തര ഉത്പാദന നിരക്കിനും മറ്റും ആനുപാതികമായി സാധാരണക്കാരുടെ ഉപഭോഗ സൂചികയിൽ (ഹൗസ് ഹോൾഡ് കൺസമ്പ്ഷൻ) ഉയർച്ച ഉണ്ടായിട്ടില്ല എന്നതും ഗ്രാമീണ മേഖലയിലെ ഉപഭോഗ സൂചിക നഗരങ്ങളിലേതിന് ഒപ്പമെത്തിയിട്ടില്ലായെന്നതും റിപ്പോർട്ടുകൾ കൊണ്ട് വന്ന കണക്കുകളോട് ചേർന്ന് നിൽക്കുന്നില്ല എന്നത് ആശങ്കാജനകമാണ്.  

ആഗോളതലത്തിൽ സാമ്പത്തിക സാഹചര്യങ്ങളിൽ  ഈ രണ്ടു മാസങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല.  ഫെഡ് നിരക്ക് 25 ബേസിസ് പോയന്റുകൾ ഉയർത്തി 5.25 ശതമാനത്തിൽ എത്തിയിരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട മാറ്റം. ഫെഡ് നിരക്ക് വർദ്ധന ഇനിയും പ്രതീക്ഷിക്കാം. ക്രൂഡ് ഓയിലിന്റെ വില 72 ഡോളറിന് താഴെ നിൽക്കുന്നു. അതും നിയന്ത്രണത്തിലാണ്. രാജ്യാന്തര സാമ്പത്തിക ചുറ്റുപാടുകൾ അതെ അളവിൽ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുന്നതിൽ നിന്ന് ഇന്ത്യ സാവധാനം മാറുന്നു എന്ന വസ്തുത (decoupling) മോനിറ്ററി പോളിസി കമ്മിറ്റി പരിഗണിക്കുന്നു എന്ന സൂചനയാണ് ഏപ്രിൽ മാസത്തെ സാമ്പത്തിക അവലോകന തീരുമാനങ്ങളിൽ നിന്നും മനസ്സിലാക്കേണ്ടത്.

ചുരുക്കി പറഞ്ഞാൽ റിപോ നിരക്ക് ഉയർത്തുവാൻ മോനിറ്ററി പോളിസി കമ്മിറ്റിയെ നിർബന്ധിക്കുന്ന മാറ്റങ്ങളൊന്നും ഏപ്രിൽ - മെയ് മാസങ്ങളിൽ കാണുന്നില്ല. എന്നാൽ നിരക്കിന്റെ ദിശാമാറ്റത്തിന് സമയമായിട്ടില്ല താനും. അതിനാൽ ജൂൺ മാസത്തിലെ സാമ്പത്തിക അവലോകനത്തിൽ നിരക്കുകൾ അതേപടി തുടരാനാണ്‌ സാധ്യത.

English Summary : RBI MPC Meeting Started

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com