സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള അഫോർഡബിൾ ഭവനവായ്പയുമായി പിരമല്‍ ഫിനാന്‍സ് കേരളത്തിൽ സജീവമാകാനൊരുങ്ങുന്നു. ഇതിന്റെ തുടക്കമായി, കേരളത്തിൽ നിന്നുള്ള വായ്പ അപേക്ഷകരിൽ പകുതിയും വനിതകളായതിനാൽ രാജ്യത്തെ ആദ്യ വനിതാ ശാഖയായ മൈത്രേയി തൃപ്പൂണിത്തുറയിൽ ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം പിരമല്‍ ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജെയ്‌റാം ശ്രീധരന്‍ നിര്‍വഹിച്ചു. പിരമല്‍ എന്റര്‍പ്രൈസസിന്റെ സമ്പൂര്‍ണ ഉപകമ്പനിയാണ് പിരമല്‍ ഫിനാന്‍സ് എന്ന് അറിയപ്പെടുന്ന പിരമല്‍ ക്യാപിറ്റല്‍ & ഹൗസിങ് ഫിനാന്‍സ്.
തൃപ്പൂണിത്തുറയിലെ മൈത്രേയി ശാഖയില്‍ ഭവന വായ്പയും എംഎസ്എംഇ വായ്പകളും അടക്കമുളള വിപുലമായ സേവനങ്ങളും ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ചുള്ള മറ്റു പദ്ധതികളും ലഭ്യമാകും. കേരളത്തിൽ പിരമളിന്റെ ഉപഭോക്താക്കളിൽ 70 ശതമാനവും സ്വയം തൊഴിൽ ചെയ്യുന്നവരും 30 ശതമാനം ശമ്പളക്കാരുമാണ്. വിപുലീകരണത്തിന്റെ ഭാഗമായി ഈ വർഷം സ്വർണവായ്പാ രംഗത്തേക്കും കടക്കാൻ പദ്ധതിയുണ്ടെന്ന് ജെയ്‌റാം ശ്രീധരന്‍ വ്യക്തമാക്കി.
പിരമല്‍ ഫിനാന്‍സിന് കേരളത്തിലുള്ള ശാഖകളുടെ എണ്ണം 18 ആണ്. തൃശൂര്‍, തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, കൊച്ചി, കോട്ടയം തുടങ്ങിയ വിപണികളിലെല്ലാം സേവനം ലഭ്യമാക്കുന്നുണ്ട്. ഇതോടൊപ്പം ഇന്ത്യയില്‍ 500-600 ശാഖകളുടെ ശൃംഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്.
English Summary : Piramal Finance Started All Woman Branch 'Maitreyi' in Thrippunithura