വായ്പയ്ക്ക് ജാമ്യം നിന്നിട്ടുണ്ടോ? വഴിയാധാരമാകാതിരിക്കാൻ ഇക്കാര്യങ്ങളറിയുക

HIGHLIGHTS
  • ജാമ്യം നില്‍ക്കുന്നത് നമ്മള്‍ ഒരു വായ്പ എടുക്കുന്നതിന് തുല്യമാണ്
loan-debt
Photo : Shutterstock/ Elnur
SHARE

ബാങ്കുകളില്‍ നിന്നും വായ്പ എടുക്കാന്‍ വേണ്ടി ജാമ്യം നിന്ന് പിന്നീട് ജാമ്യക്കാരന്‍ ബാധ്യതയിലാകുന്ന  അവസ്ഥ നമ്മള്‍ കാണാറുണ്ട്. ബന്ധത്തിന്റെ പേരില്‍ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടിയാകും ജാമ്യം നില്‍ക്കുക. എന്നാല്‍ കടക്കെണിയില്‍ ആകുന്നത് നമ്മളാകും. ജാമ്യം നില്‍ക്കുന്ന ആള്‍ ഇടുന്ന ഒരു ഒപ്പ്, പിന്നീട് വായ്പ എടുത്ത വ്യക്തി തിരിച്ചടവ് മുടക്കി നിങ്ങള്‍ അടയ്‌ക്കേണ്ട അവസ്ഥ വരുമ്പോളാണ് പലരും ഈ ഒപ്പിന്റെ വില മനസിലാക്കുക. കഴിയുന്നതും ഇത്തരം സാഹചര്യങ്ങള്‍ നേരത്തെ തന്നെ ഒഴിവാക്കുന്നതാണ് നല്ലത്. അതിനാല്‍ ജാമ്യം നില്‍ക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

വായ്പ എടുക്കുന്നതിനു തുല്യം

ജാമ്യം നില്‍ക്കുന്നത് നമ്മള്‍ സ്വയം വായ്പ എടുക്കുന്നതിന് തുല്യമാണ്. അതില്‍ അത്രമാത്രം അപകടം ഒളിഞ്ഞിരിപ്പുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ വായ്പ എടുത്ത വ്യക്തി തിരിച്ചടവ് മുടക്കിയാല്‍ മുഴുവന്‍ ഉത്തരവാദിത്വം ജാമ്യക്കാരന് ആയിരിക്കും. കൂടാതെ  വായ്പ എടുത്ത വ്യക്തി മരണപ്പെടുകയോ വായ്പക്ക് ഇന്‍ഷുറന്‍സ് ഇല്ലാതിരിക്കുകയോ ചെയ്താലും  തിരിച്ചടക്കേണ്ടത്് ജാമ്യക്കാരനാണ്.  വായ്പ എടുക്കുന്ന തുക, വായ്പ എടുക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി എന്നിവ അടിസ്ഥാനമാക്കി എല്ലാ ബാങ്കുകളുടെയും ജാമ്യ വ്യവസ്ഥയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകും.

തിരിച്ചടവ് ശ്രദ്ധിക്കുക

വായ്പ എടുത്ത ആള്‍ അത് തിരിച്ചടയ്ക്കുന്നുണ്ടോ എന്ന് ജാമ്യക്കാരന്‍ കൃത്യമായി അന്വേഷിക്കണം. പലപ്പോഴും ജാമ്യക്കാരന്‍ വായ്പ എടുത്ത വ്യക്തി അത് തിരിച്ചടയ്ക്കുന്നുണ്ടോ എന്ന് അന്വേഷിക്കാറില്ല. ബാങ്കില്‍ നിന്ന് നോട്ടീസ് വരുമ്പോഴാകും പലരും ഇക്കാര്യം അറിയുക.

ജാമ്യ വ്യവസ്ഥ വായിക്കണം

ജാമ്യ വ്യവസ്ഥയിലെ കാര്യങ്ങളെല്ലാം കൃത്യമായി വായിച്ചു മനസ്സിലാക്കുക. കാരണം തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കിന് ജാമ്യക്കാരന് എതിരെയും നിയമനടപടി സ്വീകരിക്കാം. നിങ്ങളുടെ സ്വത്തുക്കള്‍ വിറ്റ് വായ്പ തുക തിരിച്ചെടുക്കാനുള്ള അവകാശം ബാങ്കിനുണ്ട്.

ക്രെഡിറ്റ് സ്‌കോര്‍

നിങ്ങള്‍ ഒരാള്‍ക്ക് വായ്പ എടുക്കുന്നതിന് ജാമ്യം നിന്നിട്ട് ഉണ്ടെങ്കില്‍, ആ വ്യക്തി വായ്പ തിരിച്ചടവ് മുടക്കിയാല്‍ അത് ബാധിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെയും കൂടി ആണ്. ഭാവിയില്‍ നിങ്ങള്‍ ഒരു വായ്പക്ക് അപേക്ഷിക്കുമ്പോള്‍ നിങ്ങളുടെ അപേക്ഷ നിരസിക്കാന്‍ ഇതു കാരണമാകും.

വായ്പ യോഗ്യത കുറയും

വായ്പ എടുക്കുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന വായ്പ തുക കുറയാന്‍ ഇതു കാരണമാകും. കാരണം ആ വായ്പക്കു കൂടി നിങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. കാരണം തിരിച്ചടവ് മുടങ്ങിയാല്‍ അത് അടയ്‌ക്കേണ്ടി വരുന്നത് ജാമ്യക്കാരനാണ്.

പിന്മാറാനാകില്ല

ഒരിക്കല്‍ നിങ്ങള്‍ ജാമ്യം നില്‍ക്കാന്‍ തീരുമാനിച്ച് ജാമ്യ വ്യവസ്ഥയില്‍ ഒപ്പിട്ട് കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്ന് പിന്മാറുക പ്രയാസകരമാണ്. ജാമ്യത്തില്‍ നിന്ന് ഒഴിവാകുന്നതിനുള്ള നിങ്ങളുടെ ആവശ്യം ബാങ്കും വായ്പ എടുത്ത വ്യക്തിയും അംഗീകരിക്കണം. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ജാമ്യത്തില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കുകയുള്ളൂ. മിക്ക ബാങ്കുകളും ഇതിനു സമ്മതിക്കാറില്ല.

ജാമ്യക്കാരനെ മാറ്റാം

ജാമ്യക്കാരനെ മാറ്റാന്‍ സാധിക്കും. വായ്പകാരനും ജാമ്യക്കാരനും തമ്മില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ജാമ്യക്കാരനെ മാറ്റാനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജാമ്യക്കാരനില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് വായ്പകാരന്‍ മുഖാന്തരം ബാങ്കിന് അപേക്ഷ നല്‍കണം. ബാങ്ക് പുതിയ ജാമ്യക്കാരനെ കണ്ടെത്താന്‍ വായ്പകാരന് നിര്‍ദ്ദേശം നല്‍കും. പുതിയ ജാമ്യക്കാരനെ കണ്ടെത്തിയാല്‍ മാത്രം ബാധ്യത ഒഴിയും.  

വായ്പ കരാറില്‍ മാറ്റം വരുത്തിയാല്‍

വായ്പ എടുക്കുന്നതിനു മുന്‍പ് കരാറുണ്ടാകും. പലിശ നിരക്ക്, തിരിച്ചടവ് രീതികള്‍, മുന്‍കൂട്ടി അടയ്ക്കുക തുടങ്ങിയ പല കാര്യങ്ങളും വായ്പ കരാറിലുണ്ടാകും. ഇതില്‍ ഏതെങ്കിലും മാറ്റം വരുത്തിയാല്‍ വായ്പയ്ക്ക് ജാമ്യം നിന്ന വ്യക്തിയുടെ ബാധ്യതകള്‍ ഇല്ലാതാവും. ഇത്തരത്തില്‍ ബാങ്കും വായ്പക്കാരനും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ ജാമ്യക്കാരനെ ബാധിക്കില്ല. 

എന്നാല്‍ വായ്പ മോറട്ടോറിയം ഈ ഗണത്തില്‍ വരുന്നവയല്ല. റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ആശ്വാസ നടപടിയായതിനാല്‍ മോറട്ടോറിയം സ്വീകരിച്ചൊരാളുടെ വായ്പയില്‍ നിന്ന് ജാമ്യക്കാരന് പിന്മാറാനാകില്ല.

നഷ്ടപരിഹാര കരാര്‍

വായ്പയെടുത്തയാള്‍ തിരിച്ചടവ് മുടക്കുകയും ജാമ്യക്കാരന്‍ ബാധ്യത അടയ്ക്കേണ്ടിയും വന്നാല്‍ പണം തിരികെ വാങ്ങാനുള്ള വഴിയാണ് നഷ്ടപരിഹാര കരാര്‍. ഇതിനായി ജാമ്യക്കാരനും വായ്പയെടുത്തയാളും തമ്മില്‍ നഷ്ടപരിഹാര കരാര്‍ ഒപ്പിടണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA