വായ്പ ആപ്പുകൾ ഘാതകരാകുമ്പോൾ വേണം അതീവ ജാഗ്രത

HIGHLIGHTS
  • പന്തയം വെക്കാൻ പോലും ആപ്പുകൾ വഴി വായ്പ കിട്ടും
loan-fraud
SHARE

ഭീതിപ്പെടുത്തുന്ന വാർത്തകളാണ് വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട് കേൾക്കുന്നത്. വായ്പ അപേക്ഷകരുടെ വിവരങ്ങൾ ശേഖരിച്ച് വിറ്റും, വായ്പക്ക് കഴുത്തറുപ്പൻ പലിശ ഈടാക്കിയും  പ്രവർത്തിക്കുന്ന വായ്പ ആപ്പുകളെക്കുറിച്ചുള്ള പരാതികൾ ഏറിവരികയാണ്.  ഇടപാടുകാരുടെ ജീവനെടുക്കും വിധം ഇവ അപകടകാരികളായിട്ടുണ്ട്. മാത്രമല്ല ഈ ആപ്പുകൾ പലതും രാജ്യസുരക്ഷയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും ഭീഷണിയായിട്ടുണ്ട്. 

വായ്പാ തിരിച്ചടയ്ക്കാത്തവർക്ക് എസ് ബി ഐയുടെ വക ചോക്‌ലേറ്റ്! Read more...

വ്യക്തികൾ തമ്മിലുള്ള പണകൈമാറ്റത്തിലാണ് ഡിജിറ്റൽ, ഓൺലൈൻ വായ്പ സംവിധാനങ്ങൾ തുടക്കത്തിൽ ശ്രദ്ധിച്ചിരുന്നത്. വായ്പ നൽകുന്നില്ലായിരുന്നു. എന്നാൽ കഴിഞ്ഞ നാലഞ്ച് വർഷങ്ങൾക്കുള്ളിൽ വായ്പ രംഗത്ത് ധാരാളം ആപ്പുകൾ പ്രത്യക്ഷപ്പെട്ടു. ബാങ്കുകളും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളും, ഫിൻ ടെക്കുകളും ഈ രംഗത്ത് സജീവമായി. വേണ്ടത്ര സാങ്കേതിക മികവും സുരക്ഷ സംവിധാനങ്ങളും ഇല്ലാത്ത ആപ്പുകൾ സാമ്പത്തിക രംഗത്ത് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. തട്ടിപ്പുകളും സാധാരണമായി.  

ഈസി മണി സാമ്പത്തിക അച്ചടക്കം ഇല്ലാതാക്കരുത്

വേഗം മാത്രമല്ല സൗകര്യവും ആപ്പുകൾ വഴിയുള്ള വായ്പകളുടെ ആകർഷണമാണ്. പരമ്പരാഗതമായ ബാങ്കിങ് മാർഗ്ഗങ്ങളിലൂടെ വായ്പ ലഭിക്കുന്നതിനേക്കാൾ സുഗമമായി ആപ്പുകൾ വായ്പ നൽകാൻ തുടങ്ങി. ഓൺലൈൻ ഷോപ്പിങിനും വ്യക്തിഗത വായ്പകൾ പണമായി കിട്ടാനും, എന്തിന്, പന്തയം വെക്കാൻ പോലും ആപ്പുകൾ വഴി വായ്പ ലഭിക്കാൻ തുടങ്ങിയത് ഒരു വിഭാഗം ആളുകളിൽ സാമ്പത്തിക അച്ചടക്കം കുറയാനും വഴിവെച്ചു.  

personal-loan-app-fraud-case

കള്ള ആപ്പുകൾ നിർത്തലാക്കുന്നു

ഈ രംഗത്തുണ്ടായ വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിൽ  സത്യസന്ധമായി ബിസിനസ് ചെയ്യുവാൻ ഉദ്ദേശിച്ച് ഉള്ളവയല്ല എന്ന് മനസ്സിലാക്കിയ അറുനൂറിലധികം വായ്പ ആപ്പുകൾ നിർത്തലാക്കി. റിസർവ് ബാങ്കിന്റെ അനുവാദത്തോടുകൂടി മാത്രമേ ആപ്പുകൾ പ്രവർത്തിക്കാവൂ എന്ന കർശനമായ നിർദ്ദേശം നൽകി. ചൈനയുമായുള്ള ബന്ധം, കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക സുരക്ഷക്ക് ഭീഷണി എന്നീ കാരണങ്ങളാൽ ഇരുനൂറ്റി മുപ്പതിലധികം പന്തയ ആപ്പുകളും വായ്പ ആപ്പുകളും നിർത്തലാക്കി.  റിസർവ് ബാങ്ക് അംഗീകരിച്ചതോ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതോ ആയ  ആപ്പുകൾ മാത്രമേ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും ഇടാവൂ എന്ന് നിർദ്ദേശം നൽകി.  ഇതെല്ലാം ഈ രംഗം കൂടുതൽ ശക്തിപ്പെടുത്തുവാൻ സഹായിച്ചു. എങ്കിലും, ഇപ്പോഴും നിയമത്തിന്റെയും, നിയന്ത്രണങ്ങളുടെയും പഴുതുകളിലൂടെ ധാരാളം വായ്പ ആപ്പുകൾ പ്രവർത്തിക്കുന്നു.  

വായ്പ അപേക്ഷകർ എന്ത് ചെയ്യണം?

റിസർവ് ബാങ്ക് പരിശോധിച്ച് അനുവാദം നൽകിയ ആപ്പുകളുടെ വിവരങ്ങൾ ബാങ്കിന്റെ വെബ് സൈറ്റിൽ  പരിശോധിക്കാം. ആപ്പ് വഴി വായ്പ എടുക്കുന്നതിന് മുമ്പ് ആ ആപ്പിന് റിസർവ് ബാങ്കിന്റെ അനുവാദമുണ്ടോ എന്ന് നിർബന്ധമായും നോക്കണം. അത്തരം ആപ്പുകൾ വഴി മാത്രമേ ഇടപാടു നടത്താവൂ.  വായ്പ ലഭിക്കുവാൻ അപേക്ഷകന് ഉണ്ടായിരിക്കേണ്ട യോഗ്യതകൾ, ഓരോ ആപ്പിനും എത്ര തുക വരെ വായ്പ നൽകാൻ കഴിയും, പലിശ ശതമാനം എത്ര വരെയാകാം, പലിശ കൂടാതെയുള്ള മറ്റു ഫീസുകളും ചാർജുകളും എങ്ങനെ ആയിരിക്കണം, എന്തെല്ലാം രേഖകളാണ് വായ്പ ലഭിക്കുവാൻ നൽകേണ്ടത് എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം മനസ്സിലാക്കി മാത്രം വായ്പ ആപ്പുകളിൽ നിന്ന് വായ്പയെടുത്താൽ വലിയ ചതിയിലും വിപത്തിലും ചെന്നെത്താതിരിക്കാൻ കഴിയും.

നടപടികൾ അനിവാര്യം

കർശനമായ നടപടികൾ  ഇത്തരം ആപ്പുകൾക്കെതിരെ എടുക്കേണ്ടതുണ്ട്‌.  കൂടുതൽ നിയമങ്ങളും നിയന്ത്രണങ്ങളും വേണം.  കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പോലീസ്, കോടതി തുടങ്ങിയ നിയമ സംവിധാനങ്ങളും ഇക്കാര്യത്തിൽ ബദ്ധശ്രദ്ധമാകണം.  

വായ്പ ആപ്പുകളെ ശ്രദ്ധയോടെ തെരഞ്ഞെടുക്കുക

കൂട്ടത്തിൽ ജനങ്ങളുടെ സമീപനത്തിലും മാറ്റങ്ങൾ വേണം. പണത്തിന്റെ ആവശ്യം ഓരോരുത്തർക്കും ഏറിയും കുറഞ്ഞും ഉണ്ടാകും. ഓരോരുത്തരുടെയും അത്യാവശ്യവും വ്യത്യാസപ്പെട്ടിരിക്കും. എങ്കിലും, പണം ലഭിക്കുവാൻ കണ്ടെത്തുന്ന മാർഗ്ഗങ്ങൾ കുറ്റമറ്റതാണോ എന്ന് മനസിലാക്കി മാത്രം അത് സ്വീകരിക്കുക.

വായ്പ തിരിച്ചടവ് സംബന്ധിച്ച മര്യാദകൾ പാലിക്കണം

രാവിലെ എട്ടു മണിക്ക് ശേഷവും വൈകീട്ട് ഏഴു മണിക്ക് മുൻപും മാത്രമേ കളക്ഷൻ പ്രമാണിച്ച ഫോണുകളോ സന്ദര്‍ശനങ്ങളോ പാടുള്ളൂ. മറ്റൊരു സമയമാണെങ്കിൽ അതിനു ഇടപാടുകാരുടെ സൗകര്യവും സമ്മതവും വേണം. കളക്ഷൻ ഏജൻറ് മാന്യമായും സംസ്കാരസമ്പന്നതയോടെയും കൂടിയേ ഇടപാടുകാരോട് സംസാരിക്കാവൂ. യാതൊരു കാരണവശാലും അസഭ്യമായോ അധിക്ഷേപ രീതിയിലോ സംസാരിക്കുവാൻ പാടില്ല. ഇടപാടുകാരെ ഭീഷണിപ്പെടുത്തുകയോ മറ്റേതെങ്കിലും രീതിയിൽ ശല്യപ്പെടുത്തുകയോ ചെയ്യരുത്. ഇടപാടുകാർക്ക് അഭിമാനക്ഷതമുണ്ടാകുന്ന രീതിയിൽ പൊതു സ്‌ഥലത്തു വെച്ച് സംസാരിക്കുവാൻ പാടില്ല. ഇടപാടുകാരുടെ കുടുംബാംഗങ്ങളുടെയോ, സുഹൃത്തുക്കളുടെയോ സ്വകാര്യതകളിലേക്കു കടന്നു കയറരുത്. അനുചിതമായ സന്ദേശങ്ങൾ മൊബൈൽ വഴിയോ സാമൂഹ്യ മാധ്യമങ്ങൾ വഴിയോ അയക്കുവാൻ പാടില്ല. പേരുവെളിപ്പെടുത്താതെയോ ഭീഷണിയുടെ സ്വരത്തിലോ ഉള്ള ഫോൺ വിളികൾ ചെയ്യരുത്. ഇടപാടുകാരെ നിരന്തരം ഫോണിൽ വിളിച്ചു ശല്യപ്പെടുത്തരുത്. വിനയം, ന്യായമായ പെരുമാറ്റം, അനുനയം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം കളക്ഷൻ പോളിസിയെന്ന് ബാങ്കിങ് കോഡ്‌സ്‌ ആൻഡ് സ്റ്റാൻഡേർഡ്‌സ് ബോർഡ് ഓഫ് ഇന്ത്യ (BCSBI) അനുശാസിക്കുന്നു.

അനുവാദമില്ലാതെ പ്രവർത്തിക്കുന്ന ആപ്പുകൾ ഇക്കാര്യത്തിലെല്ലാം നിയമ വിരുദ്ധമായി പ്രവർത്തിക്കാൻ ഇടയുണ്ട്. അതുമൂലം ഇടപാടുകാർ വലിയ സമ്മർദ്ദത്തിൽ അകപ്പെടുന്നു. ഇത്തരം അവസരത്തിൽ ഈ ആപ്പുകളെ കുറിച്ചും അവയുടെ നിയമ വിരുദ്ധമായ പ്രവർത്തനങ്ങളെക്കുറിച്ചും ആപ്പുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെയും റിസർവ് ബാങ്കിന്റെയും ശ്രദ്ധയിൽ കൊണ്ടുവരിക എന്നതാണ് യുക്തമായ മാർഗം.

English Summary : Beware About Loan Apps

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS