ADVERTISEMENT

ഈടൊന്നും കൂടാതെയുള്ള  വ്യക്തിഗത വായ്പകൾ നൽകാൻ ഇന്ത്യയിൽ ബാങ്കുകൾ പൊതുവെ വിമുഖത കാണിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു.  അത്തരം വായ്പകളിൽ തിരിച്ചടവ് മുടങ്ങിയാൽ അത് തിരിച്ചുപിടിക്കുക പ്രയാസമായതിലാണ് ആ നിലപാട് എടുത്തിരുന്നത്.  എന്നാൽ ഈട് നൽകാൻ കഴിയാത്ത ധാരാളം ആളുകൾ വായ്പയുടെ ആവശ്യക്കാരായി എല്ലാകാലത്തും ഉണ്ട്.  അവർ ജോലിക്കാരാകാം,  ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങിയ പ്രൊഫെഷണൽസ് ആകാം, സ്വയം തൊഴിൽ ചെയ്യുന്നവരാകാം, ചെറുകിട ബിസിനസ് ചെയ്യുന്നവരാകാം. അവർക്ക് വായ്പ തിരിച്ചടയ്ക്കുവാൻ ഉള്ള വരുമാന മാർഗ്ഗങ്ങൾ ഉണ്ട്  എങ്കിലും ഈടില്ലാത്ത വായ്പകൾ ബാങ്കുകളിൽ നിന്ന് ലഭിക്കുക എളുപ്പമായിരുന്നില്ല.  ഈ ആവശ്യം നിറവേറ്റിയിരുന്നത് പ്രധാനമായും അനൗപചാരിക പണമിടപാടുകാരും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമാണ്.  

പലിശ നിരക്ക് കൂടുതൽ

ബാങ്കുകളിലെ പലിശനിരക്കിനേക്കാൾ കൂടുതലാണ് സാധാരണനിലയിൽ ഈ സ്ഥാപനങ്ങൾ ഈടാക്കുന്ന പലിശ.  അതിനാൽ ഈടില്ലാത്ത വായ്പകൾ ഈ സ്ഥാപനങ്ങളുടെ  ഇഷ്ടപ്പെട്ട ബിസിനസ്സും വരുമാനസ്രോതസ്സുമായി.

ക്രെഡിറ്റ് കാർഡ് കമ്പനികളും ഈടില്ലാത്ത വ്യക്തിഗത വായ്പ രംഗത്ത് സജീവമാണ്. ഈ വായ്പകളിലെ മുടക്ക സാധ്യത, കിട്ടാക്കട സാധ്യത എന്നിവയെല്ലാം കണക്കിലെടുത്താണ് ഇത്തരം വായ്പകൾക്ക്  പലിശ നിരക്കുകൾ നിശ്ചയിക്കുന്നത്.  അതുകൊണ്ടാണ് ഈടില്ലാത്ത വ്യക്തിഗത വായ്പകൾക്ക് പലിശ നിരക്ക് ഉയർന്നിരിക്കുന്നത്.   തിരിച്ചടവിൽ വന്നേക്കാവുന്ന വെല്ലുവിളികൾ നേരിടാൻ ശക്തവും നൂതനവുമായ കളക്ഷൻ സംവിധാനങ്ങൾ ഈ സ്ഥാപനങ്ങൾക്കുണ്ട്.  

ബാങ്കുകൾ വരുന്നു

ബാങ്കിതര സ്ഥാപനങ്ങളും മറ്റും ഈ  രംഗത്ത് കൈവരിച്ച വിജയം ക്രമേണ ബാങ്കുകളെയും ആകർഷിച്ചു. ചെറിയ വായ്പകൾ നൽകുന്ന ധാരാളം ആപ്പുകൾ വന്നു.  ഫിൻ ടെക്കുകൾ ചെറിയ വ്യക്തിഗത വായ്പകൾ നൽകാനുള്ള വലിയ ചാനലുകളായി.    

റിസർവ് ബാങ്ക് ശ്രദ്ധിക്കുന്നു

ഇത് ഈ രംഗത്ത് മത്സരം വർദ്ധിപ്പിച്ചു. മാത്രമല്ല, വായ്പക്കുള്ള അർഹതാ മാനദണ്ഡങ്ങളിൽ പതുക്കെ ഇളവുകൾ വന്നു. തിരിച്ചടവിന്റെ കാര്യത്തിൽ കൂടുതൽ സമ്മർദ്ദം ഉരുത്തിരിഞ്ഞു വരുന്നതായി കേന്ദ്ര ബാങ്കിന്റെ ശ്രദ്ധയിൽ പെട്ടു.  ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ഈടില്ലാത്ത വ്യക്തിഗത വായ്പകൾ നൽകുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകാൻ തുടങ്ങിയത്.   വ്യക്തിഗത വായ്പകൾ വായ്പാബുക്കിൽ കൂടിവരുന്നത് ബാങ്കിങ് സംവിധാനത്തിലും സാമ്പത്തിക രംഗത്തും കൂടുതൽ സമ്മർദ്ദം ഉണ്ടാക്കും. അതുകൊണ്ട് വായ്പകൾക്ക് കടിഞ്ഞാണിടാനാണ് റിസർവ് ബാങ്ക് പുതിയ തീരുമാനങ്ങൾ വഴി ലക്ഷ്യമിടുന്നത്.

എന്താണ് റിസ്ക്?  

വായ്പാബുക്കിലുള്ള റിസ്കിനെ പ്രധാനമായും രണ്ടു രീതിയിലാണ് നേരിടുന്നത്.  

1, തിരിച്ചടവിലും മറ്റും മുൻകൂട്ടി കാണാൻ കഴിയുന്ന റിസ്ക്.  ഈ റിസ്കിനെ നേരിടാനാണ്, റിസർവ് ബാങ്കിന്റെ നിർദ്ദേശമനുസരിച്ച്, ബാങ്കുകൾ ലോൺ പ്രൊവിഷൻ (loan provision) എന്ന രീതിയിൽ വരുമാനത്തിൽ നിന്ന് നിശ്ചിത തുക കരുതലായി മാറ്റിവെക്കുന്നത്.  

2, മുൻകൂട്ടി കാണാൻ കഴിയാത്ത റിസ്കുകൾ നേരിടാനാണ് ബാങ്കുകൾ റിസർവ് ബാങ്ക് നിർദ്ദേശിക്കുന്ന രീതിയിലുള്ള മൂലധനം സൂക്ഷിക്കുന്നത്.  ക്യാപിറ്റൽ അഡിക്വാസി റേഷ്യോ (CAR) എന്ന് അറിയപ്പെടുന്ന മൂലധന പര്യാപ്തതയാണ് ഇത്.  ഒരോ ബാങ്കും എത്ര മാത്രം മൂലധനം കരുതണം എന്ന് നിശ്ചയിക്കുന്നത് മറ്റു ചില പ്രധാനപ്പെട്ട കാര്യങ്ങളോടൊപ്പം ആ ബാങ്കിന്റെ വായ്പ ബുക്കിന്റെ ഗുണമേന്മയെയും കൂടി അനുസരിച്ചിരിക്കും.  

 ഓരോ തരം വായ്പക്കും  എത്ര ശതമാനമാണ് റിസ്ക് വെയിറ്റ് ( risk weight) എന്ന്  നിശ്ചയിക്കുന്നത് കേന്ദ്ര ബാങ്കാണ്.  റിസ്ക് വെയിറ്റ് കൂടുമ്പോൾ ആ വായ്പക്ക് മാറ്റിവെക്കേണ്ട മൂലധനം കൂടും.  

മൂലധനത്തിന് ചെലവ് കൂടുതലാണ് (Capital is costly)

സ്ഥാപനങ്ങൾ മൂലധനം സ്വരൂപിക്കുന്നത് ഓഹരി വില്പനയിലൂടെയാണ്.  ഓഹരിയുടമകൾക്ക് ഡിവിഡൻറ് ആയും മറ്റും ആദായം നൽകേണ്ടതുണ്ട്.  വായ്പകൾക്ക് റിസ്ക് വെയിറ്റ് കൂടുമ്പോൾ അതിന് നീക്കിവെക്കേണ്ടിവരുന്ന മൂലധനം വർദ്ധിക്കുകയും ആനുപാതികമായി ആദായ ഇനത്തിൽ ഓഹരി ഉടമകൾക്ക് നൽകേണ്ട തുക കൂടുകയും ചെയ്യും.  ചില സ്ഥാപനങ്ങൾക്ക് കൂടിയ തോതിലുള്ള റിസ്ക് വെയിറ്റ് അനുസരിച്ച് മാറ്റിവെക്കുവാൻ നിലവിൽ മൂലധനം ഉണ്ടാകില്ല.  അങ്ങനെയെങ്കിൽ തുടർന്ന് വായ്പകൾ നൽകണമെങ്കിൽ പുതിയതായി മൂലധനം സ്വരൂപിക്കണം.  ഇതിന് താമസം വന്നേക്കാം.   അതുവരെയും കൂടുതൽ വായ്പകൾ നൽകാൻ കഴിയില്ല.  ഇതാണ് കേന്ദ്ര ബാങ്ക് ഈടില്ലാത്ത വ്യക്തിഗത വായ്പകൾക്ക് റിസ്ക് വെയിറ്റ് വർധിപ്പിച്ചുകൊണ്ട് കൈവരിക്കുവാൻ ആഗ്രഹിക്കുന്ന ലക്‌ഷ്യം.

എന്താണ് മാറുക?   

നിലവിലുള്ള നിർദേശമനുസരിച്ച് റിസ്ക് വെയ്റ്റിന്റെ 11.5 ശതമാനമാണ് ബാങ്കുകൾ മൂലധനം മാറ്റിവെക്കേണ്ടത്.  പുതിയ തീരുമാനമനുസരിച്ച് ഈടില്ലാത്ത വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും നൂറു ശതമാനമായിരുന്ന റിസ്ക് വെയിറ്റ് നൂറ്റി ഇരുപത്തിയഞ്ച് ശതമാനമായി ഉയർത്തി.  അതിനർത്ഥം,  നൂറു രൂപയുടെ വായ്പക്ക് ബാങ്കുകൾ നേരത്തെ മാറ്റിവെച്ചിരുന്ന മൂലധനം 11.5 രൂപ ആയിരുന്നെങ്കിൽ, ഇനി മുതൽ 14.37 രൂപ മാറ്റിവെക്കണം. ഇത് പുതിയ വായ്പകൾക്ക് മാത്രമല്ല, നിലവിലുള്ള വായ്പകൾക്കും വേണം.  ബാങ്കിതര സ്ഥാപനങ്ങൾക്ക്  നൽകുന്ന  വായ്പകൾക്ക് റിസ്ക് വെയിറ്റ് ഇരുപത്തിയഞ്ച് ബേസിസ് പോയിന്റുകൾ ഉയർത്തി.   

ഈടില്ലാത്ത വായ്പകൾ കുത്തനെ ഉയർന്നു

കഴിഞ്ഞ മൂന്ന് വർഷത്തിനടയിൽ ഈടില്ലാത്ത വ്യക്തിഗത വായ്‌പകൾ ശരാശരി 18% ന് മുകളിൽ വളർന്നു.  ബാങ്കിതര സ്ഥാപനങ്ങൾക്കു നൽകുന്ന വായ്പയിൽ പന്ത്രണ്ട് ശതമാനം വളർച്ചയുണ്ടായി.  എന്നാൽ കഴിഞ്ഞ ഒരു വർഷം മാത്രം ഈടില്ലാത്ത വായ്പകളിൽ ഉണ്ടായ വളർച്ച ഇരുപതു ശതമാനം മുതൽ അറുപത് ശതമാനം വരെയാണ്.  ബാങ്കുകളുടെ ആകെ വായ്പ വർദ്ധനവ് ഈ കാലയളവിൽ പതിനഞ്ച് ശതമാനായിരുന്നപ്പോഴാണ്  ഈടില്ലാത്ത വായ്പകൾ അറുപത് ശതമാനം വരെ വളർന്നത്!

എല്ലാവരെയും ഒരുപോലെയല്ല ബാധിക്കുക

ഈടില്ലാത്ത വായ്പകൾ ഇപ്പോൾ മൊത്തം വായ്പാബുക്കിൽ എത്രയുണ്ട് എന്നതനുസരിച്ച് ആണ് വർദ്ധിപ്പിച്ച റിസ്ക് വെയിറ്റ് ഓരോ സ്ഥാപനത്തിന്റെയും മൂലധന പര്യാപ്തതയെ ബാധിക്കുക.  ബാങ്കുകളിൽ ഇത് ഇരുപത് ബേസിസ് പോയിന്റ് മുതൽ എഴുപത്തിയഞ്ച് ബേസിസ് പോയിന്റുകൾ വരെ ആവാം എന്നാണ് വിലയിരുത്തുന്നത്.  എന്നാൽ ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിൽ ഇത് നാനൂറ് ബേസിസ് പോയിന്റുകൾ വരെ ആയിരിക്കും എന്ന് കണക്കുകൂട്ടുന്നു.  

ചുരുക്കിപ്പറഞ്ഞാൽ, റിസർവ് ബാങ്കിന്റെ പുതിയ തീരുമാനം, ഈടില്ലാത്ത വ്യക്തിഗത വായ്പകളുടെ ലഭ്യത കുറയ്ക്കും.  അർഹതാമാനദണ്ഡങ്ങൾ കർശനമാകും. പുതിയ വായ്പകൾക്ക് പലിശ  നിരക്ക് കൂടും.  നിലവിലുള്ള വായ്പകൾക്ക് പലിശ നിരക്ക് കൂടുകയും തവണ തുക വർദ്ധിക്കുകയും ചെയ്യും

ലേഖകൻ ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനാണ് 

English Summary:

Know These Things While Availing Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com