ADVERTISEMENT

സംസ്ഥാനത്തെ സഹകരണമേഖല മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലാണ്. അടിക്കടി വരുന്ന ക്രമക്കേടുകളും തട്ടിപ്പുവാര്‍ത്തകളും സഹകരണമേഖലയുടെ വിശ്വാസമാണ് തകര്‍ത്തത്. സാധാരണക്കാരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിലും സഹകരണപ്രസ്ഥാനം വഹിച്ച പങ്ക് ചെറുതല്ല. കേരളത്തില്‍ പാലക്കാട് കൊടുവായൂരിലാണ് ആദ്യ സഹകരണസംഘം തുടങ്ങിയത്. 1914-ലെ സഹകരണ നിയമപ്രകാരം ആദ്യം സ്ഥാപിക്കപ്പെട്ട തിരുവിതാംകൂര്‍ സെന്‍ട്രല്‍ സഹകരണ ബാങ്കാണ് ഇന്നത്തെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്. ഒരു നൂറ്റാണ്ടിനപ്പുറവും ശക്തമായ പ്രസ്ഥാനമായി വളരാന്‍ സഹകരണമേഖലയെ സ്വാധീനിച്ചത് കര്‍ഷകര്‍,ചെറുകിട കച്ചവടക്കാര്‍, സാധാരണ ജനങ്ങള്‍ എന്നിവരുമായി പുലര്‍ത്തിയിരുന്ന നിരന്തര സമ്പര്‍ക്കമാണ്, പരസ്പര സഹകരണമാണ്. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് സാധാരണക്കാരന് വായ്പ ബാലികേറാമലയായിരുന്ന സമയത്ത് ഇത്തരക്കാരുടെ പ്രതീക്ഷ സഹകരണസംഘങ്ങളായിരുന്നു. ഗ്രാമവികസനത്തിലേക്കും സ്വയം പര്യാപ്തതയിലേക്കുമെത്തിയ സാധാരണക്കാരുടെ നേട്ടങ്ങള്‍ സഹകരണമേഖലയിലെ നിക്ഷേപങ്ങളായി മാറി. ഇവരുടെ സാമ്പത്തികം സുസ്ഥിരപ്പെടുത്തുന്നതിനൊപ്പം സഹകരണമേഖലയും വളർന്നു കൊണ്ടിരുന്നു.

സഹകരണ മേഖലയ്ക്ക് എവിടെയാണ് അടി പതറിയത്? 

കേരളത്തില്‍ ബാങ്കിങ് സേവനങ്ങള്‍ താരതമ്യേന കൂടുതലാണ്. ഓരോ അഞ്ചുകിലോമീറ്ററിനുള്ളിലും മറ്റു ബാങ്കുകള്‍ക്കൊപ്പം തന്നെ സഹകരണബാങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്കിങ് മേഖലയിലെ 40 ശതമാനത്തോളം നിക്ഷേപങ്ങളും സഹകരണസംഘം വഴിയാണെത്തുന്നത്. എന്നാല്‍ ഈ നിക്ഷേപങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുന്നതില്‍ വന്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. കണക്കില്ലാത്ത നിക്ഷേപങ്ങളും, കൃത്രിമ ഇടപാടുകളും സഹകരണമേഖലയെ സംശയത്തിന്റെ നിഴലിലാക്കിയിട്ട് വര്‍ഷങ്ങളായി. കരുവന്നൂര്‍,കുട്ടനെല്ലൂര്‍ അവസാനമായി കണ്ടല സഹകരണബാങ്ക്. കണക്കനുസരിച്ച് ഇവിടങ്ങളില്‍ നടന്നിട്ടുള്ള സാമ്പത്തിക ക്രമക്കേട് 700 കോടിയലധികം വരും. നാനൂറോളം സഹകരണ ബാങ്കുകളും സംഘങ്ങളും സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്നുള്ള അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്നു. സഹകരണ പ്രസ്ഥാനത്തിന്റെ തകര്‍ച്ച ഒരു നാടിനെ എങ്ങനെ ബാധിക്കുന്നുവെന്നറിയാന്‍ കരുവന്നൂര്‍ സന്ദര്‍ശിച്ചാല്‍ മതി. നഷ്ടത്തിലായി പൂട്ടിയ കടകള്‍, ചികിത്സ കിട്ടാതെ മരിച്ച രോഗികള്‍, ആത്മഹത്യകള്‍, മുടങ്ങിയ കല്യാണങ്ങള്‍.. കണക്കെടുപ്പിന്റെ സ്മാരകങ്ങള്‍ കരുവന്നൂരില്‍ കാണാം. 

കേരളത്തിലെ സഹകരണ പ്രസ്ഥാനം

സംസ്ഥാനത്തിന്റെ സഹകരണ ബാങ്കിങ് മാതൃക ഒരു ത്രിതല ഘടന ഉള്‍ക്കൊള്ളുന്നതാണ്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍(പി.എ.സി.എസ്.), ജില്ല സഹകരണ ബാങ്കുകള്‍(ഡി.സി.ബി), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ ഉൾപ്പടെ(കെ.എസ്.സി.ബി.) പുതുതായി രൂപീകരിച്ച കേരള ബാങ്കും സഹകരണ ബാങ്കിങ് മേഖലയുടെ ഭാഗമാണ്. കേരളത്തില്‍ 1643 പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളില്‍ 31600 അംഗങ്ങളുണ്ട്. അതില്‍ 29787 പേര്‍ നാമമാത്ര കര്‍ഷകരും,1617 പേര്‍ പട്ടികജാതിയില്‍പെട്ടവരും 196 പേര്‍ പട്ടികഗോത്രവിഭാഗത്തില്‍പെട്ടവരുമാണ്. ഇടപാടുകളുടെ എണ്ണവും അളവുകളും പരിശോധിക്കുമ്പോള്‍ വാണിജ്യ ബാങ്കുകളേക്കാള്‍ ദരിദ്രര്‍ക്കും അരികുവൽക്കരിക്കപ്പെട്ടവര്‍ക്കും പ്രത്യേക സംരക്ഷക വിഭാഗത്തിലുള്ളവര്‍ക്കും കൂടുതല്‍ യോജിക്കുന്നത് സഹകരണ ബാങ്കുകളാണ്. വായ്പയുടെ ശതമാനം, മുന്‍ഗണന മേഖലകളിലേക്കുള്ള വായ്പകള്‍ എന്നിവയില്‍ വാണിജ്യ ബാങ്കിനേക്കാള്‍ വളരെ മുന്നിലാണ് കേരളത്തിലെ സഹകരണ ബാങ്കുകള്‍. മാത്രമല്ല അര്‍ധ-നഗര, നഗര മേഖലകളേക്കാള്‍ ഗ്രാമങ്ങളില്‍ സഹകരണ മേഖലയ്ക്ക് ശക്തമായ സാന്നിധ്യമുണ്ട്. 

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക്
കരുവന്നൂർ സർവീസ് സഹകരണ ബാങ്ക്

സഹകരണത്തിന് നിയന്ത്രണം

നിരന്തരമായുള്ള ക്രമക്കേടുകളുടെ ഭാഗമായി റിസര്‍വ് ബാങ്ക്, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജന്‍സികള്‍ സഹകരണബാങ്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അനുചിതമായ ഈട് സെക്യൂരിറ്റിയായി സ്വീകരിക്കുക, വായ്പകളും അഡ്വാന്‍സുകളും അനുവദിക്കുമ്പോള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുക, ശരിയായ ഈട് വിലയിരുത്താതെ സ്വര്‍ണവായ്പ നല്‍കല്‍ തുടങ്ങി വഞ്ചനാപരമായ സാമ്പത്തിക സമ്പ്രദായങ്ങള്‍ ഈ മേഖലയില്‍ ഇപ്പോഴും നിലവിലുണ്ട്. പലപ്പോഴും 'നിലവിലില്ലാത്ത' സ്വര്‍ണം പണയമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സഹകരണ ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളും(പ്രമോട്ടര്‍മാര്‍) അവരുടെ രാഷ്ട്രീയ രക്ഷാധികാരികളും പാര്‍ട്ടികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഈ മേഖലയിലെ പ്രധാന വെല്ലുവിളി. വായ്പകള്‍ അനുവദിക്കുന്നതിലും, നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും, കൈമാറ്റത്തിലും, ഓഡിറ്റിങില്‍ പോലും തിരിമറികള്‍ സംഭവിക്കുന്നു. ജീവനക്കാരും ഇതിന് കൂട്ടുനില്‍ക്കുന്നു. നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാതെ വരുന്ന സാഹചര്യം സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയെയാണ് തകര്‍ക്കുന്നത്. മാത്രമല്ല പ്രാഥമികസംഘങ്ങളെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്തിരുന്ന ജില്ല സഹകരണ ബാങ്കുകളെ സംസ്ഥാന ബാങ്കില്‍ ലയിപ്പിച്ചത് ഈ മേഖലയെ ബാധിച്ചിട്ടുണ്ട്. സംസ്ഥാന സഹകരണബാങ്ക് പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ തകരുന്ന സഹകരണ ബാങ്കുകളെ സഹായിക്കാനും പരിമിതിയുണ്ട്. ഈ മാറ്റങ്ങളെത്തുടര്‍ന്ന് സാധാരണക്കാരന് എളുപ്പത്തില്‍ വായ്പ ലഭിക്കാത്ത സ്ഥിതിയാണിന്ന്.

 മുന്നോട്ട് 

യുവതലമുറയെ ആകര്‍ഷിക്കുന്നതില്‍ ഈ മേഖലയുടെ പരാജയമാണ് ഏറ്റവും പ്രധാന പ്രശ്‌നം. സഹകരണ ബാങ്കിന്റെ ഉപഭോക്ത്യ സ്ഥിതിവിവരക്കണക്കുകളുടെ വിശകലനമനുസരിച്ച്, കേരളത്തിലെ ഉപഭോക്താക്കളില്‍ 23.5% പേര്‍ മാത്രമാണ് 35 വയസിന് താഴെയുള്ളത്. 46 ശതമാനമാകട്ടെ 50 വയസിന് മുകളിലുള്ളവരും. നിലവിലെ സാങ്കേതിക സൗകര്യങ്ങളുടെ അഭാവം, ആകര്‍ഷകമല്ലാത്ത സേവനങ്ങള്‍, അമിതമായ സര്‍ക്കാര്‍ ഇടപെടല്‍ എന്നിവയാണ് യുവതലമുറയെ അകറ്റുന്ന പ്രധാന കാരണങ്ങള്‍. സഹകരണമേഖലയെ ആധുനിക വിപണിയുമായി കൂട്ടിയിണക്കുന്നതു വഴി ഈ മേഖലയെ ശക്തിപ്പെടുത്താനും രാഷ്ട്രീയ ഇടപെടലുകള്‍ കുറയ്ക്കാനും സാധിക്കും. കൃത്യമായി നിരീക്ഷിക്കാനും ഇടപെടാനും വിവിധ സ്ഥാപനങ്ങളെ ശാക്തീകരിക്കേണ്ടതുണ്ട്. സാധാരണക്കാരിലേക്ക് സാമ്പത്തിക സഹായമെത്തിക്കാന്‍ പലപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ച് പരാജയപ്പെടുമ്പോള്‍ ഏറ്റവും ഫലപ്രദമായ സഹകരണപ്രസ്ഥാനത്തിന്റെ ശക്തിപ്പെടുത്തല്‍ കാലഘട്ടത്തിന്റെ ആവശ്യമായി മാറുന്നു.

ലേഖകർ കളമശ്ശേരി സെൻറ് പോൾസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും ഒന്നാം വർഷ എം എ ഇക്കണോമിക്സ് വിദ്യാർത്ഥിനിയുമാണ്

English Summary:

Know the Problems in Cooperative Banks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com