നിങ്ങളുടെ കാർഡ് എടിഎം മെഷീനിൽ കുടുങ്ങിയോ? പുതിയ തരം തട്ടിപ്പാണ്
.jpg?w=1120&h=583)
Mail This Article
പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ കാർഡ് എടിഎം മെഷീനിൽ കുടുക്കി പുതിയ തരം തട്ടിപ്പ് അരങ്ങേറുന്നു. തട്ടിപ്പുകാർ എടിഎം കാർഡിൽ നിന്ന് കാർഡ് റീഡർ നീക്കം ചെയ്താണ് ഇത് നടത്തുന്നത്. മെഷിനുള്ളിൽ കാർഡ് കുടുങ്ങിയാൽ പെട്ടെന്ന് സഹായിക്കാനെന്ന മട്ടിൽ തട്ടിപ്പുകാർ അടുത്ത് കൂടുകയും പിൻ നമ്പർ മനസിലാക്കുകയും ചെയ്യും. കാർഡ് കുടുങ്ങിയ പരിഭ്രാന്തിയിൽ പലരും പിൻ നമ്പർ 'സഹായിക്കാനെത്തുന്നവർക്ക്' പറഞ്ഞു കൊടുക്കുന്നതിലൂടെയാണ് തട്ടിപ്പ് അരങ്ങേറുന്നത്.
ഈ തട്ടിപ്പിലൂടെ ഇരയുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ തട്ടിപ്പുകാർക്ക് എടുക്കാൻ കഴിയും എന്നതാണ് ബാങ്കുകൾ നേരിടുന്ന പുതിയ തലവേദന. എടിഎം മെഷീനിൽ കുടുങ്ങുന്ന കാർഡ് എടുക്കാൻ 'സഹായിക്കാൻ' വരുന്ന തട്ടിപ്പുകാർ പിൻ നമ്പർ ലഭിച്ചശേഷം കാർഡ് പുറത്തെടുക്കാൻ സഹായിക്കുന്ന പോലെ അഭിനയിച്ചശേഷം ഇരകളോട് ഒട്ടും സമയം കളയാതെ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടാൻ പറയും. ഇരകൾ സ്ഥലം കാലിയാക്കുമ്പോഴാണ് തട്ടിപ്പുകാർ ശരിക്കും 'ഓപ്പറേഷൻ' ആരംഭിക്കുന്നത്.
രാജ്യത്തിന്റെ പല ഭാഗത്തു നിന്നു ഈ തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പൊലീസ് പറയുന്നു. അപരിചിതർ കാൺകെ പിൻ നമ്പർ ഉപയോഗിക്കാതിരിക്കുക, പിൻ നമ്പർ മറ്റുള്ളവരുമായി യാതൊരു സാഹചര്യത്തിലും പങ്കുവയ്ക്കാതിരിക്കുക എന്നീ കാര്യങ്ങൾ ചെയ്‌താൽ ഈ തട്ടിപിന് ഒരു പരിധി വരെ തടയിടാനാകുമെന്നു പൊലീസ് പറയുന്നു.