സ്വർണം പണയം വച്ചാലും ഇനി 20,000 രൂപയിൽ അധികം 'കയ്യിൽ' കിട്ടില്ല!
Mail This Article
അത്യാവശ്യത്തിനു അൽപം സ്വർണം പണയം വച്ച് വായ്പ എടുക്കാൻ ചെന്നാൽ ഇനി 20,000 രൂപയിലധികം പണമായി കയ്യിൽ കിട്ടില്ല. വായ്പകൾക്കെല്ലാം 20,000 രൂപ എന്ന കാഷ് പരിധി കർശനമായി പാലിക്കണമെന്ന് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് (എൻബിഎഫ്സി) ഉത്തരവു നൽകിയതോടെയാണിത്.
എന്നാൽ 20,000 രൂപയ്ക്ക് മേൽ അനുവദിക്കുന്ന തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നൽകുന്നതിൽ തടസമില്ല. ഇന്ത്യയിൽ നിലനിൽക്കുന്ന ആദായനികുതി നിയമപ്രകാരം വായ്പാ ദാതാക്കൾക്ക് 20,000 രൂപയിൽ അധികം പണമായി നൽകുന്നതിന് വിലക്കുണ്ട്. എന്നാൽ എൻബിഎഫ്സികൾ ഇതു കൃത്യമായി പാലിക്കാറില്ല. എല്ലാ വായ്പകൾക്കും 20,000 രൂപ എന്ന ഈ പരിധി ബാധകമാണെങ്കിലും സ്വർണപ്പണയ വായ്പാരംഗത്താകും ഏറ്റവും കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുക. കാരണം സ്വർണപ്പണയ വായ്പയിൽ വലിയ തുകകൾ പണമായി തന്നെ പല സ്ഥാപനങ്ങളും നൽകാറുണ്ടത്രേ. ആദായനികുതി നടപടികൾ ഉണ്ടായാൽ നഷ്ടപരിഹാരം നൽകാമെന്ന സർട്ടിഫിക്കറ്റിൽ ഉപഭോക്താക്കളെ കൊണ്ട് ഒപ്പിട്ടു മേടിച്ചുകൊണ്ട് ഉയർന്ന തുകകൾ കാഷായി തന്നെ ചില എൻബിഎഫ്സികൾ നൽകുന്നു എന്നാണ് റിപ്പോർട്ട്.
ധനകാര്യ സേവന രംഗത്തെ പല നിയമങ്ങളും തെറ്റിച്ചതിന്റെ പേരിൽ ഐഐഎഫ്എല്ലിനു എതിരെ എടുത്ത നടപടികളുടെ ഭാഗമാണ് ആർബിഐ കത്ത് നൽകിയത്. എന്തായാലും കേരളം ആസ്ഥാനമായി രാജ്യമെമ്പാടും സ്വർണ വായ്പ നൽകുന്ന മുത്തൂറ്റ്, മണപ്പുറം ഗ്രൂപ്പിലെ എൻബിഎഫ്സികൾക്ക് അടക്കം ആർബിഐ ഇക്കാര്യത്തിൽ കത്ത് നൽകിയതായും റിപ്പോർട്ടുണ്ട്.
അതേസമയം രാജ്യത്ത് ഡിജിറ്റൽ മണി ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണിതെന്നും പറയപ്പെടുന്നു. എന്തായാലും വായ്പ എടുക്കാൻ ചെല്ലുന്ന സാധാരണക്കാർക്കും അത്യാവശ്യത്തിനു പണം കയ്യിൽ കിട്ടില്ല എന്നതു തലവേദന ആകും.