ഓൺലൈൻ തട്ടിപ്പ് തടയാൻ ബാങ്കുകളുടെ പുതിയ രീതി, ഉപഭോക്താക്കൾക്ക് ഉപകാരമാകുമോ?
Mail This Article
ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകൾ ദിനംപ്രതി കൂടുകയാണ്. ഉപഭോക്താക്കളുടെ അറിവില്ലാതെ ലക്ഷകണക്കിന് തുക ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നഷ്ടപ്പെടുന്നത് പതിവാകുമ്പോൾ അതിനൊരു തടയിടാൻ ബാങ്കുകൾ ഒരുങ്ങുന്നു. ഇതുമൂലം ഉപഭോക്താക്കൾക്ക് മാത്രമല്ല ബാങ്കുകൾക്കും കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്. അതുകൊണ്ടാണ് തട്ടിപ്പുകാർ നമ്മുടെ ബാങ്ക് അക്കൗണ്ടുകളിൽ നുഴഞ്ഞു കയറി ഇടപാടുകൾ നടത്താതിരിക്കാൻ ബാങ്കുകൾ പുതിയ സുരക്ഷാ രീതികൾ കൈക്കൊള്ളുന്നത്.
സംശയാസ്പദമായ ഇടപാടുകൾക്ക് മുൻപ് ഉപഭോക്താക്കൾക്ക് ബാങ്കുകൾ മുന്നറിയിപ്പ് നൽകി അവരുടെ അനുവാദം വാങ്ങുന്നതാണ് പുതിയ സുരക്ഷ ഫീച്ചർ. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നീ ബാങ്കുകളെല്ലാം ഇപ്പോൾ തന്നെ ഈ സുരക്ഷാ ഫീച്ചർ നടപ്പിലാക്കിയിട്ടുണ്ട്. പല ബാങ്കുകളും ഈ പുതിയ സിസ്റ്റം നടപ്പിലാക്കുവാൻ ഒരുങ്ങുകയാണ്. സാധാരണയായി പണം കൈമാറുന്ന അക്കൗണ്ടുകളിലേക്കല്ലാതെ വേറെ അക്കൗണ്ടുകളിലേക്ക് തുക കൈമാറുമ്പോഴാണ് ബാങ്കുകൾ 'അലേർട്ട് കോളുകൾ' നൽകുക.
ഉപഭോക്താക്കളുടെ അറിവോടെയാണ് 'പണമിടപാടുകൾ' നടക്കുന്നത് എന്നുറപ്പാക്കാനാണ് ബാങ്കുകൾ ഇത്തരമൊരു സുരക്ഷ ഫീച്ചർ നടപ്പിലാക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് 'സംശയാസ്പദമായ' ഇടപാടുകൾ ആണോ എന്ന് കണ്ടുപിടിക്കുന്നത്.ഇത്തരത്തിൽ ഇടപാടുകൾക്ക് മുൻപ് ബാങ്കുകൾ ഉപഭോക്താക്കളുടെ അനുവാദം വാങ്ങുമ്പോൾ തട്ടിപ്പുകൾക്ക് തടയിടാൻ സാധിക്കും എന്നാണ് ബാങ്കുകൾ കരുതുന്നത്.