വായ്പാപ്പലിശ ഉയർത്തി എച്ച്ഡിഎഫ്‍സി ബാങ്ക്; തിരിച്ചടവ് ഭാരം ഉയരും
Mail This Article
എച്ച്ഡിഎഫ്‍സി ബാങ്ക് വിവിധതരം വായ്പകളുടെ അടിസ്ഥാന പലിശ ഉയർത്തി. ഇതോടെ ഇവയുടെ പ്രതിമാസ തിരിച്ചടവ് ഗഡു ഉയരും.
വായ്പകളുടെ പലിശനിരക്ക് നിർണയത്തിന്‍റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (MCLR) 0.10 ശതമാനം വരെയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തിൽ വന്നു. എംസിഎൽആറുമായി ബന്ധിപ്പിച്ച വായ്പകളുടെ ഇഎംഐയാണ് ഇതോടെ വർധിക്കുക.
ഒറ്റനാൾ (ഓവർനൈറ്റ്) കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എംസിഎൽആർ ഇതുപ്രകാരം 9.05 ശതമാനമാണ്. ഒരുമാസക്കാലാവധിയുള്ളവയുടേത് 9.10 ശതമാനം, മൂന്ന് മാസക്കാലവധിയുടേത് 9.20 ശതമാനം, 6 മാസത്തേത് 9.35 ശതമാനം, ഒരുവർഷത്തേത് 9.40 ശതമാനം. രണ്ടുവർഷം, മൂന്ന് വർഷം എന്നിങ്ങനെ കാലാവധിയുള്ള വായ്പകളുടെ എംസിഎൽആറും 9.40 ശതമാനമാണ്.
എന്താണ് എംസിഎൽആർ?
ബാങ്കുകളുടെ വായ്പാ പലിശനിരക്ക് നിർണയിക്കാനുള്ള അടിസ്ഥാന നിരക്കുകളിലൊന്നാണിത്. 2016ലാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിലധിഷ്ഠിതമായ എംസിഎൽആർ അവതരിപ്പിച്ചത്. റിപ്പോ നിരക്ക് മാറുന്നതിന് ആനുപാതികമായി എംസിഎൽആറിലും ബാങ്കുകൾ മാറ്റം വരുത്തണം. ബാങ്കിന്‍റെ പ്രവർത്തനച്ചെലവ്, വായ്പയുടെ കാലാവധി, കരുതൽ ധന അനുപാതം (സിആർആർ) തുടങ്ങിയവ കൂടി വിലയിരുത്തിയാണ് എംസിഎൽആർ നിശ്ചയിക്കുന്നത്. ഇത് ഓരോ ബാങ്കിനും വ്യത്യാസപ്പെട്ടിരിക്കും.
ജൂലൈ 13ന് സിസ്റ്റം അപ്ഗ്രേഡ്
സിസ്റ്റം അപ്ഗ്രേഡ് നടക്കുന്നതിനാൽ ജൂലൈ 13ന് (ശനി) പുലർച്ചെ 3 മുതൽ വൈകിട്ട് 4.30 വരെ ചില ബാങ്കിങ്, പേയ്മെന്‍റ് സേവനങ്ങൾ തടസ്സപ്പെടുമെന്ന് എച്ച്ഡിഎഫ്‍സി ബാങ്ക് വ്യക്തമാക്കി. യുപിഐ, എടിഎം/ഡെബിറ്റ് കാർഡ്, നെറ്റ്ബാങ്കിങ് സേവനങ്ങളാണ് പൂർണമായോ പരിമിതമായോ തടസ്സപ്പെടുക. ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് ഫോറെക്സ് കാർഡ്, ഐഎൻആർ സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല.