ADVERTISEMENT

ഡെബിറ്റ് കാര്‍ഡ് ആയാലും ക്രെഡിറ്റ് കാര്‍ഡായാലും ഇഷ്ടം പോലെ ഇടപാട് നടത്തുന്നവരാണ് നമ്മള്‍. തിരക്കുപിടിച്ചുള്ള ഓട്ടത്തിനിടയില്‍ ഈ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് നഷ്ടമായാലോ? അല്ലെങ്കില്‍ നമ്മളറിയാതെ കാർഡിൽ അനധികൃത ഇടപാടുകള്‍ നടക്കുന്ന കേസുകളുമുണ്ട്. കാര്‍ഡില്‍ വൈഫൈ സേവനങ്ങളടക്കം ഉള്ളതിനാല്‍ ഇടപാടുകൾ കരുതലോടെ വേണം. ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാല്‍ വളരെ എളുപ്പത്തില്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള വഴികളിതാ.

ഓഫ്‌ലൈന്‍

കാര്‍ഡ് നഷ്ടമാകുകയോ ഏതെങ്കിലും അനധികൃത ഇടപാട് നടക്കുകയോ ചെയ്താൽ, ഉപഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള ബാങ്ക്  സന്ദര്‍ശിച്ച് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം തേടാം. നിര്‍ദ്ദിഷ്ട അപേക്ഷ നല്‍കിയാൽ മതി.

ഓണ്‍ലൈന്‍

ധനകാര്യ സ്ഥാപനത്തിന്റെ നെറ്റ് ബാങ്കിങ് പോര്‍ട്ടലിലോ മൊബൈല്‍ ആപ്പിലോ ലോഗിന്‍ ചെയ്യുക.

നിങ്ങളുടെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡിന്റെ വിശദാംശങ്ങള്‍ കണ്ടെത്തുന്ന വിഭാഗത്തിലേക്ക് പോകുക.

കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള കാരണങ്ങള്‍ സൂചിപ്പിക്കുക.

അപേക്ഷ സമര്‍പ്പിക്കുക.  

അറിയാതെ ക്ലിക്ക് ചെയ്തതാണെങ്കില്‍ ഇത് ഒഴിവാക്കാന്‍ ബാങ്ക് വീണ്ടും സ്ഥിരീകരണത്തിനായി ആവശ്യപ്പെടും.

ഒ.ടി.പി അല്ലെങ്കില്‍ പ്രൊഫൈല്‍ പാസ് വേഡ് വഴി നടപടി പ്രക്രിയ പൂര്‍ത്തിയാക്കുക.

വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ നിങ്ങളുടെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്തതായി എസ്.എം.എസ് വരും.

cardgirl1

എസ്എംഎസ്

എസ്എംഎസ് വഴി ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാനും കഴിയും. ഉപഭോക്താവ് ബാങ്ക് നല്‍കുന്ന നമ്പറിലേക്ക് പ്രത്യേക ഫോര്‍മാറ്റില്‍ ഒരു സന്ദേശം അയച്ചാല്‍ മതിയാകും. അത് വിജയകരമായി അയച്ചുകഴിഞ്ഞാല്‍ ബാങ്ക് ഒരു സ്ഥിരീകരണ സന്ദേശം നല്‍കും.

ഫോണ്‍ ബാങ്കിങ്

ബാങ്ക് നല്‍കുന്ന ടോള്‍ ഫ്രീ ഫോണ്‍ ബാങ്കിങ് നമ്പറില്‍ വിളിച്ച് വ്യക്തികള്‍ക്ക് അവരുടെ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാനും കഴിയും. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി രേഖപ്പെടുത്തിയ നിര്‍ദ്ദേശങ്ങളാകും ഉപഭോക്താവിന് ലഭിക്കുക. അതിൽ നിന്ന്  ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ഓപ്ഷന്‍ തിരഞ്ഞെടുത്തതിന് ശേഷം, നിയുക്ത കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവിന് കാര്‍ഡ് ബ്ലോക്ക് വിശദാംശങ്ങള്‍ നല്‍കേണ്ടിവരും. തങ്ങളുടെ ഐഡന്റിറ്റി രേഖകള്‍ സംബന്ധിച്ച ചില സുരക്ഷാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കാര്‍ഡ് ഉടമകള്‍ നല്‍കണം. പൂര്‍ത്തിയാകുമ്പോള്‍, ഉപയോക്താവിന് കാര്‍ഡ് ബ്ലോക്ക് സ്ഥിരീകരണം ലഭിക്കും.

ഏതൊക്കെ സാഹചര്യങ്ങളിലാണ് കാർഡ് ബ്ലോക് ചെയ്യുക

∙വ്യക്തികള്‍ക്ക് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍

 ∙കാര്‍ഡ് മോഷ്ടിച്ചെങ്കില്‍

∙അനധികൃത എടിഎം പിന്‍വലിക്കല്‍, ഓണ്‍ലൈന്‍ ഇടപാട് അല്ലെങ്കില്‍ പിന്‍ മാറ്റാനുള്ള അഭ്യര്‍ത്ഥന എന്നിവയുണ്ടായാല്‍

∙3 തവണ  പിന്‍ തെറ്റി നല്‍കിയാല്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഒരു ഡെബിറ്റ് കാര്‍ഡ് സ്വയമേവ ബ്ലോക്ക് ചെയ്യപ്പെടും.

English Summary:

How to Block Your Debit/Credit Card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com