ADVERTISEMENT

തുടർച്ചയായ 9-ാം തവണയാണ് റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുന്നത്. റീപ്പോ നിരക്ക് 6.50 ശതമാനത്തിൽ തന്നെ തുടരും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി) അടുത്ത യോഗം ഒക്ടോബറിലാണ്. അന്നുവരെ തൽകാലം ഇതേനിരക്ക് തുടരും. പണപ്പെരുപ്പം ഇപ്പോഴും വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് ഇക്കുറിയും നിരക്കുകൾ മാറ്റേണ്ടെന്ന് എംപിസി തീരുമാനിച്ചത്.

ഇതിന് മുമ്പ് പലിശ പരിഷ്കരിച്ചത് എന്ന്?
 

2023 ഫെബ്രുവരിയിലാണ് ഇതിന് മുമ്പ് എംപിസി മുഖ്യ പലിശനിരക്കുകളിൽ മാറ്റം വരുത്തിയത്. തുടർന്ന് നടന്ന 9 യോഗങ്ങളിലും നിരക്കുകളിൽ എംപിസി തൊട്ടില്ല. കോവിഡിന് മുമ്പ്, 2018ൽ 6 ശതമാനത്തിന് മുകളിലായിരുന്നു റീപ്പോ നിരക്ക്. 2019 ഫെബ്രുവരിയിൽ പണനയ നിർണയ സമിതി റീപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചു. തുടർന്ന്, ആ വർഷം ഒക്ടോബർ വരെയുള്ള ഓരോ യോഗത്തിലും പലിശ കുറഞ്ഞു. ഒക്ടോബറിൽ നിരക്ക് 5.15 ശതമാനത്തിലെത്തി.

കോവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ വാണിജ്യ, വ്യവസായ ലോകത്തിനും പൊതുജനത്തിനും സാമ്പത്തികാശ്വാസം പകരാനുള്ള നടപടികളുടെ ഭാഗമായി, 2020 മാർച്ചിൽ പ്രത്യേക യോഗം ചേർന്ന് എംപിസി റീപ്പോനിരക്ക് ഒറ്റയടിക്ക് 0.75 ശതമാനം കുറച്ച് 4.40 ശതമാനമാക്കി.

1615799446

മേയിൽ നിരക്ക് 4 ശതമാനത്തിലേക്കും കുറച്ചു. രണ്ടുവർഷം പിന്നീട് റീപ്പോനിരക്കിൽ റിസർവ് ബാങ്ക് തൊട്ടില്ല. 2022 മേയിൽ റീപ്പോ നിരക്ക് റിസർവ് ബാങ്ക് 0.40 ശതമാനം കൂട്ടി 4.40 ശതമാനമാക്കി. തുടർന്ന്, 2023 ഫെബ്രുവരി വരെ തുടർച്ചയായി ഓരോ യോഗത്തിലും എംപിസി പലിശനിരക്ക് ഉയർത്തി, 6.50 ശതമാനത്തിലെത്തിച്ചു.

ഇഎംഐ മാറിമറിഞ്ഞതെങ്ങനെ?
 

റിസ‍ർവ് ബാങ്കിന്റെ അടിസ്ഥാന പലിശനിരക്കായ റീപ്പോ (Repo rate) ആണ് ബാങ്കുകൾ വിതരണം ചെയ്യുന്ന വായ്പകളുടെ പലിശനിരക്ക് നിർണയത്തിന്റെ മുഖ്യഘടകം. റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ നിരക്കാണിത്. റീപ്പോ കൂടുകയും കുറയുകയും ചെയ്യുന്നതിന് ആനുപാതികമായി ബാങ്കുകൾ ഉപയോക്താക്കൾക്ക് നൽകുന്ന വായ്പയുടെ പലിശയും പരിഷ്കരിക്കും.

കോവിഡ് കാലത്തിന് മുൻപ്
 

നമുക്ക് എസ്ബിഐയുടെ ഹോം ലോൺ കാൽകുലേറ്ററിലൂടെ നിങ്ങളുടെ ഇഎംഐയിലുണ്ടായ മാറ്റം പരിശോധിക്കാം. നിങ്ങൾ 2018 ഡിസംബറിൽ 25 ലക്ഷം രൂപയുടെ ഭവന വായ്പ 20 വർഷത്തെ തിരിച്ചടവ് കാലയളവിൽ എടുത്തിരുന്നു എന്ന് കരുതുക. അന്ന് റീപ്പോനിരക്ക് 6.25 ശതമാനം. നിങ്ങളുടെ വായ്പാപ്പലിശ 9 ശതമാനമെന്ന് കരുതുക. ഇഎംഐ 22,493 രൂപ.

കോവിഡ് കാലത്ത്
 

കോവിഡ് കാലത്ത് റീപ്പോനിരക്ക് 4 ശതമാനത്തിലേക്ക് റിസർവ് ബാങ്ക് കുറച്ചു. നിങ്ങളുടെ വായ്പയുടെ പലിശനിരക്ക് 6.75 ശതമാനത്തിലക്ക് താഴ്ന്നു. അതോടെ, ഇഎംഐ 19,009 രൂപയായി. അതായത്, ഇഎംഐയിലുണ്ടായ വ്യത്യാസം 3,484 രൂപ. ഫലത്തിൽ 3,484 രൂപ നിങ്ങൾക്ക് മറ്റാവശ്യങ്ങൾക്കായി വിനിയോഗിക്കാമായിരുന്നു.

നിലവിൽ
 

റീപ്പോ നിരക്ക് 6.50 ശതമാനമാണ്. നിങ്ങളുടെ വായ്പയുടെ പലിശനിരക്ക് 9.25 ശതമാനത്തിലുമെത്തി. അതായത്, ഇപ്പോഴത്തെ ഇഎംഐ 22,897 രൂപ. കോവിഡ് കാലത്തെ അപേക്ഷിച്ച് ഇഎംഐയിൽ കൂടിയത് 3,888 രൂപ. കഴിഞ്ഞ ഒന്നരവർഷത്തിനിടെ ഓരോ മാസവും ഇഎംഐ അടയ്ക്കാൻ 3,888 രൂപ അധികമായി കണ്ടെത്തുകയാണ് നിങ്ങൾ.

rbi-1

ഈ ഇഎംഐ ഭാരത്തിൽ ഇക്കുറി കുറവുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കിയത്. റീപ്പോ നിരക്ക് കാൽ ശതമാനം (0.25%) കുറച്ചിരുന്നെങ്കിൽ പോലും നിങ്ങൾക്ക് നേരിയ ആശ്വാസമെങ്കിലും ഇഎംഐയിൽ കിട്ടുമായിരുന്നു. എന്നാൽ, തൽകാലം പലിശ കുറയ്ക്കേണ്ടെന്ന് റിസർവ് ബാങ്ക് തീരുമാനിക്കുകയായിരുന്നു. പണപ്പെരുപ്പം ആശ്വാസതലത്തിലേക്ക് താഴ്ന്നാൽ അടുത്ത എംപിസി യോഗം പലിശനിരക്ക് കുറയ്ക്കാൻ തയാറായേക്കും.

English Summary:

Understanding EMI Changes Post-Covid: RBI's Repo Rate Decision Explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com