പലിശ നിരക്ക് കുറച്ചില്ലെങ്കിലും സാധാരണക്കാർക്ക് സന്തോഷിക്കാൻ വകയില്ല, കാരണം?
Mail This Article
ഇത്തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. എന്നാൽ സാധാരണക്കാർക്ക് ഇതുകൊണ്ട് സന്തോഷിക്കാൻ വകയില്ലെന്നു വേണം വിലയിരുത്താൻ. പണപ്പെരുപ്പ നിരക്കിൽ 46 ശതമാനം സ്വാധീനമുള്ള ഭക്ഷ്യ വസ്തുക്കളുടെ വില നിലവാരം അവഗണിച്ച് പോളിസി നിരക്കുകൾ തീരുമാനിക്കുവാൻ കഴിയില്ല എന്ന ഗവർണറുടെ പ്രസ്താവന തീർച്ചയായും യാഥാർഥ്യബോധത്തോടെയുള്ളതാണ്.
കഴിഞ്ഞ അവലോകനങ്ങളിൽ സംഭവിച്ചത്
വിലക്കയറ്റം 4.83 ശതമാനം ആയി കുറഞ്ഞു നിന്നപ്പോഴാണ് റിസർവ് ബാങ്ക് മോനിറ്ററി പോളിസി അവലോകനം ജൂണിൽ നടന്നത്. അതിനാൽ റിപോ നിരക്കിൽ കുറവ് വന്നേക്കാം എന്ന പ്രതീക്ഷ കുറഞ്ഞൊരു പക്ഷത്തിനെങ്കിലും ഉണ്ടായിരുന്നു. എന്നാൽ ഉയർന്ന ഭക്ഷ്യ വിലക്കയറ്റ നിരക്കും വടക്കു പടിഞ്ഞാറൻ മൺസൂണിനെ കുറിച്ചുള്ള ആശങ്കയും മറ്റും കണക്കിലെടുത്ത് നിരക്കുകളിൽ തൽസ്ഥിതി തുടരുക എന്ന തീരുമാനമാണ് അന്നും എം പി സി എടുത്തിരുന്നത്. ഏപ്രിൽ മാസത്തിൽ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തിയ തീരുമാനത്തെ കമ്മിറ്റിയിൽ ആറ് അംഗങ്ങളിൽ അഞ്ചു പേരും അനുകൂലിച്ചെങ്കിൽ ജൂൺ മാസത്തിൽ ഇത് നാലായി കുറഞ്ഞു. അതിനാൽ ഓഗസ്റ്റ് മാസത്തിലെ പോളിസി അവലോകനത്തിൽ നിരക്കുകൾ കുറയ്ക്കാൻ സാധ്യത എന്ന് പൊതുവെ ധാരണ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ പോളിസി അവലോകനത്തിലും നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റിപോ നിരക്ക് 6.50 ശതമാനത്തിൽ നിലനിർത്തി.
ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം
ഇതിൽ ഒട്ടും അതിശയമില്ല. നിരക്കുകൾ കുറയ്ക്കുവാൻ അനുകൂലമായ സാഹചര്യത്തിലേക്ക് ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഒന്നും തന്നെ നടന്നിട്ടില്ല. മാത്രമല്ല വിലക്കയറ്റ നിരക്ക് 4.83 ശതമാനത്തിൽ നിന്ന് 5.08 ശതമാനമായി ഉയരുകയും ചെയ്തു. രാജ്യത്തെയും പുറത്തെയും വാണിജ്യ - സാമ്പത്തിക സാഹചര്യങ്ങൾ അസ്ഥിരമായി തുടരുന്ന സാഹചര്യത്തിൽ നിരക്കുകൾ കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് എത്താൻ സമയമായിട്ടില്ല എന്നാണ് ഗവർണർ പറഞ്ഞത്. അരി, പയർ, പച്ചക്കറി സാധനങ്ങളുടെ വിലക്കയറ്റം ഇപ്പോഴും 9.36 ശതമാനത്തിൽ നിന്ന് താഴേക്കിറങ്ങാതെ നിൽക്കുകയാണ്. മഴക്കെടുതികൾ രാജ്യത്ത് പലയിടത്തും ഉണ്ടെങ്കിലും മഴയുടെ അളവ് രാജ്യത്താകെ നോക്കിയാൽ കുറവാണ്. അതിനാൽ കാർഷിക രംഗത്ത് മെച്ചപ്പെട്ട സാഹചര്യം പ്രവചനാതീതമാണ്. എൽനിനോ പ്രതിഭാസം നിലനിൽക്കുന്നു. അതിനാൽ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റത്തിൽ ഉടനെ കുറവ് പ്രതീക്ഷിക്കുന്നില്ല.
ഫെഡ് നിരക്കുകൾക്ക് കാര്യമായ സ്വാധീനമില്ല
ഫെഡ് നിരക്കുകൾ സെപ്റ്റംബറിൽ കുറച്ചേക്കുമെന്ന് ഒരു ചർച്ചയുണ്ട്. ഇത് ഇന്നത്തെ മോനിറ്ററി അവലോകനത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടില്ല. രാജ്യാന്തര തലത്തിലുള്ള സാമ്പത്തിക സാഹചര്യങ്ങൾ അതെ പടിയിൽ നേരിട്ട് ഇന്ത്യൻ സാമ്പത്തിക തീരുമാനങ്ങളിൽ പരിഗണിക്കേണ്ടതില്ല എന്നാണ് കുറച്ചു നാളുകളായി റിസർവ് ബാങ്കിന്റെ നിലപാട്. ഇന്ത്യൻ സാമ്പത്തിക സംവിധാനത്തിന്റെ താരതമ്യേനയുള്ള സ്ഥിരതയും വളർച്ചയും ആരോഗ്യവും കണക്കിലെടുക്കുമ്പോൾ അത്തരത്തിലുള്ള നിലപാട് എടുക്കുവാൻ റിസർവ് ബാങ്കിന് കരുത്തുമുണ്ട്.
നിരക്കുകൾ കുറക്കാത്തത് സാധാരണക്കാരെ സംബന്ധിച്ച് സന്തോഷം നൽകുന്നില്ല. 2023 ഫെബ്രുവരി വരെ തുടർച്ചയായി വർധിപ്പിച്ച റിപോ നിരക്കിന്റെ അധികഭാരം ബാങ്ക് വായ്പകൾ എടുത്ത എല്ലാവരും വഹിക്കുകയാണ്. ഇനി ആർബിഐ നിരക്കുകൾ വർധിപ്പിച്ചില്ലെങ്കിൽ പോലും ബാങ്കുകൾ സ്വന്തം നിലയിൽ പലിശ ശതമാനം വർധിപ്പിക്കുന്ന സാഹചര്യവും നിലവിലുണ്ട്. കാരണം വായ്പകളുടെ ആവശ്യത്തിനും വിതരണത്തിനും ആനുപാതികമായി നിക്ഷേപ സമാഹരണം നടക്കുന്നില്ല എന്നതാണ് ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി. അതിനാൽ കൂടുതൽ പലിശ നൽകി നിക്ഷേപം ആകർഷിക്കാൻ ബാങ്കുകൾ നിർബന്ധിതമാകുന്നു. ഇത് ബാങ്ക് വായ്‌പകളുടെയും പലിശ നിരക്കുയരാൻ കാരണമാകുന്നു. ഈടില്ലാത്ത വ്യക്തിഗത വായ്പകൾക്ക് കൂടുതൽ എൽ സി ആർ (ലിക്വിഡിറ്റി കവറേജ് റേഷ്യോ) വയ്ക്കണം എന്ന സാഹചര്യവും ബാങ്കുകളുടെ വായ്പ നൽകാനുള്ള ശേഷി കുറയ്ക്കും. ഇതും പലിശ നിരക്കുകൾ ഉയർത്തുവാൻ കാരണമായേക്കും. ബാങ്കുകൾ ആവശ്യമായ നിക്ഷേപസമാഹരണം നടത്തട്ടെ എന്നാണ് റിസർവ് ബാങ്കിന്റെയും നിലപാട്.
ചുരുക്കി പറഞ്ഞാൽ, റിപോ നിരക്ക് തൽസ്ഥിതിയിൽ നിൽക്കുമ്പോഴും പലിശ നിരക്കിലെ വർധനവും ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റവും സാധാരണക്കാരുടെ ജീവിതത്തിൽ ഉടനൊരു ആശ്വാസം നൽകില്ല.
ലേഖകൻ എഴുത്തുകാരനും ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനുമാണ്. kallarakkalbabu@gmail.com