സ്വർണപ്പണയത്തിൽ സ്വരം കടുപ്പിച്ച് റിസർവ് ബാങ്ക്; ഈടില്ലാ വായ്പകൾക്കും വേണം നിയന്ത്രണം
Mail This Article
സ്വർണപ്പണയ വായ്പകൾ അനുവദിക്കുന്ന ചട്ടങ്ങളിൽ ചില ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്സി) ഇപ്പോഴും വീഴ്ച വരുത്തുകയാണെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് തിരിച്ചടിയാണെന്നും റിസർവ് ബാങ്ക്. ധനനയം പ്രഖ്യാപിക്കവേ റിസർവ് ബാങ്ക് ഗവർണറും പണനയ നിർണയ സമിതി (എംപിസി) അധ്യക്ഷനുമായ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം പറഞ്ഞത്.
സ്വർണം ഈടുവച്ച് വായ്പ അനുവദിക്കുമ്പോൾ ലോൺ-ടു-വാല്യു (എൽടിവി), റിസ്ക് വെയിറ്റ് എന്നിവ പാലിക്കണം. ഇതിൽ ചില സ്ഥാപനങ്ങൾ വീഴ്ച വരുത്തുന്നത് ശ്രദ്ധിയിൽപ്പെട്ടിട്ടുണ്ട്. അനുവദിച്ച ആവശ്യത്തിന് തന്നെയാണോ വായ്പാത്തുക ഇടപാടുകാരൻ ഉപയോഗിക്കുന്നതെന്നും പല സ്ഥാപനങ്ങളും അന്വേഷിക്കുന്നില്ല. ഇത്തരം നടപടികൾ വായ്പാത്തുക ഫലപ്രദമല്ലാത്ത മേഖലകളിലോ ഊഹക്കച്ചവടത്തിലോ ചെന്നെത്താനാകും ഇടവരുത്തുക. ചില സ്ഥാപനങ്ങൾ ഭവന വായ്പകൾ ഉൾപ്പെടെയുള്ളവയിൽ ചട്ടവിരുധമായി ടോപ്-അപ്പ് അനുവദിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈടില്ലാ വായ്പകളിലും ആശങ്ക
പ്രത്യേകിച്ച് ഈടൊന്നും വാങ്ങാതെ വൻതോതിൽ വ്യക്തിഗത വായ്പകൾ വിതരണം ചെയ്യുന്നതിലും റിസർവ് ബാങ്കിന് ആശങ്കയുണ്ട്. ഇത്തരം, സുരക്ഷിതമല്ലാത്ത വായ്പകൾ (Unsecured Loans) കുറയേണ്ടത് ധനകാര്യ സ്ഥാപനങ്ങളുടെയും ബാങ്കിങ്ങ് സംവിധാനത്തിന്റെയും സാമ്പത്തികാരോഗ്യം നിലനിർത്താൻ അനിവാര്യമാണ്.
ഈടില്ലാതെ വ്യക്തിഗത വായ്പകൾ വിതരണം ചെയ്യുമ്പോൾ കരുതലുണ്ടാകണം. ഈട് വച്ചിട്ടില്ലാത്തതിനാൽ ഇത്തരം വായ്പകൾ കിട്ടാക്കടമായി മാറാൻ സാധ്യതയേറെയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ വായ്പാവിതരണം കുറഞ്ഞപ്പോഴും ചില വ്യക്തിഗത വായ്പകൾ വൻതോതിൽ വർധിച്ചത് ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി.
നിരീക്ഷണം ശക്തമാക്കി റിസർവ് ബാങ്ക്
സ്വർണ വായ്പാ വിതരണണത്തിൽ കഴിഞ്ഞ ഏതാനും നാളുകളായി ശക്തമായ നിരീക്ഷണമാണ് റിസർവ് ബാങ്ക് നടത്തുന്നത്. ചട്ടങ്ങളിൽ വീഴ്ച വരുത്തിയതിന് ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഐഐഎഫ്എൽ ഫിനാൻസിനെ റിസർവ് ബാങ്ക് സ്വർണപ്പണയ വായ്പാ വിതരണത്തിൽ നിന്ന് വിലക്കിയിരുന്നു.
നിലവിൽ സ്വർണവായ്പയുടെ എൽടിവി 75 ശതമാനമാണ്. അതായത്, ഈടുവയ്ക്കുന്ന സ്വർണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെ തുകയേ വായ്പ നൽകാവൂ. അതിന് മുകളിൽ നൽകുന്നത് ചട്ടവിരുധമാണ്. വായ്പയിൽ 20,000 രൂപവരെയേ പണമായും നൽകാനാകൂ. തുക 20,000 രൂപയ്ക്ക് മുകളിലാണെങ്കിൽ ഇടപാടുകാരന്റെ അക്കൗണ്ടിലേക്കാണ് നൽകേണ്ടത്. ഇത്തരം ചട്ടങ്ങളിൽ വീഴ്ച വരുത്തിയതാണ് ഐഐഎഫ്എൽ ഫിനാൻസിന് തിരിച്ചടിയായത്.
സ്വർണപ്പണയ വായ്പ നൽകുമ്പോൾ സ്വർണത്തിന്റെ തൂക്കം, പരിശുദ്ധി തുടങ്ങിയവയും ധനകാര്യസ്ഥാപനങ്ങൾ പരിശോധിക്കേണ്ടതുണ്ട്. വായ്പ കിട്ടാക്കടമായാൽ ഈടായുള്ള സ്വർണം ലേലം ചെയ്യുന്നതിന് കേന്ദ്രീകൃത മാനദണ്ഡം വേണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. ചില സ്ഥാപനങ്ങൾ ഇതിലെല്ലാം വീഴ്ച വരുത്തുന്നതിൽ റിസർവ് ബാങ്കിന് ആശങ്കയുണ്ട്.