10,000 വിദ്യാർത്ഥികള്‍ക്ക് സ്കോളർഷിപ്പുമായി എസ്ബിഐ ഒക്ടോബർ 1 വരെ അപേക്ഷിക്കാം
Mail This Article
പിന്നോക്ക പശ്ചാത്തലത്തിൽനിന്നുള്ള മിടുക്കരായ 10,000 വിദ്യാർത്ഥികൾക്ക് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആർ വിഭാഗമായ എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു.
ആറാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിവർഷം 15,000 മുതൽ 20 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും. സ്കൂൾ വിദ്യാർത്ഥികൾ, ബിരുദ തലം, ബിരുദാനന്തര ബിരുദ തലം, ഇന്ത്യയിലെ ഐഐടികളിലും ഐഐഎമ്മുകളിലും പഠിക്കുന്നവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് സ്കോളർഷിപ്പ് ലഭ്യമാണ്. പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്ത 'സ്റ്റഡി എബ്രോഡ്' വിഭാഗം ആഗോളതലത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് ബിരുദാനന്തര ബിരുദവും അതിനു മുകളിലുമുള്ള വിദ്യാഭ്യാസം നേടുന്നതിനും സഹായം ലഭ്യമാക്കും.
ഒക്ടോബർ 1 വരെ https://www.sbifashascholarship.org എന്ന വെബ്സൈറ്റിലൂടെ സ്കോളർഷിപ്പിനായി അപേക്ഷിക്കാം. വിശദാംശങ്ങള്‍ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ വിദ്യാർത്ഥികൾക്ക് sbiashascholarship@buddy4study.com എന്ന ഇമെയിൽ ഹെൽപ്പ് ലൈനിലും വിവരങ്ങൾ ലഭ്യമാണ്.
ഏറ്റവും പിന്നോക്കം നിൽക്കുന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികളെ തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ആശാ സ്കോളർഷിപ്പ്പ്രോഗ്രാം. 2022-ൽ ആരംഭിച്ച സ്കോളർഷിപ്പ് പ്രോഗ്രാം 3,198 വിദ്യാർത്ഥികൾക്കായി 3.91 കോടി രൂപയുടെ സാമ്പത്തിക സഹായം ഇതിനോടകം നൽകിയിട്ടുണ്ട്.