sections
MORE

നല്ല പുട്ടുപോലുള്ള വിജയം

HIGHLIGHTS
  • ഗൾഫിലെ വരുമാനം നാട്ടിലും ഉണ്ടാക്കാം
M-Bhaskaran
SHARE

പരമ്പരാഗത രീതിയിൽ വിറക് അടുപ്പിൽ വറുത്തെടുത്ത പുട്ടുപൊടിയുടെ വിൽപനയിലൂടെ തിളക്കമാർന്ന വിജയം കൈപിടിയിലൊതുക്കുകയാണ് കണ്ണൂരിൽ തലശ്ശേരിക്കടുത്ത് പാലയാട് സിഡ്കോ വ്യവസായ പാർക്കിലെ കാവേരി ഫുഡ് പ്രോഡക്ട്സ്’ സാരഥി എം. ഭാസ്കരൻ.

നീണ്ട പ്രവാസജീവിതമവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുമ്പോൾ ഭാസ്കരേട്ടന്റെ മനസിൽ ഒരു സ്വപ്നമുണ്ടായിരുന്നു, സ്വന്തമായൊരു ബിസിനസ്. ജീവിതം അല്ലലില്ലാതെ മുന്നോട്ടു കൊണ്ടുപോകാനും ആർക്കെങ്കിലും രണ്ടു പേർക്ക് തൊഴിൽ നൽകാനും കഴിയണം. അതായിരുന്നു ലക്ഷ്യം.

നല്ല നാടൻ പുട്ടുപൊടി കൂടാതെ മുളകുപൊടിയും മഞ്ഞൾപൊടിയും ജീരകം, ഉലുവ, ആട്ട, കടുക്, റവ എന്നിവയുടെ ഉൽപ്പാദനവും വിതരണവും നടത്തുന്ന സംരംഭമാണ് ഇദ്ദേഹം അരംഭിച്ചത്.

എന്തുകൊണ്ട് ഈ സംരംഭം?

ഭാര്യാപിതാവിന് ഒരു ഹോട്ടലുണ്ടായിരുന്നു. അവിടേക്ക് കൃത്യമായി അരിപ്പൊടി ലഭിക്കാതെ വന്നപ്പോൾ അതു നൽകാൻ വേണ്ടി തുടങ്ങിയതാണ്. ഗൾഫിൽ ഒട്ടൊമൊബീൽ മേഖലയിലായിരുന്നു ജോലി ചെയ്തത്. നാട്ടിലെത്തി സംരംഭം തുടങ്ങിയതോ തീർത്തും അപരിചിതമായൊരു മേഖലയിൽ. ആത്മവിശ്വാസവും അർപ്പണവും അവിടെയും വിജയം കൊണ്ടുവന്നു. ഗൾഫിലെ വരുമാനം നാട്ടിൽത്തന്നെ നേടാൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു തുടക്കം. അതു വെറുതെയായില്ല.

മികച്ച വിപണിയ്ക്കൊപ്പം ഒരു കാലത്തും നഷ്ടം വരാത്ത ബിസിനസ് കൂടിയാണിത്. ഇതിലെല്ലാമുപരിയായി ഏതാനും പേർക്ക് തൊഴിൽ നൽകാൻ കഴിയുന്നുവെന്ന ചാരിതാർത്ഥ്യം കൂടിയുണ്ട്.

അരി വാങ്ങുമ്പോൾ

ഏറ്റവും മികച്ച അരിയാണ് പുട്ടുപൊടിക്ക് വാങ്ങുന്നത്. എങ്കിലേ നല്ല പുട്ടുപൊടിയും അതു വഴി ബിസിനസും ലഭിക്കൂവെന്നാണ് ഭാസ്കരേട്ടൻ പറയുന്നത്.

അരക്കിലോ പൊടിയിൽനിന്നു എത്ര കഷ്ണം പുട്ടു കിട്ടും? കൂടുതൽ സമയം സോഫ്റ്റായിരിക്കുമോ?പശ കൂടി പറ്റി പിടിക്കുമോ? നല്ല രുചിയുണ്ടോ?

എളുപ്പത്തിൽ കുഴയ്ക്കാൻ കഴിയുമോ? തുടങ്ങിയ കാര്യങ്ങളൊക്കെ ഉറപ്പാക്കിയ ശേഷമാണ് അരി തിരഞ്ഞെടുക്കുന്നത്.

തലശേരിയിലെ പ്രാദേശിക വിൽപ്പനക്കാരിൽനിന്നുതന്നെ നല്ലയിനം അരി കിട്ടും. വാങ്ങിയാൽ അഞ്ചു ദിവസത്തിനുള്ളിൽ അരി പൊടിച്ചു വറുത്ത് പായ്ക്ക് ചെയ്തു വിപണിയിലെത്തിക്കുന്നു. രണ്ടാഴ്ച വരെ കച്ചവടക്കാർ കടം തരും. അതുപോലെ വിളിച്ചു പറഞ്ഞാൽ ഉടൻ തന്നെ എത്തിച്ചുതരികയും ചെയ്യും. അതു കൊണ്ടു തന്നെ അസംസ്കൃതവസ്തുവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളൊന്നും സംരംഭത്തെ ബാധിക്കാറില്ല.

വിതരണക്കാർ വഴി വിൽപന

വിൽപന പൂർണമായും വിതരണക്കാർ വഴിയാണ്. അതു കൊണ്ട് ആ രംഗത്തെ റിസ്ക് സ്ഥാപനത്തെ ബാധിക്കാറില്ല. വിതരണക്കാരുടെ ലാഭം കമ്മീഷനാണ്. എട്ടു ശതമാനമാണ് നൽകുന്നത്. ആവശ്യമെങ്കിൽ ഒരു മാസം വരെ ക്രെഡിറ്റും കൊടുക്കാറുണ്ട്.കിലോഗ്രാമിന് 50 രൂപയാണ് റീട്ടെയിൽ വില. അതു കുറച്ചു ബിസിനസ് പിടിക്കാറില്ല.

തുടക്കം ചെറിയരീതിയിൽ

പതിന്നാലു വർഷം മുൻപ് തുടങ്ങിയതാണ്. െചറിയ ഫ്ലോർ മിൽ, വിറകടുപ്പ്, ഉരുളി, കൈകൊണ്ട് പായ്ക്ക് ചെയ്യാവുന്ന മെഷീൻ, 400 ചതുരശ്രയടി കെട്ടിടം എന്നിങ്ങനെയായിരുന്നു തുടക്കം. ഭാസ്കരേട്ടൻ ഉൾപ്പെടെ രണ്ടു തൊഴിലാളികൾ മാത്രം. പ്രതിമാസം 40,000 രൂപയുടെ ശരാശരി വിറ്റുവരവായിരുന്നു ആദ്യകാലത്ത്.

ഇപ്പോൾ എട്ടു തൊഴിലാളികളുണ്ട്. ഫ്ലോർമില്ലുകൾ, പായ്ക്കിങ് മെഷീൻ/വിറകിൽ വറക്കുന്ന റോസ്റ്റർ എല്ലാംകൂടി 12 ലക്ഷം രൂപയുടെ മെഷിനറികളും. ഇപ്പോൾ തൊള്ളായിരം ചതുരശ്രയടി കെട്ടിടത്തിലാണ് പ്രവർത്തനം. ശരാശരി അഞ്ചുലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവുണ്ട്.

ഒരു ലക്ഷം മാസവരുമാനം

ഗൾഫിൽ കിടന്ന് അധ്വാനിച്ചു നേടിയ പണം, ഒന്നരലക്ഷം രൂപയോളം മുതൽമുടക്കിയായിരുന്നു തുടക്കം. യാതൊരു വായ്പയും ഇതുവരെ എടുത്തിട്ടില്ല. ഇപ്പോൾ ശരാശരി അഞ്ചുലക്ഷം രൂപയുടെ പ്രതിമാസ വിൽപനയും ഒരു ലക്ഷം രൂപയുടെ അറ്റാദായവും ലഭിക്കുന്നു.

പുതിയ പ്രതീക്ഷകൾ

ബിസിനസിൽ നിന്നുള്ള ലാഭം ഉപയോഗിച്ചാണ് കൂടുതൽ മെഷിനറികൾ സ്ഥാപിച്ചതും സ്ഥാപനം വികസിപ്പിച്ചതും. ഭാര്യ മഞ്ജുളയും സഹായത്തിനുണ്ട്. ഉൽപാദനം ഇരട്ടിയാക്കണം, പ്ലാന്റ് വിപുലപ്പെടുത്തണം, 20 േപർക്കെങ്കിലും തൊഴിൽ നൽകണം, പ്രഫഷനലിസം കൊണ്ടു വരണം, അങ്ങനെ വലിയ പ്രതീക്ഷകളാണ്.

പുതുസംരംഭകർക്ക്

ഏറെ സാധ്യതകൾ ഉള്ള മേഖലയാണ് ധാന്യപ്പൊടികളുടേത്. വളരെ കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാമെന്നതാണ് ആകർഷകമായ മറ്റൊരു കാര്യം. രണ്ടു ലക്ഷം രൂപമുടക്കിയാൽ പ്രതിദിനം 500 കിലോഗ്രാം ഉൽപാദിപ്പിക്കാവുന്ന രീതിയിൽ‌ തുടങ്ങാം. രണ്ടു ലക്ഷം രൂപ വിറ്റുവരവ് ഉണ്ടാക്കിയാൽ പോലും 40,000 രൂപ കിട്ടും. ഇതിലൂടെ രണ്ടുപേർക്ക് തൊഴിലവസരവും ഉറപ്പിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
FROM ONMANORAMA