sections
MORE

വീട്ടമ്മമാർക്കും തിളങ്ങാം ‍‍ഡിജിറ്റൽ മാർക്കറ്റിങ്ങിൽ

HIGHLIGHTS
  • സ്ത്രീകൾക്കു നന്നായി ശോഭിക്കാവുന്ന മേഖലയാണ് ഡിജിറ്റൽ മാർക്കറ്റിങ്
Sunu-Philip
SHARE

കണ്ടന്റ് റൈറ്റിങ്, സേർച്ച് എൻജിൻ ഓപ്്റ്റിമൈസേഷൻ, മാർക്കറ്റിങ് ഓട്ടമേഷൻ, ബിഹേവിയറൽ മാർക്കറ്റിങ് .. അയ്യോ ഇതൊക്കെ എന്ത് എന്നു വിചാരിച്ച് വഴി മാറിപ്പോകാൻ വരട്ടെ, എറണാകുളത്ത് വൈറ്റിലയിൽ GET FOUND ONLINE എന്ന സ്ഥാപനം നടത്തുന്ന സുനു എന്ന വീട്ടമ്മ വിജയം കൊയ്യുന്നത്  അത്ര പരിചിതമല്ലാത്ത ഡിജിറ്റൽ മാർക്കറ്റിങ് എന്ന ഈ ന്യൂജെന്‍ ബിസിനസ് രംഗത്താണ്.

എന്തുകൊണ്ട് ഇത്തരം ബിസിനസ്?

മുൻപരിചയത്തിലൂടെ സാധ്യതകളും വെല്ലുവിളികളും മനസ്സിലാക്കിയായിരുന്നു തുടക്കം. 2012 ൽ ഒരു ടൂറിസം കമ്പനിക്കു വേണ്ടി ചില വർക്കുകൾ ചെയ്തുകൊടുത്തത്  ആത്മവിശ്വാസം വർധിപ്പിച്ചു. ആ സമയത്ത് ഇത്തരം ജോലികൾ പല സ്ഥലത്തു നിന്നും വരാൻ തുടങ്ങി. അതിനെ ഒരു ബിസിനസ് സംരംഭമായി മാറ്റുക വഴി തനിക്കു മാത്രമല്ല മറ്റു പലർക്കും ജോലി നൽകാൻ കഴിയും എന്നു മനസ്സിലാക്കി. ആ തിരിച്ചറിവിലാണ് തുടക്കം.

എവിടെയിരുന്നും ജോലി ചെയ്തു വരുമാനമുണ്ടാക്കാം. പ്രത്യേകിച്ചും സ്ത്രീകൾക്ക്. അതാണ് ഈ സംരംഭത്തിന്റെ പ്രധാന ആകർഷണം. സ്ത്രീശാക്തീകരണത്തെ സഹായിക്കുന്ന സംരംഭം കൂടിയാണിതെന്നു പറയാം.

ബിസിനസ് ഡിജിറ്റൽ മാർക്കറ്റിങ് ആണെങ്കിലും എല്ലാ സ്ഥാപനങ്ങൾക്കും ഇത്തരത്തിലുള്ള വിപണനം ഉതകണമെന്നില്ല. അവ തിരിച്ചറിയാനും ഉപദേശം തേടാനും ഇവിടെ സംവിധാനമുണ്ട്. ഇതുവഴി ആവശ്യമില്ലാതെ ഡിജിറ്റൽ മാർക്കറ്റിങ്ങിന് പണം മുടക്കുന്നത് ഒഴിവാക്കാനും ഇതുകൊണ്ടു കഴിയുന്നു.

ടൂറിസവും ഐടിയും
പ്രധാന മേഖലകൾ

ടൂറിസം, ഐടി തുടങ്ങിയ മേഖലകളിലാണ് സുനുവിനു കൂടുതൽ കസ്റ്റമേഴ്സ് ഉള്ളത്. ഇത്തരം കമ്പനികൾക്കു നിരന്തരമായ ഡിജിറ്റൽ ഇടപെടലുകൾ നടത്തേണ്ടതായി വരുന്നു. ഹോട്ടൽ ബുക്കിങ്, ബ്ലോഗ് നടത്തിപ്പ് എന്നിവയാണു ടൂറിസം രംഗത്തു പ്രധാനമായും ചെയ്യുന്നത്.

പൊതുജനങ്ങൾ സേർച്ച് ചെയ്തു കൊണ്ടിരിക്കുമ്പോൾത്തന്നെ ഓഫറുകൾ മുന്നോട്ടു വയ്ക്കുന്ന രീതിയാണു മാർക്കറ്റിങ് ഓട്ടമേഷൻ. ടൂറിസം മേഖലയിലാണ് ഈ പ്രവൃത്തി പ്രധാനമായും ചെയ്യേണ്ടി വരുന്നത്.

മികച്ച സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സോഫ്റ്റ് വെയർ കമ്പനികളും ധാരാളം അവസരങ്ങൾ നൽകുന്നുണ്ട്. വിവിധ സോഫ്റ്റ് വെയർ പാക്കേജസ്, സോഫ്റ്റ് ടൂൾസ് എന്നിവയാണ് പ്രധാനമായും ഈ രംഗത്തു വിപണനം നടത്തുന്നത്. കണ്ടന്റ് അപ്ഡേഷൻ, മാർക്കറ്റിങ് ഓട്ടമേഷൻ എന്നിവയും ആവശ്യമുണ്ട്. ഇൻഫോ പാർക്കിലെ ഐടി കമ്പനികളും യൂറോപ്പിൽനിന്നുള്ള കമ്പനികളും വർക്കുകൾ ലഭ്യമാക്കുന്നു.

അന്തർദേശീയ ജീവകാരുണ്യ സംഘടനകളും സുനുവിന്റെ ഉപഭോക്താക്കളിൽപെടുന്നു. അവരിലേക്കു സംഭാവനകൾ എത്തിക്കുക എന്ന പ്രവൃത്തിയാണ് ചെയ്യേണ്ടത്. അതിനു മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

ഗൂഗിളിൽ സേർച്ച് ചെയ്യുമ്പോൾ തന്റെ കക്ഷിയുടെ വിവരങ്ങൾ വളരെ വേഗം ശ്രദ്ധയിൽ കയറിവരണം. അതിനുള്ള വഴികളാണ് സേർച്ച് എൻജിൻ ഓപ്റ്റിമൈസേഷനി (SEO) ലൂടെ കണ്ടെത്തുന്നത്. എല്ലാ കമ്പനികൾക്കുവേണ്ടിയും ഈ പ്രവൃത്തി ചെയ്തുവരുന്നുണ്ട്. ഇതിനു പ്രത്യേകമായ ടൂളുകൾ ആവശ്യമുണ്ട്.

ജോലി സമയം വളരെ ഫ്ലക്സിബിൾ ആണെന്നതാണ് നേട്ടം. എവിടെയിരുന്നും ജോലി ചെയ്യാം. യാത്രകളിൽ പോലും ജോലി നടക്കും. കൃത്യമായി പേയ്മെന്റുകൾ ലഭിക്കുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യയുമായി പരിചയപ്പെടാൻ അവസരവുമുണ്ട്. ഇതിനൊക്കെ പുറമേ സ്ത്രീകൾക്കു നന്നായി ശോഭിക്കാവുന്ന മേഖലയാണ്.

ഒരു കംപ്യൂട്ടറും നെറ്റും

ഒരു കംപ്യൂട്ടറും മികച്ച ഇന്റർനെറ്റ് കണക്‌ഷനും ആണ് ഈ സംരംഭത്തിനു വേണ്ട പ്രധാന ഭൗതിക സൗകര്യങ്ങൾ. ഈ വീട്ടമ്മയോടൊപ്പം അഞ്ചുപേർ അടങ്ങുന്ന ഒരു ടീം സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലുണ്ട്. സ്വന്തം നിലയിലായിരുന്നു തുടക്കം. കൂടുതൽ ഓർഡറുകൾ ലഭിച്ചപ്പോഴാണ് കൂടുതൽ ജീവനക്കാരെ നിയമിച്ചത്.

കമ്പനിക്ക് ഒരു ചെറിയ ഓഫിസ് മാത്രമാണുള്ളത്. ജീവനക്കാരായ അഞ്ചുപേരും അവർക്കു സൗകര്യപ്രദമായ സ്ഥലങ്ങളിൽ വച്ചാണു ജോലി ചെയ്യുന്നത്. സ്ലാക്ക് (SLACK) എന്ന സോഫ്റ്റ്‌വെയറിൽക്കൂടി ഇവർ ചെയ്യേണ്ട വർക്ക് വീതിച്ചു നൽകുന്നു. ഇവർക്കു കൃത്യമായ ശമ്പളമാണു നൽകുന്നത്. സമയബന്ധിതമായി വർക്ക് പൂർത്തിയാക്കണം.

ഗ്രാഫിക് ഡിസൈനർ, ബിടെക് ബിരുദധാരികൾ, കണ്ടന്റ് റൈറ്റർ (ഇംഗ്ലിഷ് സാഹിത്യത്തിൽ പിജി) എന്നിങ്ങനെയുള്ളവരാണ് ഈ ടീമിൽ വർക്ക് ചെയ്യുന്നത്. സുനുവിന്റെ ഭർത്താവ് ജോൺ കുര്യനും ഈ കമ്പനിയിലാണു പ്രവർത്തിക്കുന്നത്. സ്ഥാപനം തുടങ്ങിയപ്പോൾ ചെറിയ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ വിജയമായി. പ്രതിവർഷം 15–20 ലക്ഷം രൂപയാണ് ഇപ്പോൾ വരുമാനം ലഭിക്കുന്നത്.

പ്രോജക്ടുകൾക്കു തുടർച്ച ലഭിക്കാതെ വരുന്നതും രൂപയുടെ മൂല്യത്തിൽ വരുന്ന ചാഞ്ചാട്ടങ്ങളും വെല്ലുവിളിയായി കാണണം. സാങ്കേതികവിദ്യയിൽ വരുന്ന അതിവേഗ മാറ്റങ്ങൾക്കനുസരിച്ചു വേണ്ടിവരുന്ന കരുതലുകളും വിഭിന്നങ്ങളായ സർവീസ് ചാർജുകളും പ്രതികൂല ഘടകങ്ങളിൽപെടുന്നു.

ഭാവി പദ്ധതികൾ

വനിതാ സംരംഭകർക്കുവേണ്ടി ഒരു
പുസ്തകം എഴുതുകയാണ് സുനുവിപ്പോൾ ഡിജിറ്റൽ രംഗത്തെ അവസരങ്ങളാണു പ്രതിപാദിക്കുന്നത്. എവിടെയിരുന്നും വനിതകൾക്കു ജോലി ചെയ്യാനാകും എന്നതാണു പ്രമേയം. വനിതാ സംരംഭകത്വ പരിശീലനവും ലക്ഷ്യം വയ്ക്കുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
FROM ONMANORAMA