sections
MORE

ചക്ക നൽകിയ വിജയം; മാസം മൂന്നു ലക്ഷം രൂപയുടെ കച്ചവടം

HIGHLIGHTS
  • വെറുതെ കളയുന്ന ചക്ക മൂല്യവർധിത ഉൽപന്നങ്ങളാക്കി നേട്ടമുണ്ടാക്കാം
Reeja-Bai
SHARE

ഒരു ചക്കയിൽനിന്ന് ഇത്രയും ഉൽപന്നങ്ങളോയെന്ന് ആരും അദ്ഭുതപ്പെടും. ചക്കവരട്ടി, ചക്ക ജാം, ഇടിച്ചക്ക അച്ചാറുകൾ, ചക്ക മിഠായി, ചക്കക്കുരു പുട്ടുപൊടി, മുളപ്പിച്ച ധാന്യങ്ങൾ ഉപയോഗിച്ചുള്ള ഹെൽത്ത് പൗഡർ അങ്ങനെ നിര നീളുകയാണ്. ഇതോടൊപ്പം ഓർഡർ അനുസരിച്ച് ചക്കക്കുരു കൊണ്ടുള്ള പായസം, ചക്കപ്പായസം, ചക്ക ഉണ്ണിയപ്പം, നാവിൽ കൊതി തോന്നിപ്പിക്കുന്ന കുമ്പിളപ്പം എന്നിവയെല്ലാം ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നു റീജാ ബായിയെന്ന  വീട്ടമ്മ. വടകരയിൽ മുനിസിപ്പൽ പാർക്കിനു സമീപം സമൃദ്ധി ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനമാണ് ഈ സംരംഭക നടത്തുന്നത് .

പരിശീലനം നേടി, തുടങ്ങി

ഇത്തരം ഉൽപന്നങ്ങളുടെ നിർമാണത്തിൽ ആറു വർഷം മുൻപു നേടിയ പരിശീലനമാണ് ജീവിതത്തിൽ വഴിത്തിരിവായതെന്നു ഈ സംരംഭക പറയുന്നു. ചക്ക സംസ്കരണത്തിൽ വെള്ളായണി കാർഷിക സർവകലാശാലയിൽ 10 ദിവസത്തെ പരിശീലനമാണു ലഭിച്ചത്. ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ സാങ്കേതിക സഹായവും ലഭിച്ചു.

മൂന്നു വർഷം മുൻപായിരുന്നു തുടക്കം. ഉൽപന്നങ്ങൾ നിർമിച്ച് പരീക്ഷിച്ചശേഷമാണ് വിൽപനയ്ക്കായി നൽകിയത്. മെഷിനറികൾ ഒന്നും ഇല്ലാതെ ഒരു ഡ്രയർ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. വിപണിയിലേക്കുള്ള കടന്നുവരവ് കോഴിക്കോടു നടന്ന ചക്ക മഹോത്സവത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു. അവിടെ ലഭിച്ച മികച്ച പ്രതികരണം ആത്മവിശ്വാസം വർധിപ്പിച്ചു.

മേളകളും പ്രദർശനങ്ങളും

പ്രാദേശികമായി സംഘടിപ്പിക്കപ്പെടുന്ന പ്രദർശനങ്ങളും മേളകളും കേന്ദ്രീകരിച്ചാണ് പ്രധാന വിൽപന.അടുത്തുള്ള കച്ചവടക്കാർ വഴിയും വിപണി ലഭിക്കുന്നു. ഇപ്പോൾ രണ്ടു വിതരണക്കാർ തയാറായി വന്നിട്ടുണ്ട്. വർഷത്തിൽ പലവിധത്തിലുള്ള ഇരുപതു മേളകളിലെങ്കിലും പങ്കെടുക്കും.

ഏറെ അനുകൂല ഘടകങ്ങൾ ഉള്ള സംരംഭമാണിത്. വിപണിയിൽ മത്സരമില്ലെന്നത് എടുത്തു പറയാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ താൽപര്യമുള്ള ഉൽപന്നങ്ങളാണ് ഉണ്ടാക്കുന്നതെല്ലാം. നിറങ്ങളോ പ്രിസർവേറ്റീവുകളോ ചേർക്കാറില്ല.

‘‘ചക്ക നന്നായി ഉണക്കിയെടുത്താൽ ഒരു വർഷം വരെ കേടുവരാതിരിക്കും. ഉൽ‌പന്നങ്ങളിലോരോന്നിലും രുചിയിലും പാരമ്പര്യത്തനിമ നിലനിർത്താൻ ശ്രമിക്കുന്നുണ്ട്. അതോടൊപ്പം മേളകളിൽ പങ്കെടുക്കുന്ന അവസരങ്ങളിൽ ലൈവായി നിർമാണവും വിതരണവും നടത്തുന്നു. അതൊക്കെ വിപണിസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.’’ റീജാ ബായി പറയുന്നു.

ചക്കയും ചക്കക്കുരുവുമെല്ലാം വെയിലുള്ളപ്പോൾ വെയിലത്തും അല്ലാത്തപ്പോൾ‌ ഡ്രയറിലുമാണ് ഉണക്കുന്നത്.വൃത്തിയുള്ള വലിയ ഉരുളി ഉപയോഗിച്ചാണ് നിർമാണം.

മെഷനറികൾ

വിപുലീകരണത്തിന്റെ വഴിയിൽ പുതിയ മെഷിനറികൾ വാങ്ങി സ്ഥാപിച്ചു. ഇപ്പോൾ അവ്ൻ, ഫ്രീസർ, ഹൽവ മേക്കർ, ഗ്രൈൻഡർ എല്ലാം ചേർന്നു മൂന്നു ലക്ഷം രൂപയുടെ നിക്ഷേപം മെഷനറികളിൽ ഉണ്ട്. അഞ്ചു മുതൽ 20 കിലോഗ്രാം വരെയാണു പ്രതിദിന നിർമാണം. സഹായത്തിനു രണ്ടു ജോലിക്കാരുണ്ട്. ഭർത്താവ് വേണു പ്രസാദ് വിപണന സഹായം നൽകുന്നു.

നമ്മുടെ നാട്ടിൽ ചക്ക സുലഭമായി കിട്ടാനുണ്ടെങ്കിലും പ്ലാവിൽ കയറി അതു പറിക്കുന്നതിന് ആളെ കിട്ടുന്നില്ലെന്നതാണ് വിഷമകരം. സ്ഥിരമായി ചക്ക എത്തിച്ചു തരുവാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് ഉചിതമായിരിക്കും.

മൂന്നു ലക്ഷം രൂപയുടെ കച്ചവടം

ഇപ്പോൾ ഒരു മാസം ഒന്നു മുതൽ മൂന്നു ലക്ഷം രൂപ വരെയാണ് വിറ്റുവരവ്. ഇതിൽ നിന്നു 40,000 രൂപയോളം വരുമാനം ലഭിക്കുന്നു. സ്ഥാപനത്തിന്റെ വിപുലീകരണത്തിനു പല പദ്ധതികളും ഈ വീട്ടമ്മയുടെ മനസ്സിലുണ്ട്. ഉൽപാദനം വർധിപ്പിക്കാൻ ഓട്ടമാറ്റിക് മെഷിനറികൾ സ്ഥാപിക്കണം. അതിലൂടെ 10 പേർക്കു കൂടി തൊഴിൽ നൽകണം. സംസ്ഥാനത്തും പുറത്തും വിതരണം മെച്ചപ്പെടുത്തണം. ഇതിനായി ഏജന്റുമാരെ കണ്ടെത്തണം, സൂപ്പർ മാർക്കറ്റുകൾ ഉപയോഗപ്പെടുത്തണം.

പുതുസംരംഭകരോട്

∙പ്രാദേശിക അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള ചെറിയ ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്കു എക്കാലവും വലിയ സാധ്യതകളാണുള്ളത്. കുടുംബസംരംഭമായി തുടങ്ങാം.

∙ മെഷിനറികൾ ഒന്നും ഇല്ലാതെ വീട്ടുപകരണങ്ങൾ പ്രയോജനപ്പെടുത്തി ഇത്തരം സംരംഭങ്ങൾക്കു തുടക്കമിടാം. വിപണി വിപുലപ്പെടുന്നതിനനുസരിച്ച് മെഷനറികൾ സ്ഥാപിക്കാം.

∙സ്വയംതൊഴിൽ എന്ന നിലയിൽ ഒരു ലക്ഷം രൂപ മുടക്കി തുടങ്ങിയാൽ പോലും ഒരു മാസം 25,000 രൂപയിൽ കുറയാത്ത വരുമാനം കിട്ടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
FROM ONMANORAMA