sections
MORE

വെളിച്ചെണ്ണ നല്ല ലാഭത്തിനൊരു നാടൻ ബിസിനസ്

inustry unit
SHARE

തേങ്ങ വാങ്ങി കൊപ്രയാക്കി ആട്ടിയെടുക്കുന്ന നല്ല നാടൻ വെളിച്ചെണ്ണ എത്ര ഉണ്ടാക്കിയാലും വിറ്റു പോകുമെന്ന് യുവസംരംഭകൻ പ്രപഞ്ച്.  െവളിച്ചെണ്ണയും അനുബന്ധ ഉൽപന്നമായ തേങ്ങാപ്പിണ്ണാക്കുമാണ് വിൽക്കുന്നത്.

പുതുമയുള്ള ബിസിനസ് തേടി പോകുന്നവരുടെ ഇടയിൽ വ്യത്യസ്തനാണ് ഈ യുവാവ്. നമ്മുടെ നാട്ടിലെ കൊപ്ര ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കുന്ന ഒരു സാധാരണ സംരംഭം. അതിനെ അൽപമൊന്നു വിപുലപ്പെടുത്തി കൃത്യതയോടെ മുന്നോട്ടു പോയപ്പോൾ വിജയം കൈപ്പിടിയിലായി. കോഴിക്കോട് ജില്ലയിലെ കാരന്തൂരിലാണ് പ്രപഞ്ച് എൻ.രാജിന്റെ ഉടമസ്ഥതയിലുള്ള ‘ദേവദാസ് ഓയിൽ ഇൻഡസ്ട്രീസ്’ എന്ന സ്ഥാപനം പ്രവർത്തിക്കന്നത്.

ഒരു കുടുംബ ബിസിനസായിരുന്നു ഇത്. ചെറിയ തോതിലായിരുന്നു അച്ഛൻ അതു ചെയ്തിരുന്നത്. നാട്ടുകാർ കൊണ്ടു വരുന്ന കൊപ്ര ആട്ടിക്കൊടുക്കുന്നതായിരുന്നു കൂടുതലും. അച്ഛന്റെ മരണത്തെത്തുടർന്നാണ് പ്രപഞ്ച് സംരംഭം ഏറ്റെടുത്തത്. ബിരുദധാരിയാണെങ്കിലും മറ്റു തൊഴിലുകൾക്കൊന്നും ഇദ്ദേഹം ശ്രമിച്ചില്ല. ബിസിനസിനോടുള്ള താൽപര്യമായിരുന്നു കാരണം.  അച്ഛന്റെ ബിസിനസ് ഏറ്റെടുത്തു. ഡ്രയർ മെഷീനുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു വെളിച്ചെണ്ണ ഉണ്ടാക്കി വിൽക്കുന്നതിലേക്കു കടന്നു. േദവദാസ് വെളിച്ചെണ്ണയ്ക്കു നാട്ടിൽ ഡിമാൻഡുണ്ട്. ഉൽപന്നത്തിന്റെ പരിശുദ്ധി എല്ലാ അർഥത്തിലും നിലനിർത്താൻ ശ്രമിക്കുന്നുവെന്നതാണ് വിജയത്തിന് അടിസ്ഥാനം.

നാളിേകരം നാട്ടിൽ നിന്നു തന്നെ കിട്ടും

നാട്ടിലെ കർഷകരിൽ നിന്നു നേരിട്ടാണ് നാളികേരം ശേഖരിക്കുന്നത്. തൊണ്ടുകളഞ്ഞ നാളികേരത്തിനു തൂക്കത്തിനാണ് വില. ഒരു കിലോയ്ക്കു ശരാശരി 33 രൂപയാണ് ഇപ്പോൾ നൽകുന്നത്. ലഭ്യത വലിയ പ്രശ്നമല്ല. ഇത് ഉടച്ച് ഡ്രയറിൽ ഉണക്കി എക്സ്പെല്ലറിൽ ആട്ടുന്നു. ഈ എണ്ണ ഫിൽട്ടർ െചയ്ത് പായ്ക്കറ്റിലാക്കി വിൽക്കുന്നു . ഇപ്പോൾ ധാരാളം േപർ മരച്ചക്കിൽ ആട്ടിയ എണ്ണ ആവശ്യപ്പെടുന്നതിനാൽ അതിനുള്ള സംവിധാനവും ഉണ്ട്.

കടകൾ വഴിയാണ് വിൽപന കൂടുതലും. ആളുകൾക്ക് വിശ്വസിച്ചു വാങ്ങാവുന്ന എണ്ണ എന്നതാണ് പ്രത്യേകത. ഓർഡർ തരുന്ന സ്ഥിരം ഇടപാടുകാരുണ്ട്. െറഡികാഷ് ബിസിനസ് മാത്രമാണു നടക്കുന്നത്. അപൂർവമായേ ക്രെഡിറ്റ് വിൽപന വരാറുള്ളൂ . അതുപോലെ കാര്യമായ മത്സരം ഇല്ല. വിപണിയിലെ വിലതന്നെയാണ്. നല്ല വെളിച്ചെണ്ണയ്ക്ക് എക്കാലത്തും ഡിമാൻഡുണ്ടല്ലോ. ‘‘ആളുകൾക്ക് പല ബ്രാന്റഡ് എണ്ണകളും വിശ്വസിച്ചു വാങ്ങാൻ കഴിയുന്നി ല്ല. എന്നാൽ ഞങ്ങളുടെ എണ്ണയിൽ എല്ലാവർക്കും വിശ്വാസമുണ്ട്.’’ പ്രപഞ്ച് പറയുന്നു .

മെഷനറികൾക്ക്  10 ലക്ഷം രൂപ

ചിരട്ട കത്തിക്കുന്ന ഡ്രയർ എക്സ്പല്ലറുകൾ (രണ്ടെണ്ണം ), പായ്ക്കിങ് മെഷീൻ, മരച്ചക്ക് തുടങ്ങിയവയ്ക്ക് എല്ലാം കൂടി 10 ലക്ഷം രൂപയായി.അഞ്ചു േപർ സ്ഥിരം ജോലിക്കാരായി ഉണ്ട്. ദിവസം 1,500 രൂപ വരുമാനം കുറഞ്ഞത് 10,000 രൂപയുടെ കച്ചവടമാണ് ഇപ്പോൾ ഒരു ദിവസം നടക്കുന്നത്. ഇതിൽ ചെലവെല്ലാം കഴിഞ്ഞ് 15 ശതമാനം വരെയാണ് അറ്റാദായം.  ഉൽപാദനം വർധിപ്പിക്കാനും പുതിയ പ്ലാന്റ് സ്ഥാപിക്കാനും സമീപ ജില്ലകളിലേക്കു കൂടി വിപണി വികസിപ്പിക്കുവാനും ഉദ്ദേശമുണ്ട്.

പുതു സംരംഭകർക്ക്

നല്ല വെളിച്ചെണ്ണ  കിട്ടാനില്ല എന്ന പരാതിയുണ്ട്. അതു ബിസിനസാക്കി മാറ്റാൻ കഴിയുന്ന തരത്തിൽ സ്ഥാപനം ആരംഭിച്ചാൽ മികച്ച വരുമാനം പ്രതീക്ഷിക്കാം . 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
FROM ONMANORAMA