sections
MORE

ലക്ഷങ്ങൾ വരുമാനം നേടുന്ന വേറിട്ട സംരംഭം

K-P-Balan-&-Sons-845
SHARE

വ്യത്യസ്തമായൊരു സംരംഭമാണു വടകരക്കടുത്ത് കച്ചേരിപ്പറമ്പിലെ പോപ്പുലർ സ്റ്റീൽസ്. അച്ഛനും മക്കളും ചേർന്നു നടത്തുന്ന ഈ വിജയസംരംഭത്തെയും വിജയവഴികളെയും അടുത്തറിയാം.

എന്താണു ബിസിനസ്?
റോളിങ് ഷട്ടറുകളുടെ പ്രൊഫൈലുകൾ നിർമിച്ചു വിൽക്കുന്നതാണു ബിസിനസ്.അധികമാരും അങ്ങനെ കൈവയ്ക്കാത്തൊരു മേഖലയിലാണ് കെ.പി. ബാലനും മക്കളായ മിഥുൻലാലും അരുൺലാലും ചേർന്നു വിജയം നേടുന്നത്. റോളിങ് ഷട്ടറുകളുടെ പ്രൊഫൈലുകൾ നിർമിച്ചു വിൽക്കുന്നതാണ് ബിസിനസ്. എൻജിനീയറിങ് വർക്‌ഷോപ്പുകളും റോളിങ് ഷട്ടറുകൾ ഫിറ്റ് ചെയ്തു കൊടുക്കുന്നവരുമാണ് ഉപഭോക്താക്കൾ.ഇവരുടെ ഉൽപന്നമായ പ്രൊഫൈലുകൾവാങ്ങി സംയോജിപ്പിച്ചാണു റോളിങ് ഷട്ടറുകൾ തയാറാക്കുക. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് നിശ്ചിതവലുപ്പത്തിലും ഘനത്തിലും ഉള്ള പ്രൊഫൈലുകൾ നിർമിച്ചു നൽകുന്നു.

എന്തുകൊണ്ട് ഈ ബിസിനസ്?

ഷട്ടർ ജോലികൾ ഏറ്റെടുത്തു ചെയ്യുന്നൊരു എൻജിനീയറിങ് യൂണിറ്റിലൂടെയായിരുന്നു തുടക്കം. ഇത്തരം സ്ഥാപനങ്ങൾക്കു മെച്ചപ്പെട്ട പ്രൊഫൈലുകൾ സുലഭമായി ലഭിക്കാതെ വന്നപ്പോൾ അതിലെ കച്ചവടസാധ്യതകളെക്കുറിച്ചു പഠിച്ചു. കുറഞ്ഞ മത്സരം മാത്രമേ ഈ രംഗത്ത് ഉള്ളൂവെന്നു മനസ്സിലായി. സ്വന്തം സ്ഥാപനത്തിന് ഉൾപ്പെടെ, ആവശ്യമായ പ്രൊഫൈലുകൾ ഉണ്ടാക്കി നൽകാനായാൽ ഈ രംഗത്ത് മികച്ച വിജയം നേടാനാകുമെന്നു മനസ്സിലാക്കി. അങ്ങനെയാണ് നാലു വർഷം മുൻപ് ഈ സ്ഥാപനം തുടങ്ങുന്നത്.

ലളിതമായ നിർമാണരീതി
JSW/TATA എന്നിവയുടെ സ്റ്റീൽ കോയിലുകൾ ആണ് അസംസ്കൃത വസ്തു (CR, GI, G1 Coated +Flat and Round). മുംബൈയിലെ സ്വകാര്യ കമ്പനി ഇവ നേരിട്ടു സപ്ലൈ ചെയ്യുന്നു. അതു വാങ്ങി ഫാക്ടറിയിൽ മെഷീൻ സഹായത്തോടെ ബെൻഡ് ചെയ്ത് ലീഫ് ആക്കുന്ന പ്രക്രിയയാണു നടക്കുക. ഒന്നിലേക്കു മറ്റൊന്നു ഘടിപ്പിക്കാവുന്ന രീതിയിലാണ് ലീഫുകൾ. സാധാരണ ഗേജ് 20–21 ആണ് ഉപയോഗിക്കുക. പ്രത്യേകം പറയുന്നവർക്കു മാത്രം 19 ഗേജ് ഷീറ്റിൽ ചെയ്തു നൽകും.

വിൽപന
സമീപപ്രദേശത്തുള്ള എൻജിനീയറിങ് യൂണിറ്റുകൾക്കു നേരിട്ടു വിൽക്കുന്നു മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ ഏജന്റുമാർ വഴിയാണ് വിൽപന. ഹാർഡ്‌വെയർ ഷോപ്പുകൾ, ഷീറ്റ്/പൈപ്പ് കച്ചവടക്കാർ എന്നിവരൊക്കെ ഇതു വാങ്ങി വിൽക്കുന്നുണ്ട്. കേരളത്തിൽ ഒരു ബ്രാൻഡഡ് പ്രൊഫൈൽ ആദ്യമായിട്ടാണെന്നു പറയാം. ഡെലിവറിയിലെ കൃത്യതയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പറഞ്ഞതിനും ഒരു ദിവസം മുൻപേ എന്നതാണ് സ്ഥാപനത്തിന്റെ നയം. കമ്പനിക്ക് ISO 9000–2015 ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ അംഗീകാരവും ഉണ്ട്.

20 ലക്ഷം രൂപയുടെ മെഷിനറികൾ
റോളിങ് ഷട്ടർ പ്രൊഫൈൽ മെഷീൻ, പവർ പ്രസ്, ഷട്ടർ ചാനൽ ബോട്ടം മേക്കിങ് എല്ലാം ചേർന്ന് 20 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ട്. വാടകക്കെട്ടിടത്തിലാണു പ്രവർത്തനം. നിലവിൽ പത്തു ജോലിക്കാർ ഉണ്ട്. ഒരു ചെറിയ എൻജിനീയറിങ് വർക്സിൽ തുടങ്ങിയതാണ്  ബാലൻ. മക്കളായ മിഥുൻലാലും അരുൺലാലും ഒപ്പം ചേർന്നതോടെ ബിസിനസിൽ പുതിയ ഉയരങ്ങൾ കീഴടക്കാനായി. ഘട്ടം ഘട്ടമായാണ് സ്ഥാപനം വികസിപ്പിച്ചുകൊണ്ടുവരുന്നത്.
പ്രതിമാസം 40 മുതൽ 50 ലക്ഷം രൂപയുടെ കച്ചവടമാണ് ഇപ്പോൾ ഉള്ളത്. ഇതിൽ അഞ്ചു ശതമാനം വരെയേ അറ്റാദായം ലഭിക്കുന്നുള്ളൂ. എങ്കിലും ചെലവെല്ലാം കഴിഞ്ഞ് രണ്ടു ലക്ഷം രൂപയോളം പ്രതിമാസം സമ്പാദിക്കാൻ കഴിയുന്നു. അൻപതു ശതമാനം വരെ ക്രെഡിറ്റ് കച്ചവടമാണു നടക്കുന്നത്. എന്നാൽ വലിയ തുക വരാതെ നോക്കുന്നുണ്ട്. ഈ രംഗത്ത് മത്സരം കുറവാണെന്നതു ബിസിനസിനെ ഏറെ സഹായിക്കുന്നു. പരിസ്ഥിതി സൗഹൃദമായ ഒരു സംരംഭമാണ് എന്നതും എടുത്തു പറയാം.

പുതിയ പ്രതീക്ഷകൾ
വ്യവസായ ഏരിയയിൽ 50 മുതൽ ഒരു ഏക്കർ വരെ സ്ഥലം സമ്പാദിക്കണം. മെഷിനറി നിക്ഷേപം ഒരു കോടി രൂപയുടെ വേണ്ടിവരും. അൻപതു പേർക്കു തൊഴിൽ നൽകണം. ഉൽപാദനം അഞ്ചിരട്ടി കണ്ട് വർധിപ്പിക്കണം.അതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

പുതുസംരംഭകർക്ക്
എൻജിനീയറിങ് ബാക്ഗ്രൗണ്ട് ഉള്ളവർക്കു നന്നായി ശോഭിക്കാം. 30 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ ഒരു ലഘുസംരംഭം തുടങ്ങാം. ഇത്തരം മേഖലകളിൽ വലിയ അവസരങ്ങൾ ഉണ്ട്. കെട്ടിടനിർമാണ സാമഗ്രികളുടെ ഉൽപാദന വിതരണരംഗത്ത് ഏറെ സാധ്യതകൾ ഉണ്ട്. 30 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ തുടങ്ങിയാൽ പോലും 10 പേർക്കു തൊഴിലും ഒന്നര ലക്ഷം രൂപയുടെ അറ്റാദായവും ഉണ്ടാക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA