ADVERTISEMENT

വ്യത്യസ്തമായൊരു ബിസിനസ് സംരംഭമാണ് തലശ്ശേരിക്കടുത്ത് വലയാട് സിഡ്കോ വ്യവസായ എസ്റ്റേറ്റിൽ ശ്രീ സത്യസായി ഇൻഡസ്ട്രീസ് ഉടമ കെ.രഞ്ജന്റേത്. വിവിധതരം പ്ലാസ്റ്റിക് ബുഷുകൾ ഉണ്ടാക്കി വിൽക്കുന്നതിലൂടെ നിശ്ചയദാർഢ്യത്തിന്റെ വിജയം പടിപടിയായി കൈപിടിലൊതുക്കി മുന്നേറുകയാണ് ഈ സംരംഭകൻ.

ബംഗലുരുവിൽ ഒരു സ്വർണാഭരണ നിർമാണ കമ്പനിയിൽ ജോലി ചെയ്യുമ്പോഴും നാട്ടിൽ കുടുംബത്തോടൊപ്പം ജീവിക്കാനും സ്വന്തമായൊരു ബിസിനസ് നടത്തി കുടുംബം പുലർത്താനാണ് അദ്ദേഹം ആഗ്രഹിച്ചത്. 

അങ്ങനെയിരിക്കുമ്പോഴാണ് ജേഷ ്ഠൻ  ഇത്തരത്തിലൊരു ബിസിനസ് ആശയം മുന്നോട്ടു വച്ചത്. ഡൈമേക്കർ ആയിരുന്നു അദ്ദേഹം. കുറഞ്ഞ മത്സരവും കൂടുതൽ തൊഴിലാളികൾ വേണ്ട എന്നതും രഞ്ജനെ ഇതിലേക്ക് ആകർഷിച്ചു. എട്ടു വർഷം മുൻപാണ് ശ്രീ സത്യസായി ഇൻഡസ്ട്രീസ് തുടങ്ങിയത്. 

വിവിധതരം പ്ലാസ്റ്റിക് ബുഷുകൾ ഉണ്ടാക്കി വിൽക്കുന്നതാണ് ബിസിനസ്. സ്റ്റീൽ ഫർണിച്ചറുകൾ, ഡോർഫിറ്റിങ്സ് എന്നിവിടങ്ങളിൽ ഉപയോഗിക്കാനുള്ളതാണ് ഇവയെല്ലാം. ഹാർഡ് വെയർ ഷോപ്പുകളിലൂടെയാണ് വിൽപ്പന കൂടുതലും. ഒപ്പം ഫർണിച്ചർ നിർമാതാക്കളും ഓർഡർ നൽകുന്നുണ്ട്.

അസംസ്കൃതവസ്തു പ്ലാസ്റ്റിക് ഗ്രാനൂൾസ്

പ്ലാസ്റ്റിക് ഗ്രാനൂൾസ് ഉപയോഗിച്ചാണ് ഈ ബുഷുകൾ നിർമിക്കുന്നത്. പുതിയ ഗ്രാനൂൾസും (vergin granules) പഴയ പ്ലാസ്റ്റിക്കിൽനിന്നുള്ള റീസൈക്കിൾഡ് ഗ്രാനൂൾസും (R.P. Granules) ഉപയോഗിക്കാറുണ്ട്.കോയമ്പത്തൂർ, ബെംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിലെ ഏജന്റുമാരാണ് ഇതു സപ്ലൈ ചെയ്യുന്നത്. 

തുടക്കം രണ്ട് മോൾഡുകളുമായി

ഒരു മോൾഡിങ് മെഷീനും (കൈകൊണ്ടു പ്രവർത്തിപ്പിക്കുന്നത്), രണ്ടു മോൾഡുകളുമായായിരുന്നു തുടക്കം.പിന്നീടാണ് സിഡ്കോ വ്യവസായ എസ്റ്റേറ്റിൽ സ്ഥലം വാങ്ങിയതും ഷെഡ് നിർമിച്ചു സ്ഥാപനം നന്നായി പ്രവർത്തിപ്പിക്കാനായതും. ആദ്യം ഒരു തൊഴിലാളി മാത്രമായിരുന്നു. ഉൽപന്നത്തെ പരിചയപ്പെടുത്താനും വിപണി പിടിച്ചെടുക്കാനും സമയമെടുത്തു. ഇപ്പോൾ എട്ടു ലക്ഷം രൂപയുടെ മോ ൾഡിങ് മെഷീനും 24 വെറൈറ്റി മോൾഡുകളും സ്ഥാപനത്തിൽ ഉണ്ട്. നാലു തൊഴിലാളികളും പ്രവർത്തിക്കുന്നു.പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതിപ്രകാരം ആറര ലക്ഷം രൂപയാണു വായ്പ എടുത്തത്. 

വിതരണക്കാർ വഴി വിൽപന

വിതരണക്കാർ വഴിയാണു വിൽപന. അവർക്കു ഹോൾസെയിൽ വിലയ്ക്കു നൽകുന്നു. കേരളം കൂടാതെ മംഗളൂരു, ഉഡുപ്പി എന്നിവിടങ്ങളിലും  വിപണിയുണ്ട്. സംരംഭം പ്രവർത്തിക്കുന്ന തലശേരി ഏരിയയിൽ മാത്രമാണ് നേരിട്ട് വിതരണം ചെയ്യുന്നത്. അസംസ്കൃത വസ്തുക്കൾ റെഡി ക്യാഷിനു വാങ്ങുന്നതിനാൽ കച്ചവടത്തിൽ കടം നൽകേണ്ടി വരുന്നതു പലപ്പോഴും പ്രയാസമാകാറുണ്ട്. 10–15 ദിവസം കാലതാമസം വന്നാലും തുക പിരിഞ്ഞു കിട്ടാതെ വരാറില്ല.

കേരളത്തിനു പുറത്തു നിന്നുള്ള സമാന ഉൽപന്നങ്ങളാണ് ബിസിനസിൽ വെല്ലുവിളി ഉയർത്തുന്നത്. കൃത്യമായ ബിൽ ഇല്ലാതെയും ഗുണനിലവാരം പുലർത്താതെയുമാണ് ഇവയെല്ലാം മാർക്കറ്റിൽ എത്തുന്നതെന്ന് ഇദ്ദേഹം പറയുന്നു. അതു കൊണ്ട് തന്നെ കുറഞ്ഞ വിലയ്ക്കാണ് വിറ്റഴിക്കപ്പെടുക. ഈ സാഹചര്യം കച്ചവടത്തെ ബാധിക്കാറുണ്ട്.

മികച്ച ഫിനിഷിങ്ങിലും ഉയർന്ന ഗുണനിലവാരത്തിലും ഉൽപന്നങ്ങൾ മാർക്കറ്റിലെത്തിച്ചാണ് പിടിച്ചുനിൽക്കുന്നത്. വില അൽപം കൂടുതൽ ആയിരിക്കും. വ്യക്തി ബന്ധങ്ങൾ വിപണിയിൽ ഗുണം ചെയ്യാറുണ്ട്. രണ്ട് ഉൽപന്നങ്ങൾ ഒഴികെ എല്ലാം വെർജിൻ ഗ്രാനൂൾസ് ഉപയോഗിച്ചാണ് നിർമിക്കുന്നത്. അതുപോലെ കൃത്യമായ ഡെലിവറിയും സ്ഥാപനത്തിന്റെ വിജയത്തിനു പിന്തുണയായി.

‘‘ഫർണിച്ചർ/കെട്ടിട നിർമാണ മേഖല ഉഷാറായാൽ പ്ലാസ്റ്റിക് ബുഷുകളുടെ ഡിമാൻഡ് വർധിക്കുകയും വിപണി കൂടുതൽ ഉഷാറാകുകയും ചെയ്യും. ചിലപ്പോൾ ഉണ്ടാക്കുന്നവ തികയാതെ വരികയും ചെയ്യും’’രഞ്ജൻ പറയുന്നു .വിറ്റുവരവ് കൃത്യമായി പറയാനാകില്ല. ഏറിയും കുറഞ്ഞുമിരിക്കും. 

പുതുതായി തുടങ്ങാൻ

അഞ്ചു ലക്ഷം രൂപ മുടക്കാൻ കയ്യിലുണ്ടെങ്കിൽ ഇത്തരത്തിലൊരു ലഘു സംരംഭം തുടങ്ങാം. അധികം സാങ്കേതിക പരിജ്ഞാനം  വേ ണമെന്നില്ല. തുടക്കത്തിൽ തന്നെ രണ്ടു പേർക്കു തൊഴിൽ ലഭിക്കും . കേരളത്തിനകത്തും പുറത്തും വിപണിയുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com