ADVERTISEMENT

നല്ലൊരു ബിസിനസ് ആശയം യാഥാർഥ്യമാക്കാൻ പണം തേടുകയാണോ നിങ്ങൾ? അതിനുള്ള ഒരു മാർഗമാണ് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് സമാഹരിക്കുക എന്നത്. വ്യക്തികളോ സ്ഥാപനങ്ങളോ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രഫഷനലായി സംരംഭങ്ങളിൽ നിക്ഷേപിക്കുന്നതാണ് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിങ് (വിസി ഫണ്ടിങ്). സാധാരണയായി ഓഹരി അടിസ്ഥാനത്തിലാണ് നിക്ഷേപിക്കുക. ഇന്ന് ഇത്തരം കമ്പനികൾ ധാരാളമുണ്ട്. അവ ഇൻവെസ്റ്റർമാരെയും സംരംഭകരെയും ബന്ധിപ്പിക്കുന്നു.

നേരിട്ടു ബിസിനസിൽ നിക്ഷേപം നടത്തുന്ന കമ്പനികളും ഉണ്ട്. വിസി ലഭിക്കുക എന്നത് കുറച്ച് സങ്കീർണമായ നടപടിയാണ്. വിസികൾക്കു ധാരാളം അപേക്ഷകൾ ലഭിക്കുന്നതിനാൽ പെട്ടെന്നു പരിഗണിക്കപ്പെടാൻ സാധ്യത കുറവാണ്. ആരെങ്കിലും റഫർ ചെയ്താൽ കൂടിക്കാഴ്ചയ്ക്കു പെട്ടെന്ന് അവസരം കിട്ടിയേക്കും.

ഫലപ്രദമായ മറ്റൊരു രീതി ഫണ്ടിങ് ഇവന്റുകൾ നടക്കുമ്പോൾ നേർക്കുനേരെ കാണുക എന്നതാണ്. ഈ കൂടികാഴ്ചയിൽ ആശയങ്ങൾ ഭംഗിയായി അവതരിപ്പിക്കാൻ കഴിഞ്ഞാൽ ഫണ്ട് തരപ്പെടും. എന്നാൽ ഒരു വർഷത്തോളം സമയം ഫണ്ട് ലഭ്യമാകാൻ എടുക്കാറുണ്ട്. കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലം പോലും ഫണ്ടുകൾ ലഭിക്കുന്നതിനു പ്രധാനമാണ്. സിലിക്കൺവാലിയിൽ ഉള്ള കമ്പനികൾക്കു ഫണ്ടുകൾ പെട്ടെന്നു ലഭിക്കാം.

എങ്ങനെ സമീപിക്കണം?

നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയിൽ വളരെ ചുരുങ്ങിയ വാക്കുകളിൽ അവർക്കു പെട്ടെന്നു മനസ്സിലാവുന്ന തരത്തിൽ ('elevator pitch') തുടങ്ങണം. വളരെ ചെറിയ വിഡിയോകൾ സമർപ്പിക്കുന്നതും നന്നായിരിക്കും.

അതോടൊപ്പം നിക്ഷേപിക്കുന്നവരെ കുറിച്ച് നന്നായി മനസ്സിലാക്കണം. അവർ പറയുന്ന നിബന്ധനകളും നിയമങ്ങളും ഒപ്പു വയ്ക്കുന്നതിനു മുൻപു വായിച്ചു മനസ്സിലാക്കണം. അല്ലാത്തപക്ഷം നമ്മുടെ കമ്പനി അവരുടെ കൈപ്പിടിയിൽ എത്തിപ്പെടാനും സാധ്യതയുണ്ട്.

നാഷനൽ വെഞ്ച്വർ ക്യാപ്പിറ്റൽ അസോസിയേഷൻ വെബ്സൈറ്റിൽ പോയാൽ വിസി ഫണ്ടിങ്ങുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാണ്. ഇവന്റ് കലണ്ടറുകളും പ്രസ്തുത പോർട്ടലിൽ ഉണ്ട്. അതനുസരിച്ച് നിക്ഷേപകരെ സമീപിക്കുകയും ഫണ്ട് നേടുകയും ചെയ്യാം.

ലേഖകൻ സംരംഭകനും ഗ്രന്ഥകാരനും ഐടി/ഫിനാൻസ് രംഗങ്ങളിൽ ഉപദേശകനുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com