sections
MORE

പാക്കേജിങ്ങിൽ പുതുമ നിറച്ചൊരു വിജയം, ഗൾഫ് മലയാളി സംരംഭം

HIGHLIGHTS
  • ഭക്ഷ്യഗ്രേഡ് പെറ്റ് ബോട്ടിലുകളാണ് പ്രധാന ഉൽപന്നം.
muhammed-pet-botl
SHARE

പുതുമയുള്ള പായ്ക്കറ്റിൽ പൊതിഞ്ഞു നൽകുന്നത് ഏതൊരു ഉൽപ്പന്നവും ആകർഷകമാക്കും. ഈ തന്ത്രമറിഞ്ഞു മുന്നേറിയതാണ് വയനാട്ടിലെ  ചൂണ്ടെൽ  കിൻഫ്ര സ്മോൾ ഇൻഡസ്ട്രിയൽ പാർക്കിലുള്ള H2Oപെറ്റ് പാക്കേജിങ് പ്രൈവറ്റ്ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ വിജയത്തിന് അടിസ്ഥാനം. മുഹമ്മദ് അകാരത്ത് എന്ന ഗൾഫ് മലയാളിയാണ് ഈ സ്ഥാപനത്തിന്റെ സാരഥി. സൗദിയിൽ പെറ്റ് ബോട്ടിലുകൾ നിർമിക്കുന്ന പ്രീഫോം, അത് ഉപയോഗിച്ചുള്ള  പെറ്റ് ബോട്ടിലുകൾ എന്നിവ നിർമിക്കുന്ന കമ്പനിയിലായിരുന്നു ഏറെക്കാലം അദ്ദേഹം. പെപ്സിക്കോ, കോക്കകോള, അൽമാരിൻ, യൂനിലിവർ, കുവൈറ്റ് ഡാനിഷ് ഡെയറി എന്നീ വമ്പന്മാർക്ക് ഉൽപന്നങ്ങൾ വിതരണം ചെയ്തിരുന്ന ഈ കമ്പനിയിലെ അനുഭവ സമ്പത്ത് കരുത്തായി.

തൊഴിൽ പരിചയം തുണയായി

ഇതു മുതലാക്കി സ്വന്തമായൊരു സംരംഭം മുഹമ്മദ് പ്ലാൻ ചെയ്തു. നാട്ടിലെ പെറ്റ്ബോട്ടിലുകളുടെ വിപണിയെക്കുറിച്ചു നന്നായി പഠിച്ചു. ഒട്ടേറെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു. വയനാട്ടിൽ വ്യാപകമായി വിൽക്കുന്ന തേൻ, തേൻ നെല്ലിക്ക, ആയുർവേദ ഉൽപന്നങ്ങൾ എന്നിവയ്ക്കായി മുൻകൂർ ഓർഡറുകൾ ലഭിച്ചു. 2016ൽ ആണ് സ്വന്തം നിലയിൽ സംരംഭം തുടങ്ങിയത്. ഭക്ഷ്യഗ്രേഡ് പെറ്റ് ബോട്ടിലുകളാണ് പ്രധാന ഉൽപന്നം. 100 എംഎൽ കപ്പാസിറ്റി മുതൽ 20 ലീറ്റർ കപ്പാസിറ്റിവരെ ഉൽപാദിപ്പിക്കുന്നു. ഭക്ഷ്യ ഉൽപന്നങ്ങൾ, ഭക്ഷ്യ എണ്ണകൾ, കുടിവെള്ളം, ആയുർവേദ ഗ്രാന്യൂളുകൾ/പൗഡറുകൾ എന്നിവ കൂടാതെ ബാറ്ററി വാട്ടർ, ലൂബ്രിക്കേറ്റിങ്  ഓയിൽ, ഷാംപൂ, ഹാൻഡ് വാഷ് തുടങ്ങിയവ പാക്ക് ചെയ്യുന്നതിന് പെറ്റ്ബോട്ടിലുകൾ വ്യാപകമായി ഉപയോഗിക്കുന്നു..മൂന്ന് സട്രെച്ച് ബ്ലോയിങ് മെഷീനുകൾ കമ്പനിയിലുണ്ട്. 50 ലക്ഷം രൂപയോളമാണ് നിക്ഷേപം.

വ്യവസായ അസംസ്കൃത വസ്തു

പെറ്റ് ബോട്ടിലുകൾ മറ്റു വ്യവസായ സ്ഥാപനങ്ങളുടെ അസംസ്കൃത വസ്തുവാണ്. കുപ്പിയിലുള്ള കുടിവെള്ള നിർമാണ സ്ഥാപനത്തിൽ ചെലവു വരുന്നത് ബോട്ടിലുകളാണ്. ഇത്തരം ഏതാനും വ്യവസായ സ്ഥാപനങ്ങളെ കണ്ടെത്തിയാൽ വിപണനം ഈസിയായി നടക്കും. മാർക്കറ്റ് തേടി അലയേണ്ട ആവശ്യമില്ല. കാറ്റ്‌ലോഗുമായി തിരഞ്ഞെടുത്ത കമ്പനികളിൽ പോയി ഓർഡർ ക്യാൻവാസ് ചെയ്യുന്നു. അതനുസരിച്ച് സപ്ലൈ ചെയ്യുന്ന രീതിയാണുള്ളത്. ചരക്ക് ഇറക്കി തിരികെ പോകുന്ന കാലിവണ്ടികളിൽ കൊണ്ടുപോകാവുന്ന രീതിയിൽ വിതരണം ചെയ്യുന്നതിനാൽ വിതരണ ചെലവുകൾ നിയന്ത്രിക്കാൻ കഴിയുന്നു. തിരുവനന്തപുരം, ബെംഗളൂരു, ഗൂഡല്ലൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നിവിടങ്ങളിൽ ഓർഡർ പ്രകാരമാണ് വിതരണം ചെയ്യുന്നത്.കടുത്ത മല്‍സരമുള്ള മേഖലയാണെങ്കിലും പ്രാദേശികമത്സരം കുറവാണ്. 

60 ശതമാനം വരെ കാഷ് & ക്യാരി അടിസ്ഥാനത്തിലാണു വിൽപന. ബാക്കി 15 ദിവസം വരെ ക്രെഡിറ്റിലും. ബിൽ ടു ബിൽ എന്ന രീതിയാണ് അത്. പിരിഞ്ഞുകിട്ടാൻ പ്രയാസം ഉണ്ടായിട്ടില്ല.ഓർഡർ പ്രകാരമാണ് പ്രത്യേക മോഡലുകളിൽ ഉൽപാദനം എടുക്കുന്നത്. പൊതുവായ മോഡലുകൾ അല്ലാതെതന്നെ ഉൽപാദിപ്പിച്ച് സ്റ്റോക്ക് ചെയ്യുന്നു. ഒരു ലീറ്റർ വാട്ടർ ബോട്ടിലുകൾ ഏതു സമയത്തും ലഭിക്കും.

പ്ലാസ്റ്റിക് പരിസ്ഥിതിക്കു ദോഷമുണ്ടാകുന്നു എന്ന വാദം ശരിയല്ല എന്നാണു മുഹമ്മദ് പറയുന്നത്. അലക്ഷ്യമായി വലിച്ചെറിയുമ്പോൾ മാത്രമാണു പ്രശ്നമുണ്ടാകുന്നത്.അവ കൃത്യമായി ശേഖരിച്ച് പുനരുപയോഗിച്ചാൽ പ്രശ്നമില്ലെന്ന് അദ്ദേഹം പറയുന്നു. കൂടുതൽ റീ പ്രോസസിങ് എൻട്രികൾ ഉണ്ടാകണം എന്നു മാത്രം.

വാങ്ങലുകൾ പുറത്തുനിന്ന്

പെറ്റ് പ്രീഫോംസ്, ക്യാപ്സ് എന്നിവയാണു പുറത്തുനിന്നു വാങ്ങുന്നത്. ബെംഗളൂരു, പുതുച്ചേരി, മൈസൂർ എന്നിവിടങ്ങളിൽനിന്നും പ്രീഫോംസ് വാങ്ങുന്നു. ക്യാപ്പുകൾ പെരുമ്പാവൂരിലെ സ്വകാര്യ കമ്പനികളാണ് എത്തിക്കുന്നത്.  കി ഗ്രാമിന് 110 മുതൽ 140 രൂപ വരെ വിലയുണ്ട്. ഗുണമേന്മയേറിയ വെർജിൻ മെറ്റീരിയലാണ് ഉപയോഗിക്കുന്നത്. ഡാമേജ്  കുറവാണ്. സ്ഥാപനത്തിലെ എട്ടു തൊഴിലാളികളും  മലയാളികളാണ്.

∙ലോൺ എടുക്കാതെയാണ് സംരംഭം തുടങ്ങിയത്. വിദേശ മലയാളികളായ 30 പേരാണ് ഫണ്ടിങ് നടത്തിയിരിക്കുന്നത്. അവർക്കു ലാഭവിഹിതം നൽകാവുന്ന സ്ഥിതിയിൽ ആയിട്ടില്ല. ഏറെതാമസിയാതെ ലാഭവിഹിതം വിതരണം ചെയ്യാനാകും എന്നാണു പ്രതീക്ഷ. ഇപ്പോൾ ഏകദേശം 10 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം നടക്കുന്നു. 10 ശതമാനമാണ് ലഭിക്കുന്ന അറ്റാദായം.

∙പെറ്റ് ബോട്ടിൽ ക്യാപ്, പ്രീഫോംസ് എന്നിവയ്ക്കായി പുതിയ പ്ലാന്റ് ആരംഭിക്കണം. അതാണ് പുതിയ പ്രതീക്ഷ. രണ്ടു കോടിയുടെ പദ്ധതിയാണ് പ്ലാൻ ചെയ്തിരിക്കുന്നത്.ഭാര്യ സാജിത സ്ഥാപനത്തിന് പരിപൂർണ പിന്തുണ നൽകുന്നു.

∙ഈ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവർക്ക് 2 ലീറ്റർ കപ്പാസിറ്റിവരെയുള്ള പെറ്റ് ബോട്ടിൽ പ്ലാൻറ് 10 ലക്ഷം രൂപ മുടക്കി തുടങ്ങാം. രണ്ടു വർഷം കൊണ്ടു ലാഭത്തിലാകും. മൂന്നുപേർക്കു തൊഴിൽ നൽകാനാകും. ബിടുബി മോഡൽ ബിസിനസ് ആയതിനാൽ വലിയ പ്രശ്നങ്ങൾ ഇല്ലാതെ വിപണനം നടത്താം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
FROM ONMANORAMA