sections
MORE

കളിമണ്ണിൽ ജീവിതം വാർത്തെടുക്കുന്ന യുവ സംരംഭകൻ

HIGHLIGHTS
  • പ്രദർശനങ്ങൾ വഴിയും നല്ല വിൽപന ലഭിക്കുന്നു
pottery
SHARE

കളിമണ്ണിൽ ജീവിതം വാർത്തെടുക്കുകയാണ് ടി.ദാസൻ എന്ന  യുവസംരംഭകൻ. അദ്ദേഹത്തിന്റെ ക്രിയേഷൻ ഇൻ ക്ലേ എന്ന സംരംഭം ബത്തേരി– കൽപ്പറ്റ നാഷനൽ ഹൈവേയുടെ ഭാഗത്തായി ബീനാച്ചി എന്ന സ്ഥലത്ത് നാല് വർഷമായി പ്രവർത്തിക്കുന്നു. ഇവിടെ നിന്ന് വഴിയാത്രക്കാർക്കും, ടൂറിസ്റ്റുകൾക്കും സൗകര്യമായി ഉൽപന്നങ്ങൾ വാങ്ങാനാകും.16 വയസ്സു മുതൽ ഈ മേഖലയിലാണ് ദാസൻ പ്രവർത്തിക്കുന്നത്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഒരു മൺപാത്ര കരകൗശല ഉൽപന്ന നിർമാണ സ്ഥാപനത്തിൽ ജോലി ചെയ്തു. നാട്ടിൽ സ്വന്തം സംരംഭം തുടങ്ങാൻ കരുത്തേകിയത് ഈ അനുഭവ സമ്പത്താണ്. കളിമൺ ഉൽപന്നങ്ങളുടെ സാധ്യതകൾ കൂടിവരുന്ന ഇന്ന് ഇദ്ദേഹത്തിന്റെ ഉൽപ്പന്നങ്ങൾക്ക് പ്രസക്തിയേറെയാണ്.

ഒരു മാസത്തേക്ക് ഒരു ലോഡ് മണ്ണ്

ഒരു മാസത്തേക്ക് ഒരുലോഡ് മണ്ണിന്റെ ആവശ്യമേ ഉള്ളൂ. കുറച്ച്  മണലും വേണം. ആർടിസാൻഡ് കാർഡ് ഉപയോഗിച്ച് മണ്ണ് ലഭിക്കും.ഇത് കൃത്യമായി നൽകുന്ന ഏജൻസികൾ ഉണ്ട്. ടെസ്റ്റ് ചെയ്ത ശേഷമാണ് മണ്ണ് വാങ്ങുന്നത്. തരികുറഞ്ഞ മണ്ണാണ് ആവശ്യമുള്ളത്. ഒരു ലോഡ് മണ്ണിന് 14000 രൂപയാണ് വില. ഒരു ടൺ മണലും വേണം. 2000 രൂപ നിരക്കിൽ അതും ലഭിക്കും.

വാങ്ങലുകാർ

ബാംഗ്ലൂർ കേന്ദ്രീകരിച്ചുള്ള ഒരു ഇന്തോ–അമേരിക്കൻ കമ്പനിയാണ് പ്രധാന വാങ്ങലുകാർ. ഫാൻസി ഐറ്റം, ചെടികൾ നടുന്ന ചട്ടി എന്നീ മൺ ഉൽപന്നങ്ങളാണ് അവർ വാങ്ങുന്നത്. ഫാൻസി ഇനങ്ങളാണ് തിരുപ്പൂരിലെ സ്വകാര്യ ഏജൻസി വാങ്ങുന്നത്. ലാംബ് ഷെയ്ഡുകൾ, കാന്റിൽ ഹോൾഡേഴ്സ്, മണ്ണ് മാസ്ക്കുകൾ എന്നിവ കമ്പനികളും ഹോട്ടലുകളും വാങ്ങുന്നു. ആന്ധ്രായിൽ ജോലി ചെയ്തിരുന്നപ്പോഴുള്ള പരിചയം കൊണ്ടാണ് ഇത്തരം ഇടപാടുകാരെ നേടിയത്. പ്ലേറ്റുകൾ, കപ്പുകള്‍, ഗ്ലാസ്സുകൾ, ഷെയ്ഡുകൾ എന്നിവയ്ക്ക് റിസോർട്ടുകൾ, ഹോട്ടലുകൾ ആഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിൽ ഡിമാന്റുണ്ട്.

മൺപാത്രങ്ങൾ; ജഗ്ഗ്, കൂജ എന്നിവ ഒഴികെ എല്ലാം ഓർഡർ പ്രകാരമാണ് നിർമിക്കുന്നത്. വലിയ ഓർഡറുകൾ പോലും കൃത്യമായി നൽകാൻ കഴിയുന്ന സ്ഥിതിയുണ്ട്. മൺപാത്രങ്ങളിൽ പ്രാദേശികമായി മത്സരമുണ്ട്. ഫാൻസി ഇനങ്ങളിൽ മത്സരം കുറവാണ്. എല്ലാ വിൽപനകളും അക്കൗണ്ട് ട്രാൻസ്ഫർ വഴിയാണ് നടക്കുന്നത് (അപൂർവമായ നേരിട്ടുള്ള വിൽപനകൾ ഒഴികെ). ഒരു മാസം വരെ ക്രെഡിറ്റ് വരാറുണ്ട്. എങ്കിലും പ്രശ്നം ഇല്ല.

പ്രദർശനങ്ങൾ വഴിയും നല്ല വിൽപന ലഭിക്കുന്നു. ജില്ലാ വ്യവസായ കേന്ദ്രം വഴി നിരവധി പ്രദർശനങ്ങൾക്കു സൗകര്യം ഒരുക്കുന്നു.  പ്രതിമാസം മൂന്നര ലക്ഷത്തോളം രൂപയുടെ വിൽപനയും, 20 ശതമാനം വരെ അറ്റാദായവും ലഭിക്കും.

പ്രതിദിന വേതനത്തിൽ 4 ജോലിക്കാരുണ്ട്. 2000 ച. അടി സാധാരണ ഷെഡ്, പോട്ടറി വീൽ, ചൂള  എന്നിവയാണ് പ്രധാന അടിസ്ഥാന സൗകര്യങ്ങൾ. 2.5 ലക്ഷം രൂപയാണ് സ്ഥിരനിക്ഷേപം. പ്രധാനമന്ത്രിയുടെ തൊഴിൽദാനപദ്ധതി പ്രകാരമുള്ള വായ്പയും, സബ്സിഡിയും സ്ഥാപനത്തിനു ലഭിച്ചു. സ്ഥലം വാടകക്കാണ്.

എക്സ്പോർട്ട് ക്വാളിറ്റിയുള്ള ടെറാക്കോട്ട ഉൽപന്നങ്ങൾ നിർമിക്കുവാനാണ്  അടുത്ത പദ്ധതി. അതിനായി ഉയര്‍ന്ന ചൂട് തരുന്ന ചൂള ഒരുക്കാനുള്ള തയാറെടുപ്പിലാണ്. ബിസിനസ്സിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ ഒന്നും തന്നെ ഇദ്ദേഹത്തിന് പറയാനില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA