sections
MORE

വീട്ടിൽ തുടങ്ങിയ സംരംഭം മാസവരുമാനം കൈനിറയെ

HIGHLIGHTS
  • ഓൺലൈനിലും സജീവമാകാനൊരുങ്ങുകയാണ് സ്ഥാപനം
ilavarasi
SHARE

ബേക്കറി– ഭക്ഷ്യ ഉൽപന്ന നിർമാണ സ്ഥാപനങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കു നല്ലൊരു വഴികാട്ടിയാണ് ഇളവരശ്ശി. സ്വന്തം വീട്ടിൽ തുടങ്ങിയ ലഘുസംരംഭം ഇന്ന് 36 േപർക്കു തൊഴിൽ നൽകുന്നു.

എന്താണു ബിസിനസ്? 

പരമ്പരാഗത ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമാണവും വിൽപനയുമാണു ബിസിനസ്.

തൃശൂർ ജില്ലയിലെ കൂർക്കഞ്ചേരിയിൽ ‘അശ്വതി ഹോട്ട് ചിപ്സ്’ എന്ന പേരിലാണ് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നത്. ചിപ്സ്, ഹൽവ, മിക്സ്ചർ, അരിമുറുക്ക്, ചക്ക അച്ചാർ, ചക്ക വരട്ടിയത്, ചക്കക്കുരു അവലോസുപൊടി, അവലോസുണ്ട, ഉണ്ണിയപ്പം, വട്ടയപ്പം, അച്ചാറുകൾ തുടങ്ങി 40ൽ പരം ഉൽപന്നങ്ങൾ ഇവർ നിർമിച്ചു വിൽക്കുന്നു. കൂവപ്പൊടി കൊണ്ടുള്ള വിഭവങ്ങളുൾപ്പടെ പുതുമയാർന്ന ഉൽപ്പന്നങ്ങളും ഓണം സീസണിൽ പലവിധ ചിപ്സുകളും വിപണിയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഇളവരശി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഈ വീട്ടമ്മയുടെ സംരംഭം പ്രവർത്തിക്കുന്നത്

ഒരു തൊഴിലിനായി തുടങ്ങി

തനിക്കും ഭർത്താവിനും ഒരു സ്ഥിരം തൊഴിൽ എന്ന നിലയ്ക്കാണ് 1998 ൽ വീട്ടിൽത്തന്നെ ഇത്തരമൊരു സംരംഭത്തിനു തുടക്കമിടുന്നത്. ‘‘പക്കാവട, മിക്സ്ചർ, അരിമുറുക്ക് എന്നിവ ഉണ്ടാക്കി വിറ്റുകൊണ്ടായിരുന്നു ആരംഭം. വീട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി. ജോലിക്കാർ ആരും ഇല്ലായിരുന്നു. ബേക്കറി ഷോപ്പുകളിൽ നേരിട്ടായിരുന്നു വിൽപന. ദിവസം ശരാശരി 1,000 രൂപയുടെ കച്ചവടമായിരുന്നു അന്നൊക്കെ കിട്ടിയിരുന്നത്. എന്നാലും ഏകദേശം 200 രൂപയോളം അറ്റാദായം കിട്ടുമായിരുന്നു.’’ ഇളവരശ്ശി പറയുന്നു.

സ്ഥിരനിക്ഷേപങ്ങൾ ഒന്നും ഇല്ലാതെയാണു തുടക്കം. വിപണിയിൽ മെച്ചപ്പെട്ട പ്രതികരണം ലഭിച്ചപ്പോൾ മെഷിനറിയിൽ നിക്ഷേപം നടത്തി പതിയെ സ്ഥാപനം വിപുലപ്പെടുത്തുകയായിരുന്നു.രണ്ടായിരത്തിൽ പിഎംആർവൈ പദ്ധതി പ്രകാരം 57,000 രൂപ വായ്പ എടുത്തുകൊണ്ടാണു വികസന പ്രവർത്തനങ്ങൾ തുടങ്ങിയത്. ഇപ്പോൾ പുതിയൊരു ഉൽപ്പാദന യൂണിറ്റുകൂടി നിർമാണ ഘട്ടത്തിലാണ്.

വിജയരഹസ്യങ്ങൾ

∙ തികച്ചും പ്രകൃതിദത്ത സാധനങ്ങൾ ഉപയോഗിക്കുന്നു.

∙ പുതുമ നഷ്ടപ്പെടാതെ നൽകുന്നു.

∙ ഷോപ്പുകളിൽ തത്സമയ നിർമാണവും വിൽപനയും.

∙ കളർ, പ്രിസർവേറ്റീവ്സ് ചേർക്കുന്നില്ല.

∙ സസ്യഎണ്ണകൾ, പ്രത്യേകിച്ച് എള്ളെണ്ണ, വെളിച്ചെണ്ണ എന്നിവ മാത്രം ഉപയോഗിക്കുന്നു.

∙ വ്യക്തിപരമായി ശ്രദ്ധ ചെലുത്തി നിർമാണം/വിൽപന.

∙ വില അൽപം കൂടുതൽ ആയിരിക്കും.

∙ ബ്രാൻഡിങ്, പായ്ക്കിങ് എന്നിവ മികച്ചതാണ്.

∙ പരീക്ഷിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം വിൽപന.

∙ FSSAI, GST തുടങ്ങി എല്ലാവിധ ലൈസൻസുകളും.

35 ലക്ഷം രൂപയുടെ മെഷിനറി

വീട്ടിലെ ഉപകരണങ്ങൾ മാത്രം ഉപയോഗപ്പെടുത്തി തുടങ്ങിയതാണെങ്കിലും പലപ്പോഴായി വാങ്ങി സ്ഥാപിച്ച മെഷിനറികൾ എല്ലാം കൂടി ഇപ്പോൾ 35 ലക്ഷം രൂപയുടെ മൂലധനമുണ്ട്. ഫ്ലോറിക്, കൺവർട്ടർ മെഷീൻ, മിക്സിങ് മെഷീനുകൾ, ഗ്രൈൻഡറുകൾ, അവ്നുകൾ, പായ്ക്കിങ്/സീലിങ് മെഷീനുകൾ, ഫ്രീസറുകൾ തുടങ്ങിയവയെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്.

കൂർക്ക, വാഴപ്പിണ്ടി, ചക്കക്കുരു, പാവയ്ക്ക, വെള്ളരി, നെല്ലിക്ക, മാങ്ങ, ഈന്തപ്പഴം എന്നിങ്ങനെ 18 തരം ‘പുവർ വെജ് പിക്കിൾസ്’ ഉണ്ടാക്കാനും, സ്വദേശ/വിദേശ വിപണി നേടാനും ശ്രമം തുടങ്ങിക്കഴിഞ്ഞു.ഓൺലൈനിലും സജീവമാകാനുള്ള തയാറെടുപ്പിലാണ്. 100 പേർക്കെങ്കിലും തൊഴിൽ നൽകുകയാണു ലക്ഷ്യം. 

പ്രധാന വിൽപന സ്വന്തം ഷോപ്പുകൾ വഴി

തൃശൂർ ടൗണിൽ സ്വന്തമായി രണ്ടു ഷോപ്പുകളുണ്ട്. അതിലൂടെയാണു പ്രധാന വിൽപനകൾ. ഗോവ, ഗുജറാത്ത്, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്. അവിടത്തെ ഏജൻസികൾക്കും സ്ഥിരമായി അയച്ചുകൊടുക്കുന്നു. ‘കാഷ് & ക്യാരി’ അടിസ്ഥാനത്തിലാണു പ്രധാന വിൽപന. സംരംഭം വിജയിച്ചതിന്റെ പ്രധാന കാര്യം റെഡികാഷ് വിൽപനകൾ ആണെന്നാണ് ഇളവരശ്ശിയുടെ അഭിപ്രായം. മായം ചേർക്കാത്ത ഉൽപന്നങ്ങൾക്കു നല്ല ഡിമാൻഡും, ഉയർന്ന വിലയും ലഭിക്കുന്നു എന്നതും വിജയകാരണമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
FROM ONMANORAMA