sections
MORE

ശാന്തീസ് ഉമിക്കരി: പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടി മുന്നോട്ട്

HIGHLIGHTS
  • വേറിട്ട രീതിയിൽ ബിസിനസിനെ സമീപിച്ചതാണ് വിജയത്തിനാധാരം
umikkari
SHARE

ഗ്രാമ്പുവും കുരുമുളകും ഉപ്പും ഉപയോഗിച്ചുള്ള മസാല ഉമിക്കരികൊണ്ട് പല്ലുതേച്ചാലെങ്ങനെയുണ്ടാകും?

പുതുമയാർന്ന ആ അനുഭവം നമ്മളെ പരിചയപ്പെടുത്തുന്നത് കണ്ണൂർ സ്വദേശിയായ സിജേഷ് പൊയ്യിൽ ആണ്. അഴിക്കോടുള്ള ഇദ്ദേഹത്തിന്റെ ശാന്തിസ് എന്റർപ്രൈസസ് ആണ് പുതുമയാര്‍ന്ന ഈ ഉമിക്കരി വിപണിയിലെത്തിക്കുന്നത്.

എല്ലാവരെയും പോലെ ഗൾഫിൽ പോയി പത്ത് കാശ് ഉണ്ടാക്കാം എന്ന് വിചാരിച്ചു ജോലി തേടി പോയ സിജേഷ് തരക്കേടില്ലാത്ത ശമ്പളമാണ് ലഭിച്ചുകൊണ്ടിരുന്നതെങ്കിലും നാട്ടിൽ ഒരു കൊച്ചു ബിസിനസ് ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നു. ഒടുവിൽ  പ്രവാസ  ജീവിതത്തിനോട്  വിടപറഞ്ഞു  നാട്ടിലേക്കുള്ള വിമാനം കയറി കണ്ണൂരിലെത്തി. ഇനിയെന്ന് മടങ്ങും ...?? പതിവുള്ള നാട്ടുകാരുടെ ചോദ്യത്തിനു മുൻപിൽ  സിജേഷ് പതറിയില്ല.പകരം മനസ്സുനിറയെ പല പല ആശയങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്നു.

ഒരു ദിവസം ഉമിക്കരി കൊണ്ട് പല്ല് തേക്കണം എന്ന ആഗ്രഹം തോന്നി. കുട്ടിക്കാലത്ത് ഉമിക്കരി തേച്ചു  പരിചയവുമുണ്ട്. പലയിടത്തും അന്വേഷിച്ചെങ്കിലും ഉമിക്കരികിട്ടിയില്ല. പിന്നെ ഒട്ടും ചിന്തിച്ചില്ല വീട്ടിൽ തന്നെ ഉമിക്കരി  ഉണ്ടാക്കുവാൻ തീരുമാനിച്ചു.ഉമിക്കരി ഉണ്ടാക്കാനുള്ള മകന്റെ ആഗ്രഹം അമ്മ സാധിച്ചു കൊടുത്തു. അമ്മ കയ്യിൽ കൊണ്ടു കൊടുത്തത് പുതിയ ആശയമാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്  ...! 

അങ്ങനെയാണ്  ഗ്രാമ്പുവും കുരുമുളകും ഉപ്പും ഉപയോഗിച്ചുള്ള മസാല  ഉമിക്കരിക്ക് പുതിയ ഭാവവും മണവും വന്നുചേർന്നത്. ആദ്യകാലത്ത് ഉമി കിട്ടാൻ നല്ല പ്രയാസമായിരുന്നു.ഒരു സുഹൃത്ത് സംഘടിപ്പിച്ചു കൊടുക്കുകയായിരുന്നു. 

പഴയ ഉമിക്കരി  വീണ്ടും പുത്തനുണർവോടെ തിരിച്ചെത്തി.  പുതിയ ഉമിക്കരിക്കാകട്ടെ  മണവും രുചിയും ഒന്നു വേറെ തന്നെ.  തികച്ചും പ്രകൃതിദത്തമാണിത്. രാസവസ്തുക്കൾ ചേർന്നിട്ടില്ല. ഇത് എടുത്തുപറയേണ്ട ഒന്നാണ്. അങ്ങനെ വീട്ടിലെ ആവശ്യത്തിനു മാത്രമായി തയ്യാറാക്കി. ആദ്യം അടുത്ത ബന്ധുക്കൾക്ക് പിന്നീട് സുഹൃത്തുക്കൾക്കും നൽകി.  എല്ലാവർക്കും നല്ല അഭിപ്രായം. സംരംഭകരുടെ ഒരു വാട്ട്‌സ് ആപ്പ് കൂട്ടായ്മയുണ്ട്. മസാല ഉമിക്കരിയുടെ കാര്യം കൂട്ടായ്മയിൽ ചർച്ച ചെയ്യപ്പെട്ടു. ആത്മവിശ്വാസമായി. 

എത്ര മൂലധനം വേണ്ടിവരും? ലോണ്‍ എങ്ങനെയെടുക്കും? എന്തൊക്കെ ലൈസന്‍സ് സ്ഥാപനത്തിന് വേണം? എവിടെ നിന്ന് ലൈസന്‍സ് എടുക്കണം?  ഇങ്ങനെയൊക്കെയുള്ള സംശയങ്ങള്‍ക്ക് ആ 'വാട്ട്‌സ്ആപ്പ്' ഗ്രൂപ്പില്‍ നിന്നും മറുപടി ലഭിച്ചു. അതോടെ ഉമിക്കരി ബിസിനസ് സംരംഭത്തിന്  വലിയ പ്രചോദനമായി. 

അങ്ങനെ ഗ്രാമത്തിലെ കാർഷിക കൂട്ടായ്മയായ  ജൈവ സംസ്കൃതിയിലേക്ക്  മസാല ഉമിക്കരിയുടെ ആദ്യത്തെ വിപണനം. തുടക്കത്തിൽ ബ്രാൻഡുണ്ടായിരുന്നില്ല. സിജേഷ്ന് സ്വന്തമായി ഒരു മെഡിക്കല്‍ ഷോപ്പു നാട്ടിലുണ്ട്. അവിടെ കുറച്ച് പാക്കറ്റ് ഉമിക്കരി കൊണ്ടുവെച്ചു. ആളുകള്‍ പതുക്കെപ്പതുക്കെ മസാല ഉമിക്കരിയുടെ ആരാധകരായി. പിന്നീടാണ് വിപണനത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. അങ്ങനെ ആദ്യം ചെറിയ പാക്കറ്റുകളിലാക്കി  വിപണനം തുടങ്ങി. 

വിപണനം ഏറിയപ്പോൾ 'ശാന്തിസ്' എന്ന ബ്രാൻഡ് നെയിമും കൊടുത്തു.ആദ്യം കച്ചവടം മെഡിക്കൽ സ്റ്റോറുകൾ വഴിയായിരുന്നു. പിന്നീടത് സൂപ്പർ ബസാറുകളിലേക്കും  വിപുലമാക്കി. ഡിസ്ട്രിബ്യൂട്ടർ വഴി കടകളിലും വിപണനം നടത്തുന്നുണ്ട്. ഇപ്പോൾ കണ്ണൂരിലും കോഴിക്കോട്ടും എറണാകുളത്തും  മൂവാറ്റുപുഴയിലും ഉമിക്കരി  വിൽക്കുന്നു. 25 ഗ്രാമിന്‍റെയും 70 ഗ്രാമിന്‍റെയും ബോട്ടിലുകളിലാക്കിയാണ് ശാന്തീസ് ഉമിക്കരി വില്‍ക്കുന്നത്.

പ്രധാനമന്ത്രിയുടെ  'മുദ്ര ലോൺ" മുഖേന ഗ്രാമീൺ ബാങ്ക് വഴി എട്ടര ലക്ഷം രൂപ ലോണെടുത്തു.  ഇത് കൂടുതൽ സഹായമായി. പണികളെല്ലാം വീട്ടുമുറ്റത്ത്.  5കിലോ ഉമി കരിച്ചാൽ 2കിലോ ലഭിക്കും. ഇത് അരിച്ചെടുത്ത്കൂടെ കുരുമുളകും ഗ്രാമ്പുവും  ഉപ്പും  ചേർത്ത്  സ്വാദുള്ള ഉമിക്കരി തയ്യാറാക്കും. സഹോദരനായ ധനോഷിനോടൊപ്പം 5 ജീവനക്കാരും  ചേർന്നാണ് ഈ പണികൾ നടത്തുന്നത്. 

ഒടുവിൽ ചെറുതായി തുടങ്ങിയ ഈ  സംരംഭം പ്രധാനമന്ത്രിയുടെ അടുക്കൽ വരെ എത്തിക്കുവാൻ  സാധിച്ചതിന്റെ സന്തോഷത്തിലാണ് സിജേഷ്. 'മുദ്ര' ലോൺ ഉപയോഗിച്ച്  മാതൃകാപരവും വിജയകരമായി സംരംഭങ്ങൾ  നടത്തുന്ന രാജ്യത്തെ 110 പേരെയാണ് കൂടിക്കാഴ്ചക്ക് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ക്ഷണിച്ചത്. ഇതിൽ സിജേഷ് അടക്കം നാലുപേർ കേരളത്തിൽനിന്നും പങ്കെടുക്കാൻ അർഹത നേടി.

പ്രധാനമന്ത്രി നരേന്ദ്രമോദി,  ഉമിക്കരിയെകുറിച്ച് സിജേഷ്നോട് ചോദിച്ചു മനസ്സിലാക്കി.  പ്രധാനമന്ത്രി ആകട്ടെ  ഇത്  ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു.  മുന്‍കൂട്ടി അനുമതി വാങ്ങിയതു കൊണ്ടാണ് അദ്ദേഹത്തോട് സംസാരിക്കാനും ഉമിക്കരി നല്‍കാനും  സിജേഷിന് സാധിച്ചത്. പ്രധാനമന്ത്രി, സിജേഷിനെ തോളിൽതട്ടി വിവരങ്ങൾ സസൂക്ഷ്മം ചോദിച്ചു മനസ്സിലാക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനോടകം യുവ സംരംഭകർക്കുള്ള അവാർഡുകളും  തേടിയെത്തിയിട്ടുണ്ട്.  

ഉമിക്കരി ബിസിനസില്‍ പുതുമയൊന്നും ഇല്ല. ഒരുപാട് പേര്‍ ഇതു പരീക്ഷിച്ചു. പക്ഷേ വിജയിച്ചവര്‍ പോലും ഇത് മുന്നോട്ട് കൊണ്ടുപോകുന്നില്ല. ഉമിയുടെ ലഭ്യത വലിയ പ്രശ്‌നം തന്നെയാണ്. അതാകും പലരും പിന്തിരിയാനുള്ള കാരണമെന്ന് സംശയിക്കുന്നതായി സിജേഷ് പറഞ്ഞു. 

ബ്രാൻഡ് വിപുലീകരിക്കുന്നതിന് ഭാഗമായി ഇംഗ്ലീഷിലും  മലയാളത്തിലുമായി ഒരു പരസ്യം ചിത്രവും നിർമിച്ചു ഓണ്‍ലൈന്‍ വിപണരംഗത്തേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. കണ്ണൂരിൽ ആരംഭിച്ച മൈസോൺ സ്റ്റാര്‍ട്ട് അപ്പ് ഇക്കോ സിസ്റ്റം വഴി ഓൺലൈൻ ആയും ബിസിനസ് വിപുലീകരിക്കാൻ ശ്രമിക്കുന്നു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
FROM ONMANORAMA