ADVERTISEMENT

‘അനൂസ് ഹെർബ്സ് മാജിക്’ എന്ന ബ്രാൻഡിങ്ങിൽ വീട്ടിൽത്തന്നെ തയാറാക്കുന്ന സൗന്ദര്യവർധകങ്ങളാണ് ഉൽപന്നങ്ങൾ. നാച്ചുറൽ ഫേസ് പാക്ക്, ലിപ് ബാം, ഹാൻഡ് ആൻഡ് ഫൂട്ട് സ്ക്രബ്‌, ഹെയർ വോളിയമൈസിങ് പാക്ക്, ബേബി ബാത്തിങ് പൗഡർ, വൈറ്റമിൻ സി ആന്റി ഏജിങ് ഫേസ് മാസ്‌ക് എന്നിവ ഈ ശ്രേണിയിൽപ്പെടുന്നു. ഓൺലൈൻ ബിസിനസിലൂടെ ഈ വീട്ടമ്മ പ്രതിമാസം നേടുന്നത് ശരാശരി 40,000 രൂപയാണ്.

ബിസിനസിന്റെ തുടക്കം

പാരമ്പര്യവൈദ്യത്തിൽ കഴിവു തെളിയിച്ച ആളായിരുന്നു അനുവിന്റെ വല്യച്ഛൻ. ആ ഒരു വാസന അനുവിനും കിട്ടിയെന്നു പറയാം. അതുകൊണ്ടാണ് പ്ലസ്ടു കഴിഞ്ഞപ്പോൾ കോസ്മറ്റോളജി സ്കിൻ സയൻസ് ഡിപ്ലോമ എടുത്തത്. ആ കാലത്ത് കോസ്മറ്റോളജിയിൽ ഡിഗ്രി കോഴ്സുകൾ ഒന്നുമില്ലായിരുന്നു. ചെറുപ്പത്തിൽ തന്നെ വല്യച്ഛൻ പറഞ്ഞറിഞ്ഞ നാട്ടുമരുന്നുകൾ ചർമസംരക്ഷണത്തിനും കേശസംരക്ഷണത്തിനും അനു ഉപയോഗിച്ചു ഫലം കണ്ടിരുന്നു. അതുവഴി ആയുർവേദത്തിലും വിശ്വാസം ഉറച്ചു.

‘‘ഈ സമയത്ത് ഒരു സുഹൃത്തിന് പ്രസവത്തിനുശേഷം കരുവാളിപ്പ് വന്നു. ഈസ്ട്രജൻ നിലയിൽ ഉള്ള മാറ്റങ്ങൾ വഴി സംഭവിക്കുന്നതാണിത്. ചിലർക്ക് അത് തനിയെ മാറാറുണ്ട്. കൂട്ടുകാരിക്കിത് മാറാതെ വന്നപ്പോൾ ഞാൻ ചില നുറുങ്ങുകൾ പറഞ്ഞു കൊടുത്തു. അത് വളരെ ഫലവത്തായി. കരുവാളിപ്പ് പൂർണമായി മാറുകയും ചെയ്തു.

ഈ വിവരമറിഞ്ഞ മറ്റൊരു കൂട്ടുകാരി ഈ കൂട്ടൊന്ന് ഉണ്ടാക്കി അയച്ചുതരാമോയെന്നു ചോദിച്ചപ്പോൾ ഞാനതു ചെയ്തു. ഉപയോഗശേഷം അവളുടെ മുഖത്തെ മാറ്റം കണ്ട് ചോദിച്ച പലർക്കും അവൾ എന്റെ പേരു പറഞ്ഞുകൊടുത്തു. അതോടെ കൂടുതൽ കൂടുതൽ ആവശ്യക്കാർ വന്നു. അങ്ങനെയാണ് ഇതൊരു ബിസിനസ് ആയി സ്വീകരിച്ചുകൂടെയെന്ന തോന്നലുണ്ടായത്.’’ ഇത്തരമൊരു വ്യത്യസ്ത സംരംഭത്തിനു തുടക്കമിടാനായ സാഹചര്യത്തെക്കുറിച്ച് അനു വിശദമാക്കുന്നു. പിന്നീട് ഇതിനുവേണ്ട ലൈസൻസ് എടുക്കാനും നിയമവശങ്ങൾ എന്തെല്ലാമാണെന്ന് അന്വേഷിച്ചു മനസ്സിലാക്കാനുമായി ശ്രമം. അതിനെ തുടർന്ന് സ്മോൾ സ്കെയിൽ ഇൻഡസ്ട്രിയായി ലൈസൻസും എടുത്തു. ആദ്യ പ്രോഡക്ട് ആയി ആന്റി പിഗ്മെന്റേഷൻ പാക്ക് ആണ് പുറത്തിറക്കിയത്.

‘‘തുടക്കത്തിൽ ഇത് ഉപയോഗിച്ചവർ പരസ്പരം പറഞ്ഞു കിട്ടിയ പബ്ളിസിറ്റിയായിരുന്നു ബലം. പിന്നെ ഉൽപന്നം നല്ല രീതിയിൽ വിറ്റുപോകാൻ തുടങ്ങിയപ്പോൾ ധൈര്യമായി. അങ്ങനെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. ആ പോസ്റ്റിനു തന്നെ നൂറോളം ആവശ്യക്കാർ ഉണ്ടായി. 5,000 രൂപ/യുടെ ആദ്യ ബൾക്ക് ഓർഡറോടെ ബിസിനസും വിപുലപ്പെടുത്തി.’’ അനു പറയുന്നു.

പ്രകൃതിദത്തം അസംസ്കൃതവസ്തുക്കൾ 

ആദ്യമൊക്കെ ചെറിയ അളവിൽ ഫേസ്പാക്ക് ഉണ്ടാക്കാനുള്ള തുളസിയും ആര്യവേപ്പുമെല്ലാം വീട്ടിലെ പറമ്പിൽനിന്നു കിട്ടുമായിരുന്നു. ഉണ്ടാക്കുന്നതിന്റെ അളവു കൂടിയപ്പോൾ ഇതെല്ലാം പുറത്തു നിന്നു വാങ്ങുകയാണ്.

രണ്ടാമത്തെ പ്രോഡക്ട് ലിപ്ബാം ആയിരുന്നു. ‘‘വിപണിയിലുള്ള ലിപ്ബാമുകളുടെ ബേസ് തന്നെ പെട്രോളിയം ബൈ പ്രൊഡക്ട് ആയ പെട്രോളിയം ജെല്ലിയാണ്. അത് ഉള്ളിൽ പോകുന്നത് ദോഷകരമാണ്. ഇവിടെ ‘ബീ വാക്സ്’ ആണ് മീഡിയമായി ഉപയോഗിക്കുന്നത്. തേനീച്ചക്കൂട്ടിൽനിന്നും ഉണ്ടായിവരുന്ന ഒന്നാണ് ബീ വാക്സ്. പ്രകൃതിദത്തമായതിനാൽ ശരീരത്തിനു ദോഷം വരില്ല.’’ സൂക്ഷ്മതയോടെ കാര്യങ്ങൾ വിശദീകരിക്കുകയാണ് ഈ വനിതാസംരംഭക.

ലൈസൻസുകൾ

റജിസ്ട്രേഷനായി കേന്ദ്രസർക്കാരിന്റെ ചെറുകിട വ്യവസായമന്ത്രാലയത്തിന്റെ കീഴിൽ വരുന്ന എംഎസ്എംഇയുടെ ലൈസൻസ് ആണു വേണ്ടത്. ഉദ്യോഗ് ആധാർ ലൈസൻസ് എന്നും പറയും. ഈ ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ലോൺ, സബ്സിഡി എന്നിവയെല്ലാം ലഭ്യമാകൂ.

വിൽപനയെല്ലാം ഓൺലൈൻ വഴി

സോഷ്യൽ മീഡിയയിലെ ഫെയ്സ്ബുക്ക്, വാട്ട്സാപ് പ്ലാറ്റ്ഫോമുകളാണ് വിപണിയായി പ്രവർത്തിക്കുന്നത്. ഒരു മാസം രണ്ടു തവണയായി ഓർഡറുകൾ സ്വീകരിക്കുന്നു. അതു കിട്ടിയശേഷം എത്ര വേണമെന്നു നോക്കിയാണ് നിർമാണം. പ്രോഡക്ട് ആവശ്യമുള്ളവർക്ക് അനുവിന്റെ വാട്ട്സാപ് നമ്പറിലേക്ക് സന്ദേശം അയയ്ക്കാം.

അതോടൊപ്പം അതിന്റെ വില ഓൺലൈൻ വഴിയോ ഗൂഗിൾ പേ വഴിയോ അയച്ചശേഷമുള്ള രസീതും അയയ്ക്കണം. അതു കിട്ടിയ ശേഷമായിരിക്കും കുറിയർ അയയ്ക്കുക.

കുറഞ്ഞ സൂക്ഷിപ്പുകാലം ഉള്ളവയാണ് ഉൽപന്നങ്ങളെല്ലാം. ലിപ്ബാം ഒഴികെ മറ്റെല്ലാം ആറുമാസത്തിനുള്ളിൽ ഉപയോഗിച്ചു തീർക്കുന്നതാവും അഭികാമ്യം. ലിപ്ബാം ഒരു വർഷം വരെ ഉപയോഗിക്കാം. ഓർഡർ സ്വീകരിച്ച് 10 ദിവസത്തിനുള്ളിൽ ഉൽപ്പന്നങ്ങൾ കുറിയർ വഴിയോ തപാൽ വഴിയോ അയച്ചു കൊടുക്കാറുണ്ട്.

ഇപ്പോൾ പ്രകൃതിദത്തമായ കൺമഷി ഉണ്ടാക്കിക്കൊടുക്കാൻ ഡിമാൻഡുണ്ട്. അതെങ്ങനെ ഒരു പ്രോഡക്ടായി പുറത്തിറക്കാം എന്ന ഗവേഷണത്തിലാണ് അനുവും ഭർത്താവ് കണ്ണനുണ്ണിയും.

കുടുംബസംരംഭം

അനുവും ഭർത്താവു കണ്ണനുണ്ണിയും ചേർന്നാണ് ഉൽപന്നങ്ങളെല്ലാം നിർമിച്ച് പാക്ക് ചെയ്യുന്നതും കുറിയർ ചെയ്യുന്നതും. മെഷിനറികൾ ഒന്നും വേണ്ടിവരുന്നില്ല. ഉരലിലും ഇടികല്ലിലും ഒക്കയാണ് സാധനങ്ങൾ പൊടിച്ചെടുക്കുന്നത്. നിലവിൽ പ്രതിമാസം 30,000– 40,000 രൂപയുടെ അറ്റാദായം ലഭിക്കുന്നുണ്ടെന്ന് അനു പറയുമ്പോൾ ഈ രംഗത്തെ വിപുല സാധ്യതകളാണ് നമുക്കു മുന്നിൽ തെളിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com