ADVERTISEMENT

ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി വീട്ടിൽ എത്തിച്ചു കൊടുക്കാമെന്ന ആശയത്തിനു ചുവട് പിടിച്ചാണ് ദേവിക ബാലചന്ദ്രൻ ‘കാപ്പിക്കൂട്ടം’ എന്ന കാറ്ററിങ് സ്ഥാപനം ആരംഭിക്കുന്നത്. പരിസരത്തുള്ള പ്രായമായവർക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. അസുഖവും മരുന്നുമൊക്കെയുള്ളവർക്ക് സമയത്ത് ആഹാരം കിട്ടുന്നത് വലിയ ഉപകാരമാണ്. അതും വീട്ടിൽ എത്തിച്ചു കിട്ടുന്നത്.

ഇഡ്ഡലി, ദോശ, സാമ്പാർ ഇതെല്ലാം ഉൾപ്പെടുത്തി ഒരു ബിസിനസ് തുടങ്ങിയാലോ എന്ന് ആദ്യം പറയുന്നത് സുഹൃത്ത് ഭവാനിയാണ്. അങ്ങനെ എൻഐടിയിൽ സംരംഭകരാകാൻ തയാറെടുക്കുന്നവർക്കായുള്ള കോഴ്സ് കൂടി കഴിഞ്ഞതിനു ശേഷമാണ് ഈ ആശയവുമായി മുന്നോട്ടു പോകുന്നത്.

ഓർഡർ വാട്സാപ്പിലൂടെ

ബിസിനസ് സാധ്യത മനസ്സിലാക്കാനായി ഓരോ വീട്ടിലും ചെന്നു സംസാരിച്ചു. ഈ സർവേക്കിടയിൽ തന്നെ പറ്റിയൊരു വീടും കിട്ടി. അതിന്റെ ഉടമസ്ഥർക്കും താൽപര്യമായിരുന്നു. അങ്ങനെ ഞാനും ഭവാനിയും ആ വീട്ടുകാരും ചേർന്നു 15 ലക്ഷം രൂപ മുതൽമുടക്കിൽ ബിസിനസിലേക്കിറങ്ങി.

ആദ്യം ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി. പിറ്റേന്ന് എന്തൊക്കെ ഉണ്ടാക്കുമെന്ന് തലേ ദിവസംതന്നെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. വേണ്ടവർ ഗ്രൂപ്പിലൂടെ തന്നെ മറുപടി പറയും. അതനുസരിച്ച് ഭക്ഷണം ഉണ്ടാക്കും. അതാതു സ്ഥലത്ത് എത്തിക്കും.

ബിസിനസ് തുടങ്ങിയിട്ട് ഇപ്പോൾ ഏഴു മാസമായി. വലിയ ലാഭമില്ലെങ്കിലും ചെലവുകളെല്ലാം നടത്തിക്കൊണ്ടുപോകാൻ കഴിയുന്നു. നാലുമാസം കഴിഞ്ഞപ്പോൾ ലാഭം ഒന്നും കിട്ടാത്തതിനെ തുടർന്ന് ഒരു പാർട്ട്ണർ പിൻവാങ്ങി. കൂടെയുള്ള കൂട്ടുകാരിക്കും ആരോഗ്യപ്രശ്നങ്ങൾ വന്നു. അവസാനം ദേവികതന്നെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുകയായിരുന്നു.

വാട്ട്സാപ്പ് ഗ്രൂപ്പ് മാത്രംകൊണ്ട് ആരും അറിയുന്നില്ല എന്നു തോന്നിയപ്പോൾ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ആരംഭിച്ചു. അങ്ങനെ കൂടുതൽ പേർ അറിയാൻ തുടങ്ങി. ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും ആവശ്യക്കാർ ഉണ്ടായി. രണ്ടു പേരെ ജോലിക്കെടുത്തു. ഭാര്യയും ഭർത്താവും ആണ്. ഇവിടെ താമസിച്ച് പാചകത്തിനു സഹായിക്കുന്നു.

ഹോം ഡെലിവറി

രാവിലെ ആറരയ്ക്ക് ഭക്ഷണം തയാറാകണം. തലേന്നു തന്നെ ഒരുക്കങ്ങൾ തുടങ്ങും. നന്നേ വെളുപ്പിന് പാചകവും. നിലവിൽ മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഇപ്പോൾ ഹോം ഡെലിവറിയുണ്ട്. ഓൺലൈൻ വഴിയും ഓർഡർ സ്വീകരിച്ച് ഡെലിവറി ഉണ്ട്. എണ്ണമയം ഒഴിവാക്കി ആവിയിൽ പാകം ചെയ്യുന്നവ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇഡ്ഡലി, ദോശ, അപ്പം, ഇടിയപ്പം, എന്നിവ കൂടാതെ ചപ്പാത്തി, പൂരി, പത്തിരി പോലുള്ളവയും ഉണ്ടാക്കുന്നു. എല്ലാറ്റിനും ഒപ്പം വെജിറ്റബിൾ കറികളാണ് തയാറാക്കി നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com