ADVERTISEMENT

ജിഎസ്ടി റജിസ്ട്രേഷനില്ലാത്ത ചെറുകിടക്കാർക്ക് വിതരണക്കാർ ചരക്ക് നൽകില്ലെന്ന തെറ്റിദ്ധാരണ മൂലം തിടുക്കപ്പെട്ട് 2017 ജനുവരിയിൽ തന്നെ ജിഎസ് ടി റജിസ്ട്രേഷൻ എടുത്തു പ്രതിസന്ധിയിലായ വ്യാപാരിയാണ് ഞാൻ. അറിവില്ലായ്മമൂലം ജിഎസ്ടി റെഗുലർ വിഭാഗത്തിൽ, അതിസമ്പന്നരായ നികുതിദാതാക്കളുടെ ഗണത്തിൽപ്പെട്ടുപോയി.

വാറ്റ് റിട്ടേൺ കൃത്യമായി ഇ–ഫയൽ ചെയ്തിരുന്ന എന്റെ വാർഷിക േടണോവർ 10 ലക്ഷം രൂപയിൽ താഴെയായിരുന്നു. ജിഎസ്ടി കൗൺസിൽ നികുതി സംവിധാനം പരിഷ്ക്കരിച്ച്, റജിസ്ട്രേഷൻ എടുക്കേണ്ട ടേണോവർ 40 ലക്ഷമായി ഉയർത്തിയതോടെ ചെറിയ വിറ്റുവരവുള്ള എനിക്ക് പ്രശ്നമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാൽ കോംപോസിഷൻ സ്കീം ഓപ്റ്റ് ചെയ്യേണ്ട സമയപരിധി കഴിഞ്ഞാണ് കാര്യങ്ങൾ ബോധ്യപ്പെട്ടത്. അതിനാൽ അതും സാധിച്ചില്ല. ഓണ്‍ലൈൻ റിട്ടേൺ സ്വന്തമായി ചെയ്യുവാനുള്ള വിവരം ഉണ്ടായിരുന്നില്ല. ജിഎസ്ടി വന്നതോടെ ടാക്സ് പ്രാക്ടീഷനേഴ്സ് അവരുടെ പ്രതിഫലം താങ്ങാനാവാത്തവിധം വർധിപ്പിച്ചു. ഓണ്‍ലൈൻ സംവിധാനമായതും തുടക്കത്തിൽ വ്യക്തമായ നിർദേശങ്ങൾ തരാൻ പ്രാദേശിക ജിഎസ്ടി ഓഫിസുകൾക്ക് കഴിയാതെ പോയതും ദുരിതം വർധിപ്പിച്ചു.

തൽഫലമായി ചെറിയൊരു വാടക മുറിയിൽ വ്യാപാരം നടത്തി ഉപജീവനം കഴിക്കുന്ന ഞാൻ ഇപ്പോൾ വിഷമാവസ്ഥയിലാണ്. 15–9–2017 ൽ ബന്ധപ്പെട്ട ഓഫിസിൽ എഴുതികൊടുത്ത അപേക്ഷ സ്വീകരിച്ചില്ല. ഓൺലൈൻ സംവിധാനമായതിനാൽ നേരിട്ട് സ്വീകരിക്കാനാകില്ലെന്നാണ് ന്യായം. 2017–2018, 2018–2019, 2019–2020 എന്നിങ്ങനെ നാളിതുവരെയുള്ള പർച്ചേസും െസയിൽസും കൃത്യമായി എഴുതി സൂക്ഷിച്ചിട്ടുണ്ട്. റിട്ടേൺ സമർപ്പിക്കാൻ തയാറുമാണ്. പിഴ ഒഴിവാക്കി ജിഎസ്ടി റജിസ്ട്രേഷൻ ക്യാൻസലാക്കുവാൻ എന്തു നടപടിയാണ് സ്വീകരിക്കേണ്ടത്?

ജോർജ് വർഗീസ്, മുണ്ടക്കയം

ഉത്തരം:

താഴെ പറയുന്ന ഏതെങ്കിലും അഡ്രസിൽ പരാതി നൽകാം.

1. Chief Commissioner, Central Taxes and Central Excise, IS press Road, Kochi.

2. Commissioner, Central Taxes and Central Excise, Press club Road, Thiruvananthapuram.

3. Commissioner, SGST Tax Towers, Karamana, Thiruvananthapuram.

നിയമം അനുസരിച്ചേ ഈ ഉദ്യോഗസ്ഥർക്കും കാര്യങ്ങൾ ചെയ്യാൻ പറ്റൂ. പരാതിയിൽ ന്യായം ഉണ്ടാകാം. പക്ഷേ നിയമത്തിൽ കാരുണ്യപൂർവ്വമുള്ള സമീപനത്തിന് വകുപ്പില്ല. ഉദ്യോഗസ്ഥർക്ക് അതിനു കഴിയുകയുമില്ല. ഇവിടെ ജിഎസ്ടി റജിസ്ട്രേഷൻ എടുത്തിട്ട് അതനുസരിച്ച് റിട്ടേൺ നൽകിയില്ല. പറയാൻ ഒട്ടേറെ ന്യായങ്ങളുണ്ടാകുമെങ്കിലും നിയമപ്രകാരം അതു തെറ്റാണ്. നിയമത്തിൽ കുറ്റത്തിനു ശിക്ഷയുണ്ട്. ഇവിടെ പലിശ, പെനാൽറ്റി, ലേറ്റ് ഫീസ് എന്നിങ്ങനെ അതു നൽകേണ്ടി വരാം.

പ്രായോഗികമായി ഇനി ചെയ്യേണ്ടത് ജിഎസ്ടി റജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുകയാണ്. അതിനുള്ള അപേക്ഷ സമർപ്പിക്കാൻ നോക്കുക. പക്ഷേ, അതു പരിഗണിക്കണമെങ്കിൽ റിട്ടേൺ സമയത്തിനു സമർപ്പിച്ചില്ലെന്ന കുറ്റത്തിനു പിഴയടയ്ക്കേണ്ടതുണ്ട്. എന്തായാലും മേൽപ്പറ‍ഞ്ഞ ഓഫീസുകളുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com