ADVERTISEMENT

സൂക്ഷ്‌മ–ചെറുകിട വ്യവസായ മേഖല നേരിടുന്ന പ്രധാന പ്രശ്‌നം വായ്‌പകൾ സമയബന്ധിതമായും, കുറഞ്ഞ പലിശയിലും ലഭിക്കുന്നില്ല എന്നതാണ്. മതിയായ തുകയും ലഭിക്കാതെ വരുന്നു.വായ്പയ്ക്ക് ഈട് നൽകാൻ കഴിയാതെ വരുന്നു. ഈട് നൽകാൻ കഴിയാത്ത പുതുസംരംഭകർ ആണ് ഏറെ വിഷമിക്കുന്നത്. ഇവർക്ക് വായ്‌പ ലഭിക്കുന്നതിനു തടസ്സം ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ പുതുസംരംഭകർക്കും നിലവിലുള്ള സംരംഭകർക്കും ഒരേ രീതിയിൽ ബാധകമാക്കുന്ന ഒരു പദ്ധതിയാണ് ക്രെഡിറ്റ് ഗാരന്റ് ഫണ്ട് (The Credit Guarantee Trust Fund Scheme for Micro and Small enter Prises CGTMSE) സംരംഭകൻ നൽകേണ്ട ഈട് സർക്കാർ നൽകുന്നു എന്നതാണ് ഇതിന്റെ സവിശേഷത.2000ത്തിൽ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭമന്ത്രാലയവും, സ്‌മാൾ ഇന്റസ്‌ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) യും ചേർന്നാണ് ഈ ട്രസ്റ്റിന് രൂപം നൽകിയിരിക്കുന്നത്.

രാജ്യത്തെ ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾ, പൊതുമേഖലാ ബാങ്കുകൾ, വിദേശ മേഖലാ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ എന്നിവ വഴി ഈ പദ്ധതി നടപ്പാക്കുന്നു. അവർ നൽകുന്ന വായ്‌പക്ക് സർക്കാര്ാണ് ഗാരന്റി കവറേജ് നൽകുന്നത്. ബാങ്കുകളെ സംബന്ധിച്ച് സുരക്ഷിതമായി വായ്‌പ നൽകുവാൻ പദ്ധതി സഹായിക്കുന്നു. വസ്തുവിന്റെ പ്രമാണം അടക്കമുള്ള രേഖകൾ പരിശോധിക്കുന്ന വലിയ ഭാരം ഒഴിവാക്കാനും കഴിയുന്നു.

വായ്‌പാ സൗകര്യങ്ങൾ

1. രണ്ടു കോടി രൂപവരെ ഈടോ മൂന്നാമന്റെ ഗാരന്റിയോ ഇല്ലാതെ തന്നെ സംരംഭവായ്‌പകൾ അനുവദിക്കുന്നു. ടേം ലോൺ വർക്കിങ് കാപ്പിറ്റൽ ലോൺ എന്നിവക്കും പദ്ധതി ബാധകമായിരിക്കുന്നു.

2. പുതിയ സംരംഭങ്ങൾക്കും, നിലവിലുള്ളവയുടെ വിപുലീകരണം, ആധുനികവൽക്കരണം, വൈവിധ്യവൽക്കരണം എന്നിവയ്ക്കും ആനുകൂല്യം ലഭിക്കുന്നു.

3. സ്ഥാപനം രോഗ ഗ്രസ്തമായാൽ പുനരുദ്ധാരണ വായ്‌പാ സൗകര്യവും ഈ പദ്ധതിയുടെ പരിധിയിൽ വരുന്നു.

4.വ്യാപാരസ്ഥാപനങ്ങളും ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റിന്റെ പരിധിയിൽ വരുന്നുണ്ട്.

5. ടേം ലോൺ, സംയുക്ത ലോൺ എന്നിവയുടെ കാലാവധി തീരുന്നതുവരെ കവറേജ് ലഭിക്കുന്നു. പ്രവർത്തനമൂലധന വായ്‌പക്ക് അഞ്ച് വർഷത്തേക്കാണ് കവറേജ്.

ബാങ്കുകൾക്ക് നൽകുന്ന ഗാരൻറി കവർ

മികച്ച ഗാരന്റി കവറേജാണ് ഈ ട്രസ്റ്റ് ബാങ്കുകൾക്ക് നൽകുന്നത്.

1. സാധാരണ സംരംഭവായ്‌പകൾക്ക് അതിന്റെ 75 ശതമാനം വരെ ഗാരന്റി കവറേജ് നൽകുന്നു.

2. 50 ലക്ഷം രൂപവരെയുള്ള വായ്‌പക്ക് 75 ശതമാനം കവറേജ്.

3. 10 ലക്ഷം രൂപവരെയുള്ള സൂക്ഷ്‌മവായ്‌പകൾക്ക് 80 ശതമാനം വരെ കവറേജ്.

4. വനിതകൾ, SC/ST നോർത്ത്– ഈസ്റ്റിലെ സംരംഭകർ എന്നിവർക്ക് 80 ശതമാനം വരെ കവറേജ് നൽകുന്നു.

5. മുതൽ, പലിശ എന്നിവ അടക്കമുള്ള തുകയ്‌ക്ക് ഈ ഗാരന്റി ലഭ്യമാണ് (മുഴുവൻ കുടിശ്ശികയും പരിഗണിക്കും)

6. മേൽ നിരക്കിലുള്ള കുടിശ്ശികകൾ വായ്‌പ നൽകിയ സ്ഥാപനത്തിന് ക്രെഡിറ്റ് ഗാരന്റി ട്രസ്റ്റ്‌ഫണ്ടിൽനിന്നും വിതരണം ചെയ്യുന്നു.

7.വിവിധപദ്ധതികളിൽ ലഭിക്കുന്ന സർക്കാർ സബ്‌സിഡികൾ, സംരംഭകന്റെ വിഹിതം എന്നിവ കൂടിചേരുമ്പോൾ യഥാർത്ഥത്തിൽ 100 ശതമാനത്തിൽ ഏറെ ഗാരന്റി കവറേജ് ലഭിക്കുവാൻ അവസരമാണ് ലഭിക്കുന്നത്.

ഫീസ് നൽകണം

ക്രെഡിറ്റ് ഗാരന്റി ഫണ്ട ് പ്രകാരമുള്ള വായ്‌പ ലഭിക്കുന്നതിന് സംരംഭകർ ഫീസ് നൽകേണ്ടതുണ്ട്. ചെറിയ ഒരു തുക മാത്രമേ ഇതിന് അധികമായി നൽകേണ്ടതുള്ളൂ.

1. വായ്‌പയുടെ സംയുക്ത വായ്‌പയുടെ ഒരു ശതമാനമാണ് ഫീസ് ആയി നൽകേണ്ടത്.

2.10 ലക്ഷം രൂപവരെയുള്ള വായ്‌പയ്‌ക്ക് 0.75 ശതമാനം വാർഷിക ഫീസ് നൽകണം. 10 ലക്ഷത്തിന് മുകളിൽ 0.85 ശതമാനം ആണ് വാർഷിക ഫീസ്.

3. ഓരോ വർഷവും ബാക്കി നിൽക്കുന്ന തുകയ്‌ക്ക് മാത്രമേ ഇതേനിരക്കിൽ ഫീസ് നൽകേണ്ടതുള്ളൂ.

സംരംഭകർക്കും ബാങ്കുകൾക്കും ഒരേ രീതിയിൽ അനുഗ്രഹമാണ് ക്രെഡിറ്റ് ഗാരന്റി ട്രസ്റ്റ് ഫണ്ട് പദ്ധതി. മുദ്രയോജന, പി.എം.ഇ. ജിപി തുടങ്ങിയ പദ്ധതികളിൽ ബാങ്കുകൾ വായ്‌പ അനുവദിക്കുന്നത് ഈ കവറേജ് ഉപയോഗപ്പെടുത്തിക്കൊണ്ടാണ്.

10 ലക്ഷം രൂപവരെയുള്ള സംരംഭ വായ്‌പകൾ ഈട് വാങ്ങാതെ വേണം അനുവദിക്കുവാൻ എന്ന് ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. അതിനു മുകളിലുള്ള തുക സംബന്ധിച്ച് യുക്തമായ തീരുമാനം എടുക്കുവാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. ഏറെ നൂലാമാലകൾ ഇല്ലാതെ ബാങ്കുകൾക്കും, സംരംഭകർക്കും ആശ്വാസം നൽകുന്ന ബൃഹത്തായ പദ്ധതിയാണ് സിജിടിഎംഎസ്‌ഇ.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com