അമേരിക്കന്‍ ചിക്കന്‍ വന്നാല്‍ കുടുംബശ്രീ കോഴികള്‍ എന്തു ചെയ്യും?

american-chicken
SHARE

അമേരിക്കയില്‍ നിന്ന് കോഴിയിറച്ചി വന്‍തോതില്‍ ഇറക്കുമതി ചെയ്യാന്‍ ഇടയാക്കുന്ന ഉടമ്പടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ കുടംബശ്രീ ചിക്കന്‍ അടക്കമുള്ള നമ്മുടെ ഉത്പാദന യൂണിറ്റുകള്‍ക്ക് എന്ത് സംഭവിക്കും? യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കോഴി ഇറച്ചി ഇറക്കുമതിയ്ക്ക് തീരുവ നിലവിലുള്ള 100 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കി കുറച്ചുകൊണ്ടുള്ള കരാറില്‍ ഇന്ത്യ വൈകാതെ ഒപ്പു വയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുളള തീരുവ 100 ല്‍ നിന്ന് കേവലം 30 ശതമാനമായി കുറയുന്നതോടെ വന്‍ വിലക്കിഴിവില്‍ ഇന്ത്യന്‍ വിപണിയില്‍ കോഴിയിറച്ചി നിറയും.

നിലവിലുള്ള കണക്കനുസരിച്ച് 40 ലക്ഷം പേരാണ് ഈ രംഗത്ത് തൊഴിലെടുത്ത് ജീവിക്കുന്നത്. തമിഴ്‌നാട്,കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഈരംഗത്ത്  ലക്ഷക്കണക്കിന് പേര്‍ തൊഴിലെടുക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി കോഴികളെ വളര്‍ത്തി കൊടുക്കുന്ന പതിനായിക്കണക്കിന് യൂണിററുകള്‍ സംസ്ഥാനത്തുണ്ട്. കാര്‍ഷിക വ്യത്തി ആദായകരമല്ലാതായി മാറിയതോടെ വരുമാനം നിലച്ച കര്‍ഷകര്‍ ഗ്രാമങ്ങളില്‍ സ്വന്തം സ്ഥലത്ത് കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ നടത്തി ഉപജീവനം നടത്തി വരുന്നു. കോഴിക്കുഞ്ഞുങ്ങളും തീറ്റയും നല്‍കി 45 ദിവസം വളര്‍ത്തി നല്‍കുന്നതിന് കിലോയ്ക്ക് ആറ് രൂപയാണ് കൂലിയായി ലഭിക്കുന്നത്. ഈ രീതിയില്‍ 5000 മുതല്‍ 20000 വരെ കോഴി വളര്‍ത്തി നല്‍കുന്ന ആയിരങ്ങളുണ്ട്. കൂടാതെ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും ഇതേ മാതൃകയില്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

കുടംബശ്രീ കൂട്ടങ്ങള്‍ക്ക് കോഴിയൊന്നിന് 7-10 രുപ നിരക്കിലാണ് വളര്‍ത്താന്‍ നല്‍കുന്നത്. ആയിരക്കണക്കിന് കുടംബശ്രീ പ്രവര്‍ത്തരാണ് ഇതിലേക്ക് ഫാമിനും മറ്റുമായി പണം മുടക്കിയിരിക്കുന്നത്. നിലവില്‍ കോഴിക്ക് ശരാശരി കിലോയ്ക്ക് നൂറു രൂപയാണ് വില്‍പ്പന വില. ഇത് 85 രുപ നിരക്കിലേക്കാക്കുന്നതിന് വേണ്ടിയാണ് കുടുംബശ്രീ സംരംഭം കേരള സര്‍ക്കാര്‍ ഒരുക്കുന്നത്. ഇതിനിടെയാണ് ലോകത്തേറ്റവും വലിയ കോഴിയിറച്ചി നിര്‍മാതാക്കളായ അമേരിക്ക ഇന്ത്യന്‍ വിപണിയിലേക്ക് വരാന്‍ ഒരുങ്ങുന്നത്. രാജ്യത്തെ ക്ഷീരകര്‍ഷകരെ അടക്കം പട്ടിണിയിലേക്ക് തള്ളിയിട്ടേക്കാവുന്ന ആര്‍ സി ഇ പി (റീജിയണല്‍ കോംപ്രിഹെന്‍സിവ് ഇക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ്) കാരാറിനെതിരെയുള്ള മുറവിളികള്‍ തുടരുന്നതിനിടെയാണ് സമാനമായ മറ്റൊരു കരാറും കൂടി വരുന്നത്. 2020 ല്‍ ആര്‍സിഇപി ഒപ്പിടാനാണ് നീക്കം നടക്കുന്നത്.ആര്‍സിഇപിയില്‍ പ്രധാന ക്ഷീരോത്പാദന രാഷ്ട്രങ്ങളായ ന്യൂസിലാന്റും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്നു.  കരാറനുസരിച്ച് തീരുവ കുറച്ച് ക്ഷീരോത്പന്നങ്ങള്‍ ഇവിടേക്ക് ഇറക്കുമതി ചെയ്യപ്പെടുകയും ഇത് രാജ്യത്തെ വിശേഷിച്ച് കേരളത്തിലെ ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കുമെന്നതാണ് പ്രധാന വിര്‍ശനം. ആസിയാന്‍ കരാര്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

English Summary: how american chicken import will affect kudumbasree

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
FROM ONMANORAMA