യൂട്യൂബ് ചാനൽ എങ്ങനെ തുടങ്ങാം, വരുമാനം എങ്ങനെ നേടാം; അറിയേണ്ട കാര്യങ്ങൾ

Mail This Article
സ്‌ത്രീ,പുരുഷഭേദമെന്യേ ഏതു പ്രായക്കാർക്കും പണ്ഡിത-പാമര വ്യത്യാസമില്ലാതെ യൂട്യൂബ് ചാനൽ തുടങ്ങാം. അതിനു വേണ്ടത് ഒരു ജിമെയിൽ വിലാസം മാത്രമാണ്. തുടങ്ങാൻ വളരെ എളുപ്പമാണ് എന്നു ചുരുക്കം. അതിനെ വിജയപാതയിലൂടെ മുന്നോട്ടു കൊണ്ടുപോകുന്നതിലാണ് വെല്ലുവിളി. എന്നാൽ അഭിരുചിയും അധ്വാനിക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ വിജയം നേടാൻ ബുദ്ധിമുട്ടില്ല.
യൂട്യൂബിന്റെ പരസ്യ വരുമാനം കിട്ടണമെങ്കിൽ നിങ്ങളുടെ ചാനലിന് ഗൂഗിൾ ആഡ് സെൻസിന്റെ അംഗീകാരം വേണം. ചാനലിന് 1000 സബ്‌സ്‌ക്രൈബേഴ്‌സും ചാനലിലെ എല്ലാ വിഡിയോകൾക്കും കൂടി 4,000 മണിക്കൂർ വാച്ച് അവേഴ്‌സും ഉണ്ടെങ്കിൽ മാത്രമേ ഇപ്പോൾ ഈ അംഗീകാരത്തിനായി അപേക്ഷിക്കാനാകൂ. വാച്ച് അവർ എന്നാൽ അത്രയും നേരമെങ്കിലും ചുരുങ്ങിയത് നിങ്ങളുടെ വിഡിയോയുടെ ഉള്ളടക്കം കാഴ്‌ചക്കാർ കണ്ടിരിക്കണം. അപേക്ഷ നൽകിയാൽ നിങ്ങളുടെ ചാനലിനെക്കുറിച്ച് പഠിച്ച് അതിന്റെ സാധ്യതകൾ മനസ്സിലാക്കിയ ശേഷമാകും ആഡ് സെൻസ് അനുമതി നൽകുക.
ചാനൽ തുടങ്ങുന്ന വിധം ഘട്ടംഘട്ടമായി പറയാം.
ഘട്ടം–1 മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാൻ നിങ്ങളുടെ കൈവശം എന്തെങ്കിലും ഉണ്ടോ? ആളുകൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അവർക്ക് മനസ്സിലാകും വിധം പറഞ്ഞുകൊടുക്കാൻ അറിയുമോ? എങ്കിൽ ധൈര്യമായി നിങ്ങൾക്ക് വിഡിയോകൾ നിർമിച്ച് ചാനൽ തുടങ്ങാം. ജിമെയിൽ ഉപയോഗിച്ച് ചാനൽ തുടങ്ങുക. ഉചിതമായ പേര് കണ്ടെത്തുക. യൂട്യൂബ് നിഷ്‌കർഷിക്കുന്ന കാര്യങ്ങളെല്ലാം പൂർത്തിയാക്കിയാൽ നിങ്ങളുടെ പേരിൽ ചാനൽ ആരംഭിക്കാം.
ഘട്ടം–2 ഇനി വിഡിയോ അപ് ലോഡ് ചെയ്യുകയാണ് വേണ്ടത്. തുടക്കത്തിൽ ഇതിനായി വിലപിടിച്ച ക്യാമറയൊന്നും വേണമെന്നില്ല. ഒരു സ്‌മാർട് ഫോണും മൈക്കുള്ള ഇയർഫോണും സെൽഫിസ്റ്റിക്കും ഉണ്ടെങ്കിൽ നിങ്ങൾ സംസാരിക്കുന്ന വിഡിയോ എടുക്കാം. ലളിതമായി വിഡിയോ എഡിറ്റിങ് ചെയ്യാവുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. ഇതിൽ കൈൻ മാസ്റ്റർ എന്ന ആപ്പ് പ്രയോജനപ്രദമാണ്. ഇതെങ്ങനെ ഉപയോഗിക്കാം എന്നതിന്റെ വിഡിയോ ട്യൂട്ടോറിയൽ യുട്യൂബിൽ തന്നെ ലഭ്യമാണ്. ഇതുപയോഗിച്ച് വിഡിയോ നിർമിച്ച് അപ് ലോഡ് ചെയ്യുക.
ഘട്ടം–3 അപ് ലോഡ് ചെയ്യുമ്പോൾ വിഡിയോയ്‌ക്ക് നല്ലൊരു ടൈറ്റിൽ നൽകണം.
ഘട്ടം– 4 അപ് ലോഡ് ചെയ്യും മുൻപ് വിഡിയോയ്‌ക്ക് വിശദമായ വിവരണം നൽകണം. നിങ്ങളുടെ വിഡിയോ കാണാൻ ശ്രമിക്കും മുൻപ് അതിൽ എന്താണ് ഉള്ളതെന്ന് അറിയാൻ ആളുകൾ ആദ്യം നോക്കുക ഈ വിവരണമായിരിക്കും. വിഡിയോ കാണാൻ ആളുകളെ പ്രേരിപ്പിക്കും വിധം വിവരണം തയാറാക്കുക.
ഘട്ടം–5 ഉചിതമായ കീവേഡ്‌സ് ഉപയോഗിച്ച് ടാഗ് ചെയ്യുക. യൂട്യൂബിൽ ഒരു വിഷയത്തെക്കുറിച്ച് വിവരം അറിയാൻ, ആളുകൾ ടൈപ്പ് ചെയ്യുന്ന വാക്കുകളാണ് കീവേഡ്‌സ്. ബിരിയാണി ഉണ്ടാക്കുന്ന വിഡിയോ ആണ് നിങ്ങൾ ചെയ്‌തത് എന്ന് കരുതുക. ബിരിയാണി ഉണ്ടാക്കുന്നതറിയാൻ ഒരാൾ ഏതൊക്കെ വാക്കുകളാകും ടൈപ്പ് ചെയ്യാൻ സാധ്യത എന്നു കണ്ടെത്തുക. അതെല്ലാം നിങ്ങൾ വിഡിയോ അപ് ലോഡ് ചെയ്യുമ്പോൾ ടാഗ് ചെയ്യുക. അപ്പോൾ അയാൾ സേർച്ച് ചെയ്യുമ്പോൾ മുന്നിൽ നിങ്ങളുടെ വിഡിയോ എത്തും.
ഘട്ടം–6 മനോഹരമായ ഒരു തമ്പ്‌നെയിൽ ഉണ്ടാക്കണം. നിങ്ങളുടെ വിഡിയോ കാണും മുൻപ് അതിലെ ഒരു ചിത്രമാകും കാഴ്‌ചക്കാരുടെ മനസ്സിലേക്ക് എത്തുക. ഇതിനെ തമ്പ്‌നെയിൽ എന്നാണ് പറയുക. വിഡിയോയുടെ ഉള്ളടക്കം എന്താണ് എന്ന് വ്യക്തമാക്കുന്ന ദൃശ്യഭംഗിയുള്ള തമ്പ്‌നെയിൽ ആണ് തയാറാക്കി ചേർക്കേണ്ടത്. ഇത്രയുമായാൽ വിഡിയോ അപ് ലോഡ് ചെയ്യാം.
അപ് ലോഡ് ചെയ്ത ശേഷം
ഇനി വേണ്ടത് ഈ ചാനലിന്റെയും വിഡിയോയുടെയും ലിങ്ക് പരിചയക്കാർക്കും മറ്റുമായി അയച്ചുകൊടുക്കുകയാണ്. നിങ്ങളുടെ ഉള്ളടക്കം പ്രയോജനപ്രദമാണ് എങ്കിൽ ഉറപ്പായും കൂടുതൽ കാഴ്‌ചക്കാർ നിങ്ങളെ തേടിവരും.
അതിനായി ക്ഷമയോടെ കാത്തിരിക്കണം. ആദ്യ വിഡിയോയുടെ വിജയത്തിനായി കാത്തിരിക്കാതെ എത്രയും വേഗം അടുത്ത വിഡിയോ അപ് ലോഡ് ചെയ്യുക. വീഡിയോകൾക്കിടയിൽ എത്രസമയം ഇടവേള വേണം എന്ന് ആദ്യമേ തീരുമാനിക്കുക. ആ ഇടവേള കൃത്യമായി പാലിക്കുക.
യൂട്യൂബിൽ വിജയം വരിക്കാൻ എന്തൊക്കെ ചെയ്യണം?
ചിട്ടയായി ചെയ്‌താൽ യൂട്യൂബ് വ്ലോഗിങ്ങിലെ വഴികൾ ലളിതവും അനായാസവുമാണ്. ചിട്ട തെറ്റിച്ചാൽ അത് ഏറ്റവും ദുർഘടമാകും. യൂട്യൂബിന്റെ നിയമങ്ങൾ കർക്കശമാണ്. അത് തെറ്റിച്ചാൽ അവർ ചാനൽ ടെർമിനേറ്റ് ചെയ്യും. യൂട്യൂബേഴ്‌സാകാൻ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
1. ഏതു വിഷയത്തെക്കുറിച്ചും വ്ലോഗ് തുടങ്ങാം. ഇപ്പോൾ ട്രെൻഡായ വിഷയങ്ങൾ തന്നെ വേണമെന്നില്ല. നിങ്ങൾക്ക് അറിവും അഭിരുചിയുമുള്ള വിഷയം ഏതാണ്? നിങ്ങൾ ഒരു ഡോക്ടറാണോ, ചികിത്സയെക്കുറിച്ച് സംസാരിക്കൂ. നിങ്ങൾ വക്കീലാണോ, പറയുന്നത് നിയമവശങ്ങളാകട്ടെ. ഒരു നേഴ്‌സാണോ നിങ്ങൾ, എങ്കിൽ രോഗപരിചരണമാകട്ടെ വിഷയം. അധ്യാപകന് വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന വിഡിയോ തയാറാക്കാം. ഒരു ടൈൽസ് പണിക്കാരന് തറ പരിപാലിക്കുന്നതും ടൈൽസിന് ആയുസ് കൂട്ടുന്നതുമായ കാര്യങ്ങൾ വിഡിയോ ആക്കി ഇടാം. ഒരു ഡ്രൈവർക്ക് ഡ്രൈവിങ് ടിപ്‌സും, ഇന്ധനം ലാഭിക്കാനുള്ള വഴികളും പറഞ്ഞുകൊടുക്കാം. പ്ലംബറാണെങ്കിൽ പ്ലംബിങ് ജോലികൾ എങ്ങനെ ഒരാൾക്ക് സ്വയം ചെയ്യാമെന്ന് വിഡിയോയിലൂടെ പറഞ്ഞുകൊടുക്കുന്ന വിഡിയോ ആകാം. അതായത് നിങ്ങൾ ആരാണോ, പരിചയമുള്ള മേഖല ഏതാണോ, അതിൽനിന്നുതന്നെ ആദ്യം തുടങ്ങാം. ലോകത്തെ ആദ്യത്തെ പ്ലംബിങ് ചാനൽ നിങ്ങളുടേതാകട്ടെ. വീട്ടിലെ പൈപ്പ് പൊട്ടിയാൽ ആദ്യം പ്ലംബറെ വിളിക്കും മുൻപ് ആളുകൾ നിങ്ങളുടെ ചാനലിലേക്ക് വരട്ടെ. ആളുകളുടെ നിത്യജീവിതത്തിലെ ആവശ്യങ്ങളും ആവലാതികളും പ്രശ്‌നങ്ങളും വ്ലോഗാക്കി നോക്കൂ.
2. തുടക്കം എത്ര ലളിതമാക്കാമോ അത്രയും ലളിതമാക്കുക. മുടക്കുമുതൽ പരമാവധി കുറയ്‌ക്കുക. ചെയ്‌തു ചെയ്‌ത് പരിശീലിക്കുക. നല്ല ആത്മവിശ്വാസം കിട്ടിത്തുടങ്ങിയശേഷം കൂടുതൽ ഉപകരണങ്ങൾ വാങ്ങി വിഡിയോയുടെ മികവും ഗുണമേന്മയും കൂട്ടാം.
3. മറ്റുള്ളവരുടെ വിജയം കണ്ട് അനുകരിക്കാൻ നിൽക്കേണ്ട. എല്ലാം എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ് എന്നത് മറക്കേണ്ട.
4. നിലവിലുള്ള ജോലി ഉപേക്ഷിച്ച് വ്ലോഗിങ്ങിലേക്ക് പോകേണ്ട. ഒഴിവുസമയം മാത്രം തുടക്കത്തിൽ ഇതിനായി ഉപയോഗിക്കുക. വിജയലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ വേണമെങ്കിൽ ഫുൾടൈമർ ആകാം.
5. പണമുണ്ടാക്കാൻ വേണ്ടി മാത്രമായി ഈ രംഗത്തേക്ക് വരാതെ നല്ലത് ചെയ്യാനായി, ആളുകളുടെ ജീവിതത്തിൽ ഒരു വ്യത്യാസം
ഉണ്ടാക്കാനായി വ്ലോഗറാകൂ. ആളുകൾ നിങ്ങളെ തിരിച്ചറിയും. വിജയം സുനിശ്ചിതമാകും.